കൗണ്‍സിലര്‍മാര്‍ക്കായി 15 ലക്ഷത്തിന്റെ എ.സി മുറി പാലാ നഗരസഭാ യോഗത്തില്‍ ബഹളം; വിഷയം മാറ്റി വച്ചു
പാലാ: മുനിസിപ്പല്‍ ഓഫീസ് നവീകരണത്തിന്റെ മറവില്‍ 15 ലക്ഷം രൂപാ മുടക്കി കൗണ്‍സിലര്‍മാര്‍ക്കായി എസി മുറി സജ്ജീകരിക്കാനുള്ള നീക്കത്തെ ചൊല്ലി ഇന്നലെ വൈകിട്ട് ചേര്‍ന്ന പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷാംഗങ്ങള്‍ തമ്മിലും ബിജെപി കൗണ്‍സിലറുമായും രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്നു.
നഗരസഭയുടെ 2017-18 വര്‍ഷിക പദ്ധതിയില്‍പെടുത്തിയാണ് കൗണ്‍സിലര്‍മാര്‍ക്ക് മുറി സജ്ജീകരിക്കാന്‍ തുക നീക്കിവച്ചത്. എന്നാല്‍ കേവലം ആറ് കൗണ്‍സിലര്‍മാര്‍ക്ക് മാത്രം ഇരിക്കാവുന്ന മുറി 15 ലക്ഷം രൂപയുടെ ദൂര്‍ത്തില്‍ പണിയുന്നത് ഒരിക്കലും ന്യായീകരിക്കാനാവല്ലെന്ന് പറഞ്ഞ് അഡ്വ. ബിനു പുളിക്കകണ്ടമാണ് ആദ്യം എതിര്‍പ്പ് ഉയര്‍ത്തിയത്. ഈ നടപടിയില്‍ നിയമപരമായ പിശുകുകള്‍ ഉണ്ടെന്ന് ഭരണപക്ഷത്തെ തോണി തോട്ടം ചൂണ്ടിക്കാട്ടി.
നിയമം പാലിക്കാതെ ഈ ജോലിക്കായി മുന്‍കൂര്‍ പണം നല്‍കിയതി ശരിയായില്ലെന്നും ഇനിയും കൂടുതല്‍ തുക ഇതിനായി ചെലവഴിച്ചാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വന്നേക്കാമെന്നും വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പറഞ്ഞു. എന്നാല്‍ മുന്‍പ് രണ്ട് തവണ കൗണ്‍സില്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഓഫീസ് നവീകരണത്തിന് തീരുമാനമെടുത്തതെന്നും അന്ന് എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ പണി തുടങ്ങാനിരിക്കെ എതുര്‍പ്പുമായി രംഗത്ത് വന്നത് ദുരൂഹമാണെന്നും ഭരണപക്ഷത്തെ ബിജു പാലൂപ്പടവന്‍ പറഞ്ഞു.
കൗണ്‍സിലര്‍മാര്‍ക്ക് വിശ്രമിക്കാന്‍ മുറി അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധികളായ പ്രൊഫ. സതീഷ് ചൊള്ളാനിയും, മിനി പ്രിന്‍സും പറഞ്ഞു. 15 ലക്ഷം രൂപാ മുടക്കി എസി മുറി പണിയന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷത്ത് പ്രസാദ് പെരുമ്പള്ളി പറഞ്ഞു. എന്നാല്‍ ഒരു പദ്ധതി തുടങ്ങിയ ശേഷം അത് വേണ്ടന്ന് വെയ്ക്കുന്നത് ശരിയല്ലെന്നും തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ തിരുത്തുകയാണ് വേണ്ടതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഇതേചൊല്ലി ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം മൂര്‍ഛിച്ചതോടെ വിഷയം മാറ്റിവെച്ചതായി ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സെലിന്‍ റോയി തകടിയേല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."