മുതലക്കോടം ടൗണില്‍ ശുചിമുറി മലിനജലം ഒഴുക്കുന്നത് ഓടയിലേക്ക് നടപടിയുമായി നഗരസഭ
തൊടുപുഴ: മുതലക്കോടം ടൗണില്‍ നാട്ടുകാരെ ദുരിത്തിലാക്കി കെട്ടിടം ഉടമകള്‍. ഓടയിലേക്ക് ശുചിമുറി മാലിനജലം ഒഴുക്കിയ കെട്ടിടം ഉടമയ്‌ക്കെതിരെ നടപടിയുമായി നഗരസഭ ആരോഗ്യവിഭാഗം രംഗത്തെത്തി.
നഗരസഭയിലെ ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ഇന്നലെ നടന്നു വരികയായിരുന്നു. മുതലക്കോടം പള്ളിക്കു സമീപം സ്ലാബുകള്‍ മാറ്റി ഓട വൃത്തിയാക്കുന്നതിനിടെയാണ് ആറ് ഇഞ്ച് വലിപ്പത്തില്‍ പൈപ്പ് കണക്ഷന്‍ ഓടയിലേക്കു വന്നിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പെപ്പ് കണക്ഷന്‍ സമീപത്തെ കെട്ടിടത്തില്‍ നിന്നാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഉടമസ്ഥനെ വിളിച്ച് ചോദ്യം ചെയ്തു. പൈപ്പ് കണക്ഷന്‍ ഇട്ടിരിക്കുന്നത് മഴവെള്ളം ഒഴുകിപ്പോകാനാണെന്നായിരുന്നു ഉടമയുടെ വാദം. എന്നാല്‍ ഈ കടുത്ത വേനലിലും പൈപ്പില്‍ നിന്ന് മലിനജലം ഒഴുകുന്നത് കണ്ടെത്തിയതിനാല്‍ ഉടമസ്ഥനെതിരെ അധികൃതര്‍ നടപടി എടുക്കുകയായിരുന്നു. കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എവിടെ നിന്നാണ് മലിനജലം ഒഴുക്കിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് അധികൃതര്‍ ഓടിയിലേക്കുള്ള പൈപ്പ് കണക്ഷന്‍ സിമന്റ് ഉപയോഗിച്ച് അടച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.ഇവിടുത്തെ ചില കെട്ടിടങ്ങളില്‍ നിന്ന് ഓടയിലേക്ക് ഒഴുക്കുന്ന മലിനജലം സമീപത്തെ തോട്ടിലേക്ക് എത്തുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് കക്കൂസ് മാലിന്യം അടക്കം തോട്ടില്‍ നിക്ഷേപിക്കുന്നതിനെതിരേ വീട്ടമ്മമാര്‍ തെരുവിലിറങ്ങിയത് അടുത്തിടെയാണ്. ഇത് തൊടുപുഴ - മുതലക്കോടം ഉടുമ്പന്നൂര്‍ റോഡില്‍ ഗതാഗതം തടസപ്പെടാന്‍വരെ ഇടയാക്കിയിരുന്നു.
സമാനമായ പ്രശ്‌നമാണ് ഇന്നലെയും മുതലക്കോടത്തുണ്ടായത്. ഓടയില്‍ നിന്ന് മലിനജലം തോട്ടിലേക്ക് ഒഴുകിയെത്തുന്നതുമൂലം വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണെന്നു നാട്ടുകാര്‍ പറയുന്നു. രണ്ടുപാലം നിവാസികളായ നിരവധി കുടുംബങ്ങള്‍ കൂളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റുമായി ആശ്രയിക്കുന്ന തോടാണ് ഇത്തരത്തില്‍ മലിനമാവുന്നത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും മാലിന്യ സംസ്‌ക്കരണത്തിനു നടപടി സ്വീകരിക്കാതെ കെട്ടിട ഉടമകള്‍ ധിക്കാരപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
കര്‍ശന നടപടികള്‍ കൈക്കൊള്ളാത്ത നഗരസഭ അധികൃതര്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്. വേനല്‍ കടുത്തതോടെ മേഖലയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. ആകെയുള്ള തോടുകൂടി മലിനമാവുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."