അരലക്ഷത്തോളം കര്‍ഷകര്‍ അണിനിരന്ന് മഹാരാഷ്ട്രയില്‍ 'ലോങ് മാര്‍ച്ച്' മുന്നോട്ട്: തിങ്കളാഴ്ച നിയമസഭ ഉപരോധിക്കും
മുംബൈ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത് മഹാരാഷ്ട്രയില്‍ നടത്തുന്ന കര്‍ഷക ലോങ് മാര്‍ച്ച് വിജയകരമായി മുന്നോട്ട്. നാസിക്കില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട മാര്‍ച്ച് ഞായറാഴ്ച മുംബൈയിലേക്കു കടക്കും.
അഞ്ചാം ദിനമായ ശനിയാഴ്ച വസിന്ധില്‍ നിന്ന് റാലി ആരംഭിക്കുമ്പോള്‍ 40,000ത്തിലധികം കര്‍ഷകര്‍ മാര്‍ച്ചിലുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്.
അതിനിടെ, നാളെ മുംബൈയിലേക്ക് കടക്കാന്‍ വിടില്ലെന്ന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് പ്രതിഷേധം കനക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാത്രി മുംബൈ- ആഗ്ര പാത ഉപരോധിക്കുകയാണ്. ഉപരോധം അവസാനിപ്പിച്ച് ഞായറാഴ്ച രാവിലെ വീണ്ടും മാര്‍ച്ച് തുടങ്ങും.
പ്രക്ഷോഭം എന്തിന്?
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ സമരത്തില്‍ മുന്നോട്ടുവെക്കുന്നത്.
200 കിലോ മീറ്റര്‍ മാര്‍ച്ച്
മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കിസാന്‍സഭയുടെ നേതൃത്വത്തില്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു. 2016 മാര്‍ച്ചില്‍ ഒരുലക്ഷം കര്‍ഷകരാണ് നാസിക്കില്‍ ഉപരോധസമരം നടത്തിയത്. രണ്ടുമാസം കഴിഞ്ഞ് താനെയില്‍ ശവപ്പെട്ടിസമരം. ഒക്ടോബറില്‍ പാല്‍ഘര്‍ ജില്ലയില്‍ ഗിരിവര്‍ഗ വികസനമന്ത്രിയുടെ വാഡയിലെ വീടുവളഞ്ഞ് സമരം ചെയ്തത് അരലക്ഷം കര്‍ഷകരാണ്. ഔറംഗബാദിലും മറാത്തവാഡയിലും ഖംഗാവോണിലും നടന്ന മറ്റ് എണ്ണമറ്റ സമരങ്ങള്‍.
2017 ജൂണില്‍ പതിനൊന്നുദിവസം നീണ്ട പണിമുടക്ക്. ഈവര്‍ഷം തന്നെ ഓഗസ്റ്റില്‍ രണ്ടുലക്ഷം കര്‍ഷകര്‍ അണിനിരന്ന് സംസ്ഥാനത്താകെ സംഘടിപ്പിച്ച ചക്കാ ജാം (റോഡ് ഉപരോധം) തുടങ്ങി സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരങ്ങളുടെ തുടര്‍ച്ചയിലാണ് അരലക്ഷം കര്‍ഷകര്‍ ഇപ്പോള്‍ ഇരുനൂറ് കിലോമീറ്റര്‍ കാല്‍നടയായെത്തി നിയമസഭ ഉപരോധിക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."