നിലാവു പെയ്യുന്നിടം
'ഒരു എഴുത്തുണ്ട് '
പടി കയറി വന്ന പോസ്റ്റ്മാന്‍ പുഞ്ചിരിയോടെ കത്തുമായി എന്റെ അടുത്തു വന്നു.
എൃീാ
ഹര്‍ഷന്‍
സാരംഗി
കത്തു തുറക്കുമ്പോള്‍ അറിയാതെ കൈ വിറച്ചു. ശരീരമാസകലം ശക്തമായി വേദനിച്ചു. കര്‍ച്ചീഫു കൊണ്ടു തുടക്കുന്തോറും വിയര്‍ത്തു കൊണ്ടേയിരുന്നു.
ഇരുപതാം വയസിലാണു വിവാഹം തീരുമാനിച്ചത്. ആ നരകത്തില്‍നിന്നു രക്ഷപ്പെട്ടു പോയ്‌ക്കോട്ടേന്നു കരുതിക്കാണും അച്ഛന്‍. അല്ലെങ്കിലും അമ്മ മരിച്ചതില്‍ പിന്നെ അവിടെ ഭാരമായിത്തീര്‍ന്നതു ഞാനാണല്ലോ. വര്‍ഷങ്ങളോളം ഒരു കൂരക്കു കീഴെ അന്തിയുറങ്ങിയിട്ടും അമ്മയ്ക്കു പകരമായി വന്നവരോടു മാനസികമായി പൊരുത്തപ്പെടാന്‍ ഞാനൊരുക്കമല്ലായിരുന്നു. ഞങ്ങള്‍ക്കിടയിലെ നിത്യ കലഹങ്ങളില്‍ അച്ഛന്‍ പാടേ നിശബ്ദനായി തുടങ്ങി. ആ നെഞ്ചിലെ നീറ്റലറിയാവുന്നതു കൊണ്ടു മാത്രമാണ് ഇഷ്ടമില്ലാതിരുന്നിട്ടും എനിക്കീ വിവാഹത്തെ എതിര്‍ക്കാന്‍ കഴിയാതിരുന്നത്.
കല്യാണത്തിനു മുന്‍പുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ഇടയ്ക്കിടെ വന്ന നെഞ്ചുവേദന അച്ഛന്‍ കണ്ടില്ലെന്നു നടിച്ചു. വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ അച്ഛനും വിടപറഞ്ഞു. ഉറപ്പിച്ച വിവാഹത്തില്‍നിന്ന് അവര്‍ പിന്മാറി.
ഞാന്‍ 'ഭാഗ്യം കെട്ട' പെണ്ണാണത്രേ..
അതു നന്നായെന്നു ഞാനും കരുതി. എനിയ്ക്ക് കുറച്ചു സമയം വേണമായിരുന്നു.
പക്ഷേ, അതിന് അധികം ആയുസുണ്ടായില്ല. ബ്രോക്കര്‍ മമ്മദ്ക്ക നല്ലൊരു ആലോചന കൊണ്ടുവന്നു.
'നല്ല നസീബ്ള്ള ചെര്‍ക്കന്‍. ഇട്ട് മൂടാനുള്ള സ്വത്ത്. കൊട്ടാരം പോലത്തെ പൊര. ഒറ്റത്തടി, ശല്യത്തിന് ആരൂല്ല. വല്യ ഉദ്യോഗാ.. കൊല്‍ക്കത്തേലാണത്രേ. ഓളെ അങ്ങ്ട്ട് കൊണ്ടോകും ചെയ്യും. ദ് ങ്ങക്ക് കിട്ടണ്ട പാര്‍ട്ട്യല്ല. ങ്ങനൊരു ബന്ധം ഞ്ഞി ഈ ദുനിയാവില് ഓള്‍ക്ക് കിട്ടൂല്ല!'
ഇളയമ്മക്ക് ആലോചന നന്നായി ബോധിച്ചു. പൊന്നും പണോം വേണ്ടാലോ..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അടുത്തുള്ള ക്ഷേത്രത്തില്‍ വച്ചൊരു താലികെട്ട്. അയാളും കുറച്ച് സുഹൃത്തുക്കളും അവരുടെ ഭാര്യമാരും, അങ്ങനെ കുറച്ചുപേര്‍ വന്ന് കൂട്ടിക്കൊണ്ടു പോയി.
എല്ലാരും പറഞ്ഞ പോലെ അതു വലിയ വീടായിരുന്നെങ്കിലും, അകത്തേക്കു കയറിയ നിമിഷം തന്നെ തുറങ്കിലകപ്പെട്ടവളെ പോലെ എനിക്കു ശ്വാസം മുട്ടി. ആളുകളും ആരവങ്ങളുമൊതുങ്ങി. ഹര്‍ഷന്‍ ഒരു ചിരിയോടെ എനിക്കു നേരെ നടന്നുവരുന്നത് നീരസത്തോടെ ഞാന്‍ നോക്കി നിന്നു.
'എനിക്ക് നിങ്ങളെ ഇഷ്ടല്ല. നിക്ക് ആരേം ഇഷ്ടല്ല'
മുറിയിലേക്കു കയറാന്‍ തുടങ്ങിയ അയാള്‍ അപ്രതീക്ഷിതമായ എന്റെ പൊട്ടിത്തെറി കേട്ടു തെല്ലത്ഭുതത്തോടെ എന്നെ നോക്കി. ഞാനൊട്ടും പിന്മാറില്ലെന്നു തോന്നിയതു കൊണ്ടാവണം കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഒരു ചെറുപുഞ്ചിരിയോടെ അയാളാ ചോദ്യം എന്നോടു ചോദിച്ചത്.
