പള്ളിയില്‍ കണ്ടെത്തിയ നിലവിളക്ക് കുടുംബ ക്ഷേത്രത്തിലേത്
ചാവക്കാട്: തിരുവത്ര പള്ളിക്കു മുകളില്‍ മോഷ്ടാവ് ഉപേക്ഷിച്ച തൊണ്ടി മുതല്‍ കൗക്കാനപ്പെട്ടി കുടുംബ ക്ഷേത്രത്തിലെ നിലവിളക്കുകള്‍. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡില്‍ താഴത്തെ പള്ളിയില്‍ കിടന്നുറങ്ങുകയും പള്ളി ജീവനക്കാരനെ കബളിപ്പിച്ച് രക്ഷപെടുകയും ചെയ്ത മോഷ്ടാവ് പള്ളിക്കു മുകളില്‍ ഒളിപ്പിച്ച അഞ്ച് നിലവിളക്കുകളും വടക്കേക്കാട് കൗക്കാനെപ്പട്ടി സ്വദേശി പെരിങ്ങാട്ട് ചന്ദ്രന്റെ കുടുംബ ക്ഷേത്രത്തില്‍ നിന്ന് കളവു പോയത്.
മോഷ്ടാവ് ഉപയോഗിച്ച സൈക്കിളും ചന്ദ്രന്റെ ബന്ധുവിന്റേതാണ്. ചന്ദ്രന്‍ ഇത് സംബന്ധിച്ച് വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് കോട്ടപ്പുറം താഴത്തെ പള്ളിക്ക് മുകളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ച് നിലവിളക്കുകള്‍ കണ്ടെത്തിയത്. അന്ന് പുലര്‍ച്ചെ വരെ പള്ളിപൂട്ടിയിട്ട് അകത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പ്രഭാത നമസ്‌കാരത്തിനെത്തിയ പള്ളി ഇമാം വളാഞ്ചേരി കരേക്കാട് സ്വദേശി അബ്ദുല്‍ ലത്തീഫ് അഹ്‌സനിയാണ് വിളിച്ചുണര്‍ത്തിയത്.
ഏറെ നേരത്തെ ശ്രമ ഫലമായാണയാള്‍ വാതില്‍ തുറന്നത്. മുസ് ലിയാര്‍ ബാങ്ക് വിളിച്ച് ഐഛിക നമസ്‌കാരത്തിന് നില്‍ക്കുമ്പോഴാണ് മോഷ്ടാവ് മുങ്ങിയത്. ആദ്യം മോഷ്ടാവാണെന്ന സംശയമില്ലാത്തതിനാല്‍ പരസ്പര ബന്ധമില്ലാതെ സംസാരിച്ച അയാള്‍ പള്ളിയില്‍ തന്നെ ഇരുന്നപ്പോഴും നാട്ടുകാരെ വിളിച്ചറിയിച്ചിരുന്നില്ല. ഇതിനിടയില്‍ അയാള്‍ പുറത്ത് കടന്ന് സൈക്കിളിലാണ് രക്ഷപെട്ടത്. തലേന്ന് രാത്രി പത്ത് വരെ ഇയാളെ കോട്ടപ്പുറം മേഖലയില്‍ കണ്ടവരുണ്ട്. കോട്ടപ്പുറത്ത് നിന്ന് കൗക്കാനപ്പെട്ടിയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരമുണ്ട്. നിലവിളക്കുകള്‍ കാണാതായത് സംബന്ധിച്ച് ചന്ദ്രന്‍ ബുധനാഴ്ച്ച രാവിലെ തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് നടപടിയൊന്നുമെടുത്തിട്ടില്ല.
പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും നോക്കട്ടെയെന്നുമാണ് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ വടക്കേക്കാട് പൊലീസിന്റെ പ്രതികരണം. എന്നാല്‍ പള്ളിയില്‍ കിടന്നുറങ്ങിയ ആള്‍ മാനോരോഗിയാണെന്ന് നിഗമനത്തിലാണ് ചാവക്കാട് പൊലീസ്. പള്ളിക്ക് മുകളില്‍ തൊണ്ടി സാധനങ്ങളുണ്ടെന്ന് അയാള്‍ ഇമാമിനോട് പറഞ്ഞത് അതുകൊണ്ടാണെന്നാണ് അവര്‍ പറയുന്നത്. മേഖലയില്‍ നിലവിളക്കുകള്‍ പോയതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് ചാവക്കാട് പൊലീസും പറയുന്നത്.
ക്ഷേത്രത്തിലെ നിലവളിക്കുകള്‍ പള്ളിക്കു മുകളില്‍ സൂക്ഷിച്ച് ആ പള്ളിയില്‍ തന്നെ കിടന്നുറങ്ങുകയും മോഷ്ടിച്ച സൈക്കിളില്‍ തന്നെ രക്ഷപെടുകയും ചെയ്ത മോഷ്ടാവിന്റെ ലക്ഷ്യം എന്താണെന്ന കാര്യത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ലെങ്കിലും സംഭവം സംബന്ധിച്ച പൊലീസിന്റെ അനാസ്ഥ നാട്ടില്‍ സംസാര വിഷയമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."