നെടുമ്പാശ്ശേരി മയക്കുമരുന്ന് കേസ് അട്ടിമറിക്കാന്‍ നീക്കം; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് നെടുമ്പാശ്ശേരിയില്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന് സ്ഥാനചലനം.അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കുവൈത്തിലേക്ക് കയറ്റി അയക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 30 കോടി രൂപയുടെ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടാന്‍ നേതൃത്വം നല്‍കിയ എറണാകുളം നാര്‍കോട്ടിക് സെല്‍ സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ സജി ലക്ഷ്മണനെയാണ് മുവാറ്റുപുഴ സര്‍ക്കിളിലേക്ക് സ്ഥലം മാറ്റിയത്.സ്ഥാനകയറ്റം ലഭിക്കാന്‍ കേവലം രണ്ട് മാസം മാത്രം ബാക്കിയുള്ള മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ അനില്‍കുമാറിനാണ് എറണാകുളം സ്‌ക്വാഡിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അനവസരത്തിലും, പെട്ടെന്നുമുള്ള മ്യൂച്ചല്‍ ട്രാന്‍സ്ഫറാണ് സംശയത്തിന് ഇടയാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍നിന്ന് കശ്മിര്‍, ഡല്‍ഹി എന്നിവിടങ്ങളിലൂടെ വിവിധ മാര്‍ഗങ്ങള്‍ വഴി മയക്കുമരുന്ന് നെടുമ്പാശ്ശേരിയിലെത്തിച്ച് വന്‍തോതില്‍ ഗള്‍ഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന സംഘത്തിലെ കണ്ണികളാണ് എറണാകുളം നാര്‍കോട്ടിക് സെല്‍ സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായിരുന്നത്. ഇവര്‍ക്ക് ഭരണ ഉദ്യോഗസ്ഥ തലത്തില്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍പേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ഈ ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് സംഭവിച്ച സ്ഥാനചലനം.30 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടക്ക് ശേഷം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സജി ലക്ഷ്മണന്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. അന്വേഷണവുമായി മുന്നോട്ടു പോയാല്‍ കൂടുതല്‍ ഉന്നതരിലേക്ക് എത്തിപ്പെടുമെന്ന് മനസിലാക്കിയതോടെ ഭരണതലത്തില്‍ സ്വാധീനം ചെലുത്തി ഇദ്ദേഹത്തെ അന്വേഷണ ചുമതലയില്‍നിന്ന് നീക്കുകയായിരുന്നു.
മുവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റിയെങ്കിലും സാങ്കേതികമായി ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയിട്ടില്ല.എന്നാല്‍ സ്‌ക്വാഡിന്റെ തലപ്പത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തുന്നതോടെ തുടരന്വേഷണത്തില്‍ കാര്യമായ പങ്ക് വഹിക്കാന്‍ സജി ലക്ഷ്മണന് കഴിയില്ല എന്ന കണക്കുകൂട്ടലോടെയാണ് നീക്കം നടത്തിയിരിക്കുന്നത്. അതീവ രഹസ്യമായി സജി ലക്ഷ്മണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികള്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."