ഖനനാനുമതിക്കുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കും
തിരുവനന്തപുരം: ഖനനാനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റുകളുടെ സംസ്ഥാനതല യോഗത്തില്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു.
പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയതോടെ നിരവധി ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുകയും ക്വാറി ഉല്‍പന്നങ്ങള്‍ക്ക് ലഭ്യതക്കുറവ് ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. പാരിസ്ഥിതിക അനുമതിക്കായി നല്‍കിയ അപേക്ഷകളില്‍ ഇനിയും തീര്‍പ്പാക്കുവാനുള്ള കേസുകളില്‍ അടിയന്തര നടപടി കൈക്കൊള്ളും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റികള്‍ സ്ഥലപരിശോധന നടത്തി ജില്ലാതല അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യുന്ന കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഉണ്ടാകാത്ത നിലയില്‍ ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് എം. കൗള്‍, വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."