കോടികളുടെ കൊള്ളപലിശയിടപാട്: തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ സംഘം പിടിയില്‍
പള്ളുരുത്തി: സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയുടെ കൊള്ളപലിശയിടപാട് നടത്തുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ സംഘം പള്ളുരുത്തി പൊലിസിന്റെ പിടിയിലായി. തമിഴ് നാട് തൂത്തുക്കുടി ഇസ്‌ക്ക് മുത്ത്(22), ചെന്നൈ വൃശം പാക്കം സിറ്റരശ്(34),തഞ്ചാവൂര്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ ഡി.രാജ്കുമാര്‍(30) എന്നിവരെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എറണാകുളം പനമ്പിള്ളി നഗറില്‍ ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫിലിപ്പ് ഇവരില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഈടായി ഫിലിപ്പിന്റെയും ഭാര്യയുടേയും 40 ബ്ലാങ്ക് ചെക്കുകളും 20 ബ്ലാങ്ക് പ്രോമിസറി നോട്ടുകളും വോള്‍വോ കാറിന്റെ ആര്‍.സി. ബുക്കും സെയില്‍ ലെറ്ററും നല്‍കിയിരുന്നു. തുടര്‍ച്ചയായി 21 ആഴ്ച രണ്ട് ലക്ഷം വീതം 42 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയതായും രേഖകളും വാഹനവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ പലിശ തരണമെന്ന് പറഞ്ഞ് തന്നെയും കുടുംബത്തേയും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണെന്നും കാണിച്ചാണ് ഫിലിപ്പ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളുരുത്തി കല്ല് ചിറയില്‍ പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇംഗ്ലീഷിലും തമിഴിലും എഴുതിയ നിരവധി ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും പൊലിസ് കണ്ടെടുത്തു. കേരളത്തിലാകെ ഇതുവരെ 500 കോടി രൂപയെങ്കിലും സംഘം വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികമായി നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുള്ളതെന്നു പൊലിസ് അറിയിച്ചു.
സംഘത്തിലെ വമ്പന്‍മാരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ക്ക് പണമെത്തിച്ച് കൊടുക്കുന്ന ചെന്നൈ സ്വദേശി മഹാരാജയെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."