'പറയൂ നിലാ, ഇനി ഞാനെന്താ വേണ്ടേ? ഇയാള്‍ടെ മനസിലെന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ?'
ഞാന്‍ ഒരു ഞെട്ടലോടെ, അതിലേറെ അത്ഭുതത്തോടെ ഹര്‍ഷനെ നോക്കി.
എന്റെ ജീവിതത്തില്‍ അത്രയും കാലം എന്നോടാരും ചോദിക്കാത്തൊരു ചോദ്യം.
'ഒരു കല്ല്യാണത്തിനു മാനസികമായി ഞാന്‍ ഒരുങ്ങീട്ടില്ല. എനിക്ക് കുറച്ചു സമയം വേണം. എനിക്ക് പഠിക്കണം.'
ഒരു ഭ്രാന്തിയെ പോലെ ഞാന്‍ അതു പറഞ്ഞു തീരുമ്പോഴും അയാളുടെ മുഖത്ത് അതേ പുഞ്ചിരിയുണ്ടായിരുന്നു.
'നാളെ രാവിലെ എല്ലാം എടുത്ത് ഒരുങ്ങി നിന്നോളൂ...'
ഉള്ളിലൂടെ അറിയാതെ ഒരു വിറയല്‍ പാഞ്ഞുകയറി. വീണ്ടും ആ വീട്ടിലേക്ക്.. ഓര്‍ക്കാന്‍ പോലും വയ്യ!
'ആ വീട്ടിലേക്ക് ഇനി ഞാനില്ല. ഞാന്‍ എങ്ങോട്ടേലും പൊയ്‌ക്കോളാം.'
എന്റെ വാക്കുകള്‍ക്കു ചെവി തരാതെ അയാള്‍ താഴേക്കിറങ്ങിപ്പോയി.
മനസാകെ മഴക്കാറുമൂടിയ ആ രാത്രിയില്‍ എനിക്കുറങ്ങാനായില്ല. പെയ്‌തൊഴിയാനാകാതെ വിങ്ങി നില്‍ക്കുന്ന നോവുകള്‍. ചുറ്റിവരിഞ്ഞ ശൂന്യത.
ഉദയസൂര്യനുണരും മുന്‍പെ ഒരുങ്ങിയിറങ്ങി. ചോദിക്കാനോങ്ങിയ പല ചോദ്യങ്ങളും പുറത്തുവരാതെ തൊണ്ടയില്‍ കുരുങ്ങി നിന്നു. 'എങ്ങോട്ട് ' എന്ന ചോദ്യം മനസിനെ വല്ലാതെ അസ്വസ്ഥമാക്കി.
കാറിന്റെ വേഗത കുറഞ്ഞു വന്നപ്പോഴാണു പുറത്തേക്കു നോക്കിയത്. കൂറ്റന്‍ ഗേറ്റു കടന്ന് അകത്തുകടക്കുമ്പോള്‍ അതിലെഴുതിയതെന്തെന്നു വായിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇരുവശത്തും മനോഹരമായ പൂന്തോട്ടം. മഞ്ഞയും ചുവപ്പും വെള്ളയുമൊക്കെയായി നിറയെ പൂക്കള്‍. മനസറിയാതെയൊന്നു തണുത്തു. പഴയതെങ്കിലും വൃത്തിയുള്ള ഒരു കെട്ടിടം.
'ലേഡീസ് ഹോസ്റ്റല്‍' ആ ബോര്‍ഡ് വായിച്ചതും എനിയ്ക്ക് വല്ലാത്തൊരാശ്വാസം തോന്നി.
അഡ്മിഷന്‍ ശരിയാക്കി ഹര്‍ഷന്‍ മടങ്ങിപ്പോകുമ്പോള്‍, ജീവിതവഴിയില്‍ വീണ്ടും വീണ്ടും തനിച്ചാകുന്നവളുടെ നൊമ്പരമായിരുന്നു. കൂടെയുള്ളത് ഇനിയെന്തെന്ന ചിന്ത തൊടുത്തുവിട്ട ശരങ്ങളാല്‍ മുറിവേറ്റ മനസു മാത്രം!
ഇവിടുത്തെ മദറായിരുന്നു തുടര്‍ന്നു പഠിക്കാനുള്ള എല്ലാ സഹായവും ചെയ്തുതന്നത്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടാനായത് ആ നല്ല മനസിന്റെ കരുണയിലായിരുന്നു. ഹര്‍ഷനെ കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. എങ്കിലും ഒരിക്കല്‍ പോലും ഹര്‍ഷനെന്നെ കാണാന്‍ വരികയോ, അന്വേഷിക്കുകയോ ചെയ്തില്ല.
എല്ലാവരും പോകാനുള്ള ഒരുക്കത്തിലാണ്, ഞാനും. എങ്ങോട്ടു പോകണമെന്നറിയില്ല. എവിടെ തുടങ്ങണമെന്നറിയില്ല. ഞാനാരെയൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഒരുക്കിവച്ച ലഗേജുകളുമായി സ്റ്റെപ്പിറങ്ങി വരുമ്പോഴാണ് പോസ്റ്റ്മാന്‍ വന്നതും ഈ കത്തു തന്നതും.
വിറയാര്‍ന്ന കൈകളോടെയാണ് ഞാനതു തുറന്നത്. അതില്‍ ഒരേയൊരു വരി മാത്രം!
'കാത്തിരിക്കുന്നു..'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."