കാത്സ്യം നല്‍കൂ, വിളകള്‍ കരുത്തോടെ വളരട്ടെ
കാത്സ്യം എന്നാല്‍, നമുക്ക് പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്. സസ്യങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിര്‍മാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യം പെക്‌റ്റേറ്റ് സംയുക്തങ്ങള്‍ കോശഭിത്തിക്ക് ഉറപ്പുനല്‍കുന്നു. ചെടികളിലെ എന്‍സൈമിന്റെയും ഹോര്‍മോണിന്റെയും പ്രവര്‍ത്തനത്തില്‍ ഇതിന് പ്രധാനപങ്കുണ്ട്.
സസ്യങ്ങളിലെ അമ്ല അയോണുകളെ തുലനം ചെയ്യാനും കാത്സ്യത്തിന് കഴിയും. വരള്‍ച്ചയെ ചെറുക്കാന്‍ വിളകളെ പ്രാപ്തമാക്കുന്നതില്‍ പൊട്ടാസ്യത്തെപ്പോലെ കാത്സ്യത്തിനും പങ്കുണ്ട്. കായുടെ രുചികൂട്ടാനും കാത്സ്യത്തിന് കഴിയും. വേരുകളുടെ വളര്‍ച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും ഇത് വേണം. കാത്സ്യത്തിന്റെ കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക.
വേര് മുരടിക്കലും കൂമ്പിലയുടെ അറ്റംമുതല്‍ കരിഞ്ഞുതുടങ്ങുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്. പുതിയ ഇലകളുടെ വലിപ്പംകുറഞ്ഞ് ആകൃതിയില്‍ വ്യത്യാസംവരും. വാഴയില്‍ കൂമ്പില തുറന്നുവരാന്‍ വൈകുന്നതും തക്കാളിയില്‍ കായയുടെ അറ്റം വട്ടത്തില്‍ കരിയുന്നതും നെല്ലില്‍ വേരുവളര്‍ച്ച മുരടിക്കുന്നതും നമ്മുടെ നാട്ടില്‍ സ്ഥിരംകാണുന്ന കാഴ്ചയാണ്.
ഒലിച്ചുപോകുന്ന മണ്ണിനോടൊപ്പം ക്ഷാരസ്വഭാവമുള്ള മൂലകമായ കാത്സ്യവും നഷ്ടപ്പെടുന്നു. പുളിരസം കൂടിയ നമ്മുടെ മണ്ണില്‍ കാത്സ്യം തീരെ ഇല്ലെന്നുതന്നെ പറയുന്നതാണ് ശരി.മഗ്‌നീഷ്യത്തിനും സള്‍ഫറിനുമൊപ്പം കാത്സ്യം സെക്കന്‍ഡറി അഥവാ ദ്വിതീയമൂലകത്തില്‍പ്പെടുന്നു.
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ പ്രാഥമിക മൂലകങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൃഷി ചെയ്യുന്നതിനിടയില്‍ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും എന്തിന് ജൈവവളങ്ങള്‍ പോലും ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടു പോകുന്നത്. അളവ് കുറച്ചുമതി എന്ന ഒറ്റക്കാരണം കൊണ്ടാണ് കാത്സ്യം രണ്ടാം സ്ഥാനക്കാരനായത്.
മണ്ണിന്റെ പുളിരസം മാറ്റാന്‍ ശരിയായ അളവിലും രീതിയിലും കുമ്മായ വസ്തുക്കള്‍ ചേര്‍ത്താല്‍തന്നെ കാത്സ്യപ്രശ്‌നത്തിന് പരിഹാരമാകും. പുളിരസം കുറയുന്നതോടൊപ്പം കാത്സ്യവും ലഭിക്കുന്നുവെന്നതാണ് അധികമേന്മ. കാത്സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും സംയുക്തമായ ഡോളമൈറ്റ് കുമ്മായവസ്തുവായി തിരഞ്ഞെടുക്കുന്നത് ഏറെ അഭികാമ്യം.
നെല്‍കൃഷിയില്‍ ആദ്യ ഉഴവുചാലിനൊപ്പം 10 സെന്റിന് 14 കിലോഗ്രാം, പറിച്ചുനട്ട് ഒരു മാസത്തിനുശേഷം വീണ്ടും 10 കിലോഗ്രാം ഇതാണ് കുമ്മായ പ്രയോഗരീതി. തെങ്ങൊന്നിന് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ തടം തുറന്ന് രണ്ടുകിലോഗ്രാം വരെ കുമ്മായം ചേര്‍ക്കണം.
കമുകിനും കുരുമുളകിനും അരക്കിലോഗ്രാം മതിയാകും. പച്ചക്കറിയില്‍ ആദ്യ ഉഴവുചാലില്‍ സെന്റൊന്നിന് രണ്ടുകിലോഗ്രാം കുമ്മായം വേണം. ഗ്രോബാഗിലേക്കാണെങ്കില്‍ 200 ഗ്രാം വരെ കുമ്മായമാകാം. വാഴയില്‍ കുഴിയെടുത്ത ഉടനെ 300 ഗ്രാമും പിന്നീട് ഒരുമാസത്തെ ഇടവേളകളില്‍ 250 ഗ്രാം കുമ്മായം മൂന്നുതവണയെങ്കിലും നല്‍കണം. കാത്സ്യം ആവശ്യത്തിന് ലഭിക്കുന്ന വിളകളില്‍ കീടരോഗബാധ കുറയുമെന്നതാണ് പുതിയ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."