ജലസംഭരണി നിര്‍മാണം പുരോഗമിക്കുന്നു
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്ത് ഓഫീസിനരികെ മഴവെള്ള കൊയ്ത്തിനുളള സംഭരണിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2017-18 വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍ നിന്നു ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തിയാണു ജില്ലക്കു മാതൃകയായി മഴവെള്ളം കുടിവെള്ളമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഓഫീസ് കെട്ടിടങ്ങളുടെ മുകളില്‍ പെയ്യുന്ന മഴവെള്ളം ശുചീകരിച്ചാണു സംഭരണിയിലേക്കു എത്തിക്കുക. ഒരു ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ ശുദ്ധജലം സംഭരിക്കാനാകും. ഒമ്പത് മീറ്റര്‍ നീളവും ആറര മീറ്റര്‍ വീതിയും, രണ്ടേമുക്കാല്‍ മീറ്റര്‍ ആഴവും ഇതിനുണ്ട്. സംഭരണി നിറയുന്നത് അനുസരിച്ച് പഞ്ചായത്ത് ഓഫീസ് ടാങ്കിലേക്കു പമ്പു ചെയ്യും. ഇപ്പോള്‍ ഈ ടാങ്കിലേക്കു പമ്പു ചെയ്യുന്നത് പഞ്ചായത്തിലെ കുഴല്‍ കിണറില്‍ നിന്നാണ്. സംഭരണിയില്‍ നിന്നു മേച്ചരിപ്പടി, തണ്ടഴിപ്പാടം, മുപ്പട്ടിത്തറ, മുനമ്പ് , കാളിയേമാക്കല്, മണ്ണാന്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കു വെള്ളം നല്‍കാനാകും. ഇതടക്കം പതിമൂന്നു ശുദ്ധജല പദ്ധതികള്‍ പഞ്ചായത്തിനുണ്ട്. ഇവയുടെ പൈപ്പു ലൈനുകള്‍ നവീകരിച്ചു കുടിവെള്ളം ഹൗസ് കണക്ഷനായി നല്കുന്നതിനു അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ബി.പി.എല്‍ വിഭാഗത്തിനു സബ്സിഡി നല്‍കും. മറ്റു രണ്ടു മഴവെള്ള സംഭരണിയുടെ പണികള്‍ പൂര്‍ത്തിയാക്കി. മുനമ്പ് കോളനിയില്‍ അറുപതിനായിരം ലിറ്ററിന്റേയും തൊയക്കാവ് കുണ്ടഴിയൂര്‍ കുടുംബ ക്ഷേമ ഉപകേന്ദ്രത്തില്‍ ഇരുപതിനായിരം ലിറ്ററിന്റേയുമാണിത്. ജലധാര പദ്ധതി പ്രകാരമാണു ഇതു നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."