ചൂട് കൂടി: സജീവമായി ശീതളപാനീയ വിപണി
കഞ്ചിക്കോട്: ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെ ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ ശീതള പാനീയ വിപണിയും സജീവമായി. ചൂടിന്റെ ഉശിരുകാട്ടി കുംഭം പിറന്നതോടെ വഴിയോരങ്ങള്‍ ശീതളപാനീയക്കടകളായി മാറിയിരിക്കുകയാണ്. പെട്ടിക്കടകളില്‍ നാരങ്ങ സോഡയുമാണെങ്കില്‍ കോട്ടമൈതാനം പരിസരത്ത് പഴവിപണി സജീവമാണ്.
പാലക്കാടിന്റെ ഫ്രൂട്ട് സിറ്റിയെന്നറിയപെടുന്ന കോട്ടമൈതാനത്ത് പഴങ്ങളുടെയും വില്‍പ്പന മാത്രമല്ല ദാഹമകറ്റാനെത്തുന്നവരുമേറെയാണ്. ശീതളപാനീയങ്ങള്‍ക്കു പുറമെ കുപ്പിവെള്ളവിപണിയും സജീവമായിരിക്കുകയാണ്. നിലവാരം കുറഞ്ഞതും വിലകുറഞ്ഞതുമായ കുപ്പിവെള്ളങ്ങളും അതിര്‍ത്തി കടന്നെത്തുന്നുണ്ട്.
നൊങ്ക് തിന്നണമെങ്കില്‍ കോട്ടമൈതാനത്തു തന്നെ വരണം. നേരത്തെ ഒരു നൊങ്കിന് 5 രൂപയു 5 നൊങ്കിന് 20 രൂപയുമായിരുന്നപ്പോള്‍ വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ നൊങ്കിന്റെ ദൗര്‍ലഭ്യത മൂലം ഒരു നൊങ്കിന് 6-7 രൂപ വരെയെത്തിനില്‍ക്കുകയാണ്.
ജില്ലയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന നൊങ്കുകള്‍ സമീപകാലത്തായി തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ അയല്‍ ജില്ലകളിലേക്ക് പോകുന്നതാണ് നൊങ്കിന് വിലകൂടാന്‍ കാരണമെന്നും വ്യാപാരികള്‍ പറയുന്നു.
ഇതിനെല്ലാം പുറമെ കുലുക്കി സര്‍ബത്തും ഹണിഗ്രേപ്പിനും ലെസ്സിക്കും ആവശ്യക്കാരേറുമ്പോള്‍ നാടന്‍ മോര് കുടിക്കുന്നവരുടെ എണ്ണത്തിനും കുറവില്ല.
ശീതളപാനീയ വിപണി പൊടിപൊടിക്കുമ്പോള്‍ ഇവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെയോ ഐസിന്റെയോ ഗുണനിലവാരം പരിശോധനകള്‍ പ്രഹസനമാണ്. വെയിലത്ത് വാടിത്തളരുന്ന മനുഷ്യര്‍ക്ക് ദാഹമകറ്റാന്‍ നല്‍കുന്ന ശീതളപാനീയങ്ങള്‍ പിന്നീട് മാരകരോഗത്തിന്റെ വാഹകരാവുകയാണെന്നതില്‍ സംശയമില്ല.
തമിഴ്‌നാട്ടില്‍ നിന്നാണ് ജില്ലക്കാവശ്യമായ പഴങ്ങള്‍ വരുന്നതെന്നിരിക്കെ പഴവിപണിയിലും വിഷം വര്‍ദ്ധിച്ചിരിക്കുകയാണ്.
കാലവര്‍ഷം കനിയാത്ത നെല്ലറയില്‍ കുംഭചൂട് കഴിഞ്ഞാലും വേനലില്‍ ദാഹമകറ്റാന്‍ പാടുപെടുന്നവര്‍ നഗരത്തിലെ കാഴ്ചകളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."