പുനഃപരിശോധനയ്ക്കായി ചില അപ്രിയസത്യങ്ങള്‍
മുസ്‌ലിംലീഗിന്റെ ഒരു പഠനക്യാമ്പില്‍ ക്ലാസെടുത്തുകൊണ്ടിരുന്ന ഉസ്താദ് നാട്ടിക മൂസ മുസ്‌ലിയാരോട് സദസില്‍ നിന്നൊരാള്‍ ചോദിച്ചു: ''പള്ളി പൊളിച്ചത് ആര്‍.എസ്.എസ് ആണ്. അതിനു സൗകര്യം ചെയ്തുകൊടുത്തതു കോണ്‍ഗ്രസും. എന്നിട്ടും മുസ്‌ലിംലീഗ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിന്റെ ന്യായമെന്താണ്''
ചോദ്യം കേട്ടയുടന്‍ നാട്ടിക ഉസ്താദ് പറഞ്ഞു: ''കൃഷിയിടത്തില്‍ വിള നശിപ്പിക്കാന്‍ പന്നിയിറങ്ങാറുണ്ട്. പന്നിയെ തുരത്താന്‍ നായയെ വളര്‍ത്തുന്നവരുണ്ട്. രണ്ടും നജസ് (അശുദ്ധം) തന്നെയാണ്. ഒന്നിനെ നശിപ്പിക്കാന്‍ മറ്റൊന്നിനെ ആശ്രയിക്കുന്നുവെന്നു മാത്രം.''
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഇത്തരം ചില പഴയ ചിന്തകള്‍ പലരും പങ്കുവച്ചതായി കേട്ടു. ഇത്തവണ കേരളത്തിന്റെ ഭരണത്തിന്റെ കടിഞ്ഞാണ്‍ ഇടത്തോട്ടു നീങ്ങിയപ്പോള്‍ പതിവിന് വിപരീതമായി ചില ആശങ്കകളാണ് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ നിറഞ്ഞുനിന്നത്. ബിജെപിക്ക് കേരള നിയമസഭയില്‍ ഒരു അംഗത്തെയുണ്ടാക്കാന്‍ സാധിച്ചതും ആ പാര്‍ട്ടിക്കു ഗണ്യമായി വോട്ടു വര്‍ധിച്ചതും ശക്തമായ മറ്റൊരു മുന്നണി ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേരളരാഷ്ട്രീയത്തില്‍ ഇടംനേടിയതുമാണ് ഏറെ ശ്രദ്ധേയം. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ ഇടതുപക്ഷത്തിന്റെ അവലോകനത്തില്‍ ന്യൂനപക്ഷം ഇടതുപക്ഷത്തോടൊപ്പം നിന്നുവെന്ന വിലയിരുത്തലുമുണ്ടായി.
വിലയിരുത്തലുകളുടെ ശരി തെറ്റുകള്‍ക്കപ്പുറം തെരെഞ്ഞെടുപ്പുഫലം നല്‍കുന്ന വലിയപാഠങ്ങള്‍ ചെറുതായി കാണാന്‍ കഴിയില്ല. കോണ്‍ഗ്രസ് എന്തുകൊണ്ടു നിരന്തരം പിന്നോട്ടുപോകുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടു കോണ്‍ഗ്രസിനെ അവഗണിക്കുന്നുവെന്നും ഇതുവരെ പഠിക്കാന്‍ ആരും സന്നദ്ധമായതായി കണ്ടില്ല. ദേശീയതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ അജന്‍ഡകളും ഫാസിസ്റ്റ് താല്‍പര്യങ്ങളും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോളം പ്രാപ്തിയും സാധ്യതയും രാഷ്ട്രീയപശ്ചാത്തലവുമുള്ള മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ലെന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. മതേതര പ്രതിഛായയുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളും ആശയപാപ്പരത്വവുമാണു ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നതെന്നു കോണ്‍ഗ്രസ് കണ്ടില്ലെന്നു നടിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ദേശീയപാരമ്പര്യവും കേരളീയപശ്ചാത്തലവും ചരിത്രത്തില്‍ ദേശീയചരിത്രത്തോളം ഇടകലര്‍ന്നു നില്‍ക്കുന്നതാണ്. ദേശത്തിന്റെ ചരിത്രനിര്‍മിതിയില്‍ സ്വാധീനശക്തിയായി മാറാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞത് അതിന്റെ കഴിഞ്ഞകാല നേതാക്കളുടെ ചില നല്ലതീരുമാനങ്ങളാലായിരുന്നു. ഇന്ത്യയിലെ പ്രബലന്യൂനപക്ഷമായ മുസ്‌ലിംകളോട് കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്ന നയസമീപനങ്ങള്‍ എല്ലാകാലത്തും കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്.
എന്നാല്‍ കോണ്‍ഗ്രസില്‍ മറയ്ക്കുപിന്നില്‍ വളര്‍ന്നുവന്ന വര്‍ഗീയ അജന്‍ഡകള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പിന്നോട്ടുനയിച്ചുവെന്നതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലെ തലമുതിര്‍ന്ന നേതാക്കളുണ്ടായിട്ടും അതിനെ മുസ്‌ലിംവിരുദ്ധമായി നിലനിര്‍ത്തിക്കൊണ്ടുപോയാലേ നിലനില്‍പ്പുള്ളൂവെന്നു തിരിച്ചറിഞ്ഞ 'പഴയ ചാലപ്പുറം മോഡല്‍' കോണ്‍ഗ്രസുകാരാണ് ഇന്നും കേരളത്തിലുള്ളതെന്നു പറയുന്നതില്‍ തെറ്റില്ല.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ എന്നത്തെയും മുസ്‌ലിം പ്രതിനിധി ആര്യാടന്‍ മുഹമ്മദായിരുന്നു. വാ തുറന്നാല്‍ മുസ്‌ലിം വിരുദ്ധത വിളമ്പുന്ന ആര്യാടന്‍ മുഹമ്മദിനെ മുസ്‌ലിം പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ കൃത്യമായ അജന്‍ഡയുണ്ടെന്ന കാര്യം പകല്‍വെളിച്ചംപോലെ വ്യക്തം. താന്‍ മുസ്‌ലിം വിരുദ്ധനാണെന്നു വേണ്ടപ്പെട്ടവരെ നിരന്തരം ഓര്‍മപ്പെടുത്തിയാണ് ആര്യാടന്‍