ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വ്യക്തിഗത ആനുകൂല്യം
കൊണ്ടോട്ടി: സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലൂടെയും വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വഴി വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നത് പതിവില്ലെങ്കിലും പ്രത്യേക പരിഗണനവച്ച് അപേക്ഷ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവ വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി.
പുതിയ പദ്ധതി പ്രവൃത്തികള്‍ക്കുള്ള മാര്‍ഗരേഖയിലാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പങ്കാളികളാക്കണമെന്ന് പ്രത്യേക പരാമര്‍ശമുള്ളത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ അവരുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയാണ് നല്‍കേണ്ടത്. ഇതു വ്യാപകമാകുന്നതു വരെ അപേക്ഷ ലഭിക്കുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സംരംഭക പ്രവര്‍ത്തനങ്ങളിലും കരാര്‍ നിയമനങ്ങളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പരിഗണന നല്‍കി മുഖ്യധാരയിലേക്കു കൊണ്ടുവരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സാമൂഹിക അംഗീകാരത്തോടൊപ്പം തൊഴിലിലും വരുമാനത്തിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വഴിയും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
വ്യക്തിഗത ഗുണഭോക്തൃ നിര്‍ണയത്തിലും ഇവര്‍ക്ക് മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."