സഊദിയില്‍ 77 ശതമാനം സ്ത്രീകളും കാറുമായി നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്
ജിദ്ദ: സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്ക് എടുത്തുമാറ്റിയതോടെ സഊദിയില്‍ കൂടുതല്‍ വനിതകള്‍ കാറുമായി നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തോടെ രാജ്യത്തെ 77 ശതമാനം സ്ത്രീകളും ഡ്രൈവിങ്ങ് പഠിച്ച് റോഡിലിറങ്ങും. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയകളില്‍ ഈ അഭിപ്രായം ഉയര്‍ന്നുവന്നത്.
ട്വിറ്ററില്‍ നടന്ന ഒരു സര്‍വേയില്‍ സഊദിയിലെ 87 ശതമാനം പേര്‍ക്കും നിലവില്‍ കാറുണ്ടെന്നും ഇതില്‍ രണ്ടില്‍ ഒരാള്‍ കാറുകള്‍ ഇടയ്ക്കിടെ മാറ്റുന്നവരാണെന്നും പറയുന്നു. 2017 സെപ്റ്റംബര്‍ 26നാണ് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജൂണ്‍ മുതല്‍ സഊദിയില്‍ വനിതകള്‍ക്കും വാഹനമോടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തുള്ള ശക്തമായ നിയമങ്ങളില്‍ അയവു വരുത്തുന്നതിന്റെ ഭാഗമായും വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുമാണ് സഊദിയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങിനിറങ്ങുന്നതോടെ മലയാളികളടക്കമുള്ള നിരവധി പ്രവാസികളുടെ ഡ്രൈവര്‍ ജോലി നഷ്ടപ്പെടും. നിലവില്‍ സഊദിയില്‍ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."