യാമ്പു പുഷ്പ ഉത്സവത്തിലേക്ക് സന്ദര്‍ശക പ്രവാഹം
ജിദ്ദ: സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍ വര്‍ണങ്ങളും സുഗന്ധവും വാരിവിതറി ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഒരുക്കിയ യാമ്പു പുഷ്പ ഉത്സവത്തിലേക്ക് സന്ദര്‍ശക പ്രവാഹം. ഗിന്നസ് ബുക്കില്‍ ഇടം നേടിയ മരുഭൂമിയിലെ ഈ പുഷ്പ പരവതാനി കാണാന്‍ ജിദ്ദ, മക്ക, ത്വാഇഫ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് പുഷ്പ വസന്തം ആസ്വദിക്കാന്‍ എത്തുന്നത്.
16134 ചതുരശ്ര മീറ്ററില്‍ പതിനാല് തരത്തിലുള്ള പതിനെട്ട് ലക്ഷം പൂക്കളാണ് ഈ വര്‍ഷം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ യാമ്പു പുഷ്പോത്സവ നഗരിയിലെ പരവതാനിയില്‍ നട്ടു പിടിപ്പിച്ചത്. 126000 പൂക്കളില്‍ തീര്‍ത്ത 14200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനി ഒരുക്കിയ മെക്സിക്കോയുടെ റെക്കോര്‍ഡാണ് യാമ്പു പുഷ്പോത്സവത്തില്‍ തകര്‍ന്നത്.
യാമ്പു റോയല്‍ കമീഷന് കീഴിലുള്ള നഴ്സറിയില്‍ നട്ടു പിടിപ്പിച്ചുണ്ടാക്കിയ പൂക്കളാണ് പരവതാനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ വിത്തുകള്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ പരിചരണത്തോടെയാണ് ചെടികള്‍ നട്ടു പിടിപ്പിച്ചത്. യാമ്പു മേളയുടെ ജനറല്‍ സൂപ്പര്‍ വൈസര്‍ സാലിഹ് അല്‍ സഹ്റാനിയുടെ നേതൃത്വത്തില്‍ പത്തോളം എന്‍ജിനീയര്‍മാരും മലയാളിയായ നിലമ്പൂര്‍ സ്വദേശി മുരളി ദാസ് അടക്കം അന്‍പതോളം തൊഴിലാളികളും കഠിനാധ്വാനം ചെയ്താണ് മനോഹരമായ പൂക്കളുടെ പരവതാനി നിര്‍മിച്ചത്.
പുഷ്പങ്ങള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത വിവിധ ആര്‍ച്ചുകളും പ്രത്യേക കൂടാരങ്ങളും ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ്. സന്ദര്‍ശകര്‍ക്ക് പൂക്കളുടെയും പച്ചപ്പിന്റെയും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ സമ്മാനിക്കുന്നതോടൊപ്പം നല്ല ആരോഗ്യത്തിന്ന് ചെടികളും ഉദ്യാനങ്ങളും ഒരുക്കേണ്ട അനിവാര്യതയും വിളിച്ചോതുന്നു. പുഷ്പസാഗര കാഴ്ച സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കുന്നത് തന്നെയാണ്. അതേ സമയം യാമ്പു പുഷ്പോത്സവ നഗരിയില്‍ കാഴ്ചക്കാര്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കിയിരിക്കുകയാണ് യാമ്പു റോയല്‍ കമ്മീഷന്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുഷ്പോത്സവത്തിലേക്കും തിരിച്ചുമാണ് യാത്ര. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യക ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."