ആലത്തൂര്‍ ദേശീയ മൈതാനിയില്‍ മരം മുറിച്ച് നടത്തുന്ന നിര്‍മാണം കോടതി തടഞ്ഞു
ആലത്തൂര്‍: ദേശീയ മൈതാനിയില്‍ മരം മുറിച്ച് നടത്തുന്ന നിര്‍മാണം കോടതി തടഞ്ഞു. പക്ഷിസങ്കേതമായ ആല്‍മരങ്ങളുടെ കൊമ്പുകള്‍ വെട്ടിമാറ്റിയുള്ള പ്രവര്‍ത്തിയെ ചോദ്യം ചെയ്ത് ആലത്തൂരിലെ പരിസ്ഥിതി സംഘടന നല്‍കിയ കേസിലാണ് നടപടി. എം.എല്‍.എ ഫണ്ടില്‍ 20 ലക്ഷം ചെലവഴിച്ചാണ് ദേശീയ മൈതാനിയില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ജില്ലാ നിര്‍മിതികേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
മൈതാനിയിലെ പക്ഷിസങ്കേതമായ ആല്‍മരങ്ങള്‍ നശിപ്പിക്കരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട പരിസ്ഥിതി സംഘടന എം.എല്‍.എക്ക് ഒരു വര്‍ഷം മുമ്പ് കത്ത് നല്‍കിയിരുന്നു. മരത്തിന്റെ ഒരു ഭാഗവും മുറിക്കാതെയുള്ള നിര്‍മാണം മാത്രമേ നടത്തുകയുള്ളു എന്ന് എം.എല്‍.എ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ അത് ലംഘിച്ചുകൊണ്ടാണ് ആയിരകണക്കിന് പക്ഷികള്‍ അധിവസിക്കുന്ന മൈതാനിയിയിലെ ആല്‍മരങ്ങളുടെ വലിയ കൊമ്പുകള്‍
ജനുവരി 17ന് അര്‍ധരാത്രി ആരും അറിയാതെ വെട്ടി മാറ്റിയത്. ഈ പ്രവര്‍ത്തിയാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനിടയാക്കിയത്. റവന്യൂ പുറമ്പോക്കാണ് ദേശീയ മൈതാനം. അവിടത്തെ ആല്‍മരങ്ങളുടെ തണലില്‍ പകല്‍ വാഹനങ്ങള്‍ നിര്‍ത്തുകയും, ആളുകള്‍ വിശ്രമിക്കുകയും, രാത്രിയായാല്‍ ആയിരകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രവുമാണ് മൈതാനം. ആലത്തൂര്‍ താലൂക്കാശുപത്രിയിലേക്കും, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലേക്കുമുള്ള റോഡും മൈതാനത്തിന്റെ വശത്തു കൂടിയാണുള്ളത്. കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ സമീപത്താണ് മൈതാനമെന്നതിനാല്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ ഭാഗത്ത് കോടതി നിരോധിച്ചതാണ്. അങ്ങിനെയുള്ളിടത്ത് എന്തിനാണ് സ്റ്റേഡിയമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. മൈതാനം നിലവിലുള്ള രീതിയില്‍ ഉപയോഗിക്കുന്നതിന് ഒരു വിഷമവുമില്ലെന്നിരിക്കെ നിര്‍മാണ പ്രവര്‍ത്തികള്‍ എന്തിനെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ചതിലൂടെ പക്ഷികളുടെ ആവാസ കേന്ദ്രം തകരുകയായിരുന്നു. റവന്യൂ പുറമ്പോക്ക് സംരക്ഷിക്കണമെന്നും റവന്യൂ വനം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018 ജനുവരി 16ലെ എ 3 27018 നമ്പര്‍ ഉത്തരവ് പ്രകാരം പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായാണ് ആല്‍ മരത്തിന്റെ ശാഖകള്‍ മുറിച്ചു മാറ്റിയതെന്ന മുപടിയാണ് നിര്‍മിതികേന്ദ്രയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നല്‍കിയത്. റവന്യൂ പുറമ്പോക്കില്‍ പഞ്ചായത്തിന് നിര്‍മാണം നടത്താന്‍ എന്തവകാശമാണുള്ളതെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു.
ഇതിനെ തുടര്‍ന്നാണ് ആലത്തൂരിലെ ഭാരത് സേവക് സമാജ് പ്രകൃ തി പഠന സംരക്ഷണ കൗണ്‍സില്‍ എന്ന സംഘടന ആലത്തൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആല്‍മരത്തിന് കോട്ടം തട്ടുന്ന രീതിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തിയും നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടും നിലവിലെ സ്ഥിതി മനസിലാക്കാന്‍ കമ്മിഷനെ നിയോഗിച്ചുമാണ് ആലത്തൂര്‍ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."