'പിതാവിനെ കൊന്നവരോട് ഞാനും പ്രിയങ്കയും പൂര്‍ണ്ണമായും ക്ഷമിച്ചിരിക്കുന്നു'- രാജീവ് ഗാന്ധിയുടെ ഓര്‍മയില്‍ രാഹുല്‍
സിങ്കപുര്‍: രാജീവ് ഗാന്ധിയെ വധിച്ചവരോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ്കപൂരില്‍ ഐ.ഐ.എം അലുമിനി യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജീവിന്റെ ഘാതകര്‍ക്ക് മാപ്പു നല്‍കുമോ എന്ന ചെദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അദ്ദേഹത്തിന്റെ മരണം എനിക്കും എന്റെ കുടുംബത്തിനും വലിയ ആഘാതമാണുണ്ടാക്കിയത്. അതിന് ശേഷം കുറെ വര്‍ഷം അദ്ദേഹത്തിന്റെ ഘാതകരോട് കടുത്ത ദേഷ്യമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അവരോട് പൂര്‍ണമായി ക്ഷമിക്കാന്‍ കഴിഞ്ഞു'- വികാരാധീനനായി രാഹുല്‍ പറഞ്ഞു.
രാജീവ് കൊല്ലപ്പെടുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം താന്‍ അദ്ദേഹത്തോടു തന്ന പറഞ്ഞിട്ടുണ്ട്. മുത്തശ്ശിയായ ഇന്ദിര കൊല്ലപ്പെടുമെന്നും തങ്ങള്‍ക്കറിയാമായിരുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് നല്‍കേണ്ടി വന്ന വിലയാണിത്. ഇങ്ങനെ തിന്മകള്‍ക്കെതിരെ ശക്തമായി നിലപാടെടുത്താല്‍ ജീവന്‍ പകരം നല്‍കേണ്ടി വരുമെന്നത് സത്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് പുലി പ്രഭാകരനെ വധിച്ചതിനെ രാഹുല്‍ വിമര്‍ശിച്ചു. 'പ്രഭാകരനെ വധിച്ചതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ രണ്ട് ചിന്തകളാണ് എന്റെ മനസിലൂടെ കടന്നുപോയത്. ഒന്ന് എന്തിനാണ് ഇയാളെ ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന്നാണ്. അദ്ദേഹത്തിന്റെ മക്കളെയും കുടുംബത്തെയും ഓര്‍ത്തുള്ള വിഷമമായിരുന്നു രണ്ടാമത്തേത്'.
ആക്രമണങ്ങള്‍ക്കിറങ്ങുന്നവര്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. ഇരയാക്കപ്പെടുന്നത് ഒരു മനുഷ്യനാണ്. അതിനെ തുടര്‍ന്ന് ഒരു കുടുംബം അനാഥമാക്കപ്പെട്ടേക്കാം. ഒരു കുട്ടിയുടെ കരച്ചില്‍ മുഴങ്ങിയേക്കാം. അത് കൊണ്ടുതന്നെ ആക്രമണങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല.
ഇത്തരം വേദനകള്‍ എന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളതിനാലാണ് ഞാന്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നത്. ആളുകളെ വെറുക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് പ്രഭാകരന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഭീകര സംഘടനയായ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1984ല്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."