കോമണ്‍വെല്‍ത്ത് ഗെയിംസ് 31 അംഗ ഇന്ത്യന്‍ ടീമില്‍ 10 മലയാളികള്‍; പി.യു ചിത്ര ഇല്ല
കൊച്ചി: കോമണ്‍വെല്‍ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമിനെയാണ് പട്യാലയില്‍ ചെയര്‍മാന്‍ ജി.എസ് രണ്‍ദാവേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. 18 പുരുഷ അത്‌ലറ്റുകളും 13 വനിതാ താരങ്ങളും ഉള്‍പ്പെട്ടതാണ് ടീം. മലയാളി താരങ്ങളായ ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും ഉള്‍പ്പടെ പത്ത് മലയാളി താരങ്ങള്‍ ടീമില്‍ ഇടംനേടി. നേരിയ വ്യത്യാസത്തിന് യോഗ്യതാ മാര്‍ക്ക് നഷ്ടമായ പി. യു ചിത്രയെ 1500 മീറ്ററില്‍നിന്ന് ഒഴിവാക്കി. ക്വാളിഫൈയിങ് മാര്‍ക്ക് പിന്നിടാത്ത നിരവധി താരങ്ങള്‍ ടീമില്‍ ഇടംനേടിയപ്പോഴാണ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചിത്ര യെ തഴഞ്ഞത്.
കരിയറിലെ മികച്ച പ്രകടനത്തോടെയാണ് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ചിത്ര സ്വര്‍ണം നേടിയത്. അഞ്ചു സെക്കന്റ് വ്യത്യാസത്തിലായിരുന്നു പി.യു ചിത്രയ്ക്ക് യോഗ്യത നഷ്ടമായത്. 4:15.25 സെക്കന്റിലായിരുന്നു ചിത്ര സ്വര്‍ണം നേടിയത്. യോഗ്യത മാര്‍ക്ക് 4:10.00 ആയിരുന്നു നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ നാലാം സ്ഥാനമായിരുന്നു യോഗ്യതാ മാര്‍ക്കായി അത്‌ലറ്റിക് ഫഡറേഷന്‍ നിശ്ചയിച്ചിരുന്നത്. ദേശീയ റെക്കോര്‍ഡിനും മുകളിലായിരുന്നു മിക്കയിനങ്ങളുടെയും യോഗ്യത മാര്‍ക്ക്.
ഇതാണ് നിരവധി താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമില്‍ ഇടംനേടാനാവാതെ പോയത്. എന്നാല്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവെച്ച ജിന്‍സണ്‍ ജോണ്‍സണെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള മാന്യത അത്‌ലറ്റിക് ഫെഡറേഷന്‍ കാണിച്ചു. യോഗ്യതാ മാര്‍ക്ക് 3:39.50 ആയിരുന്നു. ജിന്‍സണ്‍ 3:39.69 സെക്കന്റില്‍ ഫിനീഷ് ചെയ്ത് മീറ്റ് റെക്കോര്‍ഡ് തകര്‍ത്തിരുന്നു. നേരത്തെ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു.
ടീം
പുരുഷന്‍മാര്‍ : ജിന്‍സണ്‍ ജോണ്‍സണ്‍ (1500), ധരുണ്‍ അയ്യാസ്വാമി (400 ഹര്‍ഡില്‍സ്, 4-400 റിലേ), തേജസ്വിന്‍ ശങ്കര്‍ (ഹൈജംപ്), സിദ്ധാര്‍ഥ് യാധവ് (ഹൈജംപ്), ശ്രീശങ്കര്‍ (ലോങ്ജംപ്), അര്‍പീന്ദര്‍ സിങ് (ട്രിപ്പിള്‍ജംപ്), രാകേഷ് ബാബു (ട്രിപ്പിള്‍ ജംപ്), തേജിന്ദര്‍പാല്‍ സിങ് (ഷോട്ട്പുട്ട്), നീരജ് ചോപ്ര (ജാവലിന്‍ ത്രോ), വിപിന്‍ കസാന (ജാവലിന്‍ ത്രോ), കെ.ടി ഇര്‍ഫാന്‍ (20 കിലോ മീറ്റര്‍ നടത്തം), മനീഷ് സിങ് റാവത്ത് (20 കിലോ മീറ്റര്‍ നടത്തം), 4-400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, ജീവന്‍ കെ സുരേഷ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, ആരോക്യ രാജീവ് എന്നിവര്‍ ഇടം പിടിച്ചു.
വനിതകള്‍: ഹിമാ ദാസ് (200, 400, 4-400 റിലേ), എല്‍ സൂര്യ (10000 മീറ്റര്‍), നയന ജെയിംസ് (ലോങ്ജംപ്), നീന പിന്റോ (ലോങ് ജംപ്), സീമ പുനിയ (ഡിസ്‌കസ് ത്രോ), വജീത് കൗര്‍ ദില്ലന്‍ ( ഡിസ്‌കസ് ത്രോ), പൂര്‍ണിമ ഹെബ്‌റാം (ഹെപ്റ്റാത്‌ലണ്‍), സൗമ്യ ബേബി (20 കിലോ മീറ്റര്‍ നടത്തം), കുഷ്ബീര്‍ കൗര്‍ (20 കിലോ മീറ്റര്‍ നടത്തം), എം.ആര്‍ പൂവമ്മ, സോണിയ ബൈഷ്യ, സരിതബെന്‍ ലക്ഷ്മണ്‍ബായ്, ജൗന മുര്‍മു (4-400 റിലേ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."