പി.എന്‍.ബി തട്ടിപ്പില്‍ കുരുങ്ങി കെ.എസ്.ആര്.ടി.സി വായ്പ
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് കുടുങ്ങിയതോടെ കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘകാല വായ്പയും അനിശ്ചിതത്വത്തില്‍. കെ.എസ്.ആര്.ടി.സിക്ക് വായ്പ നല്‍കാനുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ പി.എന്‍.ബിയും ഉള്‍പ്പെട്ടതാണ് വിനയായത്.
എസ്.ബി.ഐ നേതൃത്വം നല്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 3000 കോടിയാണ് കെ.എസ്.ആര്.ടി.സി വായ്പ എടുക്കുന്നത്.
ഇതില്‍ 750 കോടിയാണ് പി.എന്‍.ബിയുടെ വിഹിതം. തട്ടിപ്പില്‍ പെട്ടതോടെ പി.എന്‍.ബി വായ്പാ നിയന്ത്രണം കൊണ്ടുവന്നതാണ് കെ.എസ്.ആര്.ടി.സിക്ക് വിനയായത്.
പി.എന്‍.ബിയില്‍ 11,000 കോടി രൂപയുടെ തട്ടിപ്പാണ് വജ്രവ്യാപാരി നീരവ് മോദി നടത്തിയത്. കേസും മറ്റ് കാര്യങ്ങളും ഉള്ളതിനാല്‍ പണമിടപാട് നടത്തുന്നതിന് ബാങ്ക് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാങ്ക് കണ്‍സോര്‍ഷ്യം 3000 കോടി രൂപയുടെ വായ്പ നല്‍കുന്നതോടെ കെ.എസ്.ആര്.ടി.സിയുടെ എല്ലാ ബാദ്ധ്യതകളും ഒരൊറ്റ വായ്പയ്ക്ക് കീഴിലാകുമെന്നായിരുന്നു കരുതിയിരുന്നത്.
ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുകയും ചെയ്യുമായിരുന്നു. ഈ മാസമാദ്യം വായ്പ്പാതുക കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പണമിടപാട് ബാങ്ക് നിയന്ത്രിച്ചത്.
കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ്.ബി.ഐ ആയതിനാല്‍ സമാഹരിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിലും പി.എന്‍.ബി കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ വ്യക്തത അടുത്തദിവസം തന്നെയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."