ഒരു മാസത്തിനിടെ മണ്ണിട്ടു നികത്തിയത് ഏക്കര്‍ കണക്കിനു നെല്‍വയലുകള്‍
പുതുക്കാട് : മേഖലയിലെ സംരക്ഷിത തണ്ണീര്‍ത്തടമായ കോന്തിപുലം പാടശേഖരം, തലോര്‍ കായല്‍ തോട്, നന്തിക്കര പാടം എന്നിവിടങ്ങളിലുള്ള പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നു. ഒറ്റ രാത്രി കൊണ്ടു പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്താന്‍ ക്വട്ടേഷന്‍ എടുക്കുന്ന മണ്ണു മാഫിയകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുന്നുകള്‍ ഇടിച്ചു നിരത്തുന്ന മണ്ണാണു പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശമില്ലാത്തതും വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ മണ്ണെടുപ്പ് സംഘങ്ങള്‍ക്കു പ്രചോദനമാകുന്നുണ്ട്.
പൊലിസിനും ജിയോളജി വകുപ്പിലെ ഉന്നതര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം നല്‍കിയാണു മണ്ണെടുപ്പ് നടത്തുന്നതെന്നു പരസ്യമായി വിളിച്ചു പറഞ്ഞാണു രാത്രികാലങ്ങളില്‍ സംഘം മണ്ണെടുപ്പു നടത്തുന്നത്. പണം കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ മണ്ണെടുപ്പു തടയാന്‍ വരില്ലായെന്ന ഉറപ്പു നല്‍കുന്നതോടെ മണ്ണ് മാഫിയകളുടെ വിളയാട്ടമാണു മേഖലയില്‍ നടക്കുന്നത്. അര്‍ദ്ധരാത്രി ആരംഭിക്കുന്ന മണ്ണെടുപ്പ് പുലര്‍ച്ചെവരെ നീളും . ഇതിനിടയില്‍ നൂറു കണക്കിനു ടിപ്പര്‍ ലോറികളിലായി കൊണ്ടു പോകുന്ന മണ്ണ് പാടശേഖരങ്ങളില്‍ എത്തിയിട്ടുണ്ടാകും.
ഒരു രാത്രി കൊണ്ടു കുന്നുകള്‍ അപ്രതീക്ഷമാകുന്നതോടൊപ്പം തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുന്ന കാഴ്ചയാണു കണ്ടുവരുന്നത്. ഇടവഴികളിലൂടെയും ദേശീയപാതയിലൂടെയും മണ്ണുമായി മരണപാച്ചില്‍ നടത്തുന്ന ടിപ്പര്‍ ലോറികള്‍ക്കു തടയിടാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ എത്താത്തത്, ഇവര്‍ക്കു പണം നല്‍കിയെന്ന മണ്ണെടുപ്പ് സംഘങ്ങളുടെ ആരോപണങ്ങള്‍ക്ക് അടിവരയാവുകയാണ്.
ഒരു മാസത്തിനിടെ മേഖലയില്‍ ഇത്രയേറെ തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി നികത്തിയിട്ടും ഇതിനുപയോഗിച്ച ഒരു വാഹനം പോലും പൊലിസിനു പിടികൂടാന്‍ കഴിയാത്തതു മണ്ണ് മാഫിയകളും പൊലിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണമുണ്ട്. മണ്ണെടുക്കേണ്ട സ്ഥലങ്ങളും നികത്തേണ്ട പാടശേഖരങ്ങളും കണ്ടെത്താന്‍ മണ്ണു മാഫിയകള്‍ ഇടനിലക്കാരെയാണു നിയമിക്കുന്നത്. രണ്ടു സ്ഥലങ്ങളുടെയും ഉടമകളുമായി ധാരണയിലെത്തുകയും ഒരു രാത്രി കൊണ്ടു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിലും വന്‍തുക കൈമാറിയാണു മണ്ണെടുപ്പും നികത്തലും നടത്തുന്നത്.
നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ കര്‍ശന നടപടിക്കു മുതിരാത്തതും മണ്ണെടുപ്പ് സംഘങ്ങളുടെ ലാഭം ഇരട്ടിയാക്കുന്നു. പുതുക്കാട് കാഞ്ഞൂര്‍ റോഡിലും ചെങ്ങാലൂര്‍ മാട്ടുമലയിലുമാണ് ഇപ്പോള്‍ മണ്ണെടുപ്പു തകൃതിയായി നടക്കുന്നത്. ഇവിടെ നിന്നും കൊണ്ടു പോകുന്ന മണ്ണാണു പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. തലോര്‍ കായല്‍ തോട്ടില്‍ 40 സെന്റും കോന്തിപുലം പാടശേഖരത്തില്‍ 50 സെന്റും നന്തിക്കര, ചെങ്ങാലൂര്‍, വരന്തരപ്പിള്ളി ഇടങ്ങളില്‍ ഹെക്ടര്‍ കണക്കിനു നെല്‍വയലുമാണു മണ്ണിട്ടു നികത്തി രൂപമാറ്റം വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകളിലെ പോരായ്മകള്‍ മുതലെടുത്തു തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും കുന്നുകളും നാമവശേഷമാക്കുന്ന മണ്ണുമാഫിയ സംഘങ്ങള്‍ക്കു കാവലാളാകുന്ന ഉദ്യോഗസ്ഥര്‍ കണ്ണുതുറന്നു പ്രവര്‍ത്തിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."