കടലാസ് വിത്തുപേന നിര്‍മാണ പരിശീലനവുമായി ആലത്തൂര്‍ ബഡ്‌സ് സ്‌കൂള്‍
ആലത്തൂര്‍: കടലാസ് പേനയെന്നത് പ്ലാസ്റ്റിക്കിനെതിരായ ഒരു മുന്നേറ്റം മാത്രമല്ല. ഉപയോഗത്തിനു ശേഷം വലിച്ചെറിയപ്പെടുമ്പോള്‍ പൊട്ടി മുളക്കുന്ന വിത്തു കൂടിയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം കൂടിയാണിവിടെ തളിര്‍ക്കുന്നത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ അതിജീവനത്തിന്റെ പുതിയൊരു പാതയിലാണ്. ശരീരത്തിന്റെയും മനസിന്റെയും പരിമിതികളെ മറികടക്കാനുള്ള സമരഭൂമികയില്‍ പ്ലാസ്റ്റിക് വിപത്തിനെതിരായ എളിയ പരിശ്രമം .ഒപ്പം പ്രകൃതിക്കും പരിസ്ഥിതിക്കുമായി കൈയ്യൊപ്പു ചാര്‍ത്തലും.
പത്ര മാസികളുടെ കടലാസാണ് പേപ്പര്‍പേനയുടെ പ്രധാന ഘടകം. പശ തേച്ച കടലാസില്‍ റീഫില്‍ വച്ച് തെറുത്ത് എടുത്താല്‍ പേന റെഡി. പേനയുടെ മുകളില്‍ പച്ചക്കറിയുടെയോ ഫലവൃക്ഷങ്ങളുടെയോ വിത്ത് നിക്ഷേപിച്ച് ഒട്ടിക്കും. അടപ്പും കടലാസില്‍ തീര്‍ക്കും. റീഫില്‍ മാത്രമാണ് പ്ലാസ്റ്റിക് സാന്നിധ്യം. വര്‍ക് ഷീറ്റിനുള്ള വര്‍ണ കടലാസ് ഉപയോഗിച്ച് പലവര്‍ണങ്ങളില്‍ പേന നിര്‍മിക്കാം. ഉപയോഗ ശേഷം പേന കുഴിച്ചിട്ടാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തൈ മുളക്കും. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്കായതിനാല്‍ റീഫില്‍ ഊരിയെടുത്താല്‍ സംസ്‌കരിക്കാനുമാകും.
ഒറ്റപ്പാലത്തെ ഹാന്‍ഡികോര്‍പ്‌സ് എന്ന സന്നദ്ധ സ്ഥാപനമാണ് പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നത്. കുടയും എല്‍.ഇ.ഡി ബള്‍ബും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഭിന്ന ശേഷിക്കാരെ പ്രാപ്തരാക്കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനമന്ന് മുഖ്യ പരിശീലകന്‍ ശിവമണി പറഞ്ഞു. കടലാസ് പേനക്ക് മികച്ച വിപണന സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ എന്‍.ജി.ഒ യൂനിയന്റെയും സി.പി.ഐയുടെയും ജില്ല സമ്മേളന പ്രതിനിധികള്‍ക്ക് കടലാസ് പേനയാണ് നല്‍കിയത്.
ആലത്തൂര്‍ ബഡ്‌സ് സ്‌കൂളില്‍ ഇരുപതിലേറെ ഭിന്നശേഷിക്കാരായ കുട്ടികളാണ് പഠിക്കുന്നത്. ഇവര്‍ക്കും മാതാപിതാക്കള്‍ക്കുമാണ് ഇപ്പോള്‍ പരിശീലനം നല്‍കിയത്. ഗ്രാമപഞ്ചായത്തിന്റെയും വ്യകതികളുടെയും ധനസഹായം കൊണ്ട് മാത്രം സ്ഥാപനത്തിന് മുന്നോട്ടു പോകാനാകില്ല. കടലാസ് പേന നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള ശ്രമമമാണ്. ഫിനോയിലും സോപ്പുപൊടിയും ഹാന്‍ഡിക്രാഫ്റ്റ് ഉല്‍പന്നങ്ങളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, പ്രതിമാസ വൈദ്യപരിശോധന, ശാരീരിക മാനസിക ശേഷി വികസിപ്പിക്കല്‍, പോഷകാഹാരം ഉറപ്പാക്കല്‍, ശരീരവും വസ്ത്രവും വെടിപ്പാക്കി സൂക്ഷിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. സ്‌പെഷ്യല്‍ ബി.എഡ് അധ്യാപികയും ആയമാരും ഇവിടെയുണ്ട്. തെറാപ്പിസ്റ്റുകളുടെയും ഡോക്ടര്‍മാരടെയും സേവനം പതിവായുണ്ട്. കുട്ടികളെ പകല്‍ സമയം മാത്രമാണ് സ്‌കൂളില്‍ പരിപാലിക്കുക. വീട്ടില്‍ നിന്നു കൊണ്ടുവരികയും തിരികെ എത്തിക്കുകയും ചെയ്യും.
വടക്കഞ്ചേരി ജെന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ആലത്തൂര്‍ ഡയമണ്ട് ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ എന്നിവയുടെ സഹകരണം ലഭ്യമായിരുന്നു. ജോബ് ജെ.നെടുങ്കാടന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കബീര്‍ അധ്യക്ഷനായി. ആര്‍. രമ്യ, ശിവമണി, സന്ധ്യ അനില്‍, ഡോ. സന്തോഷ്, സാജു സെബാസ്റ്റിയന്‍, അനില്‍, രജനി, ബിന്ദു, അയന, മോഹനന്‍, സുധ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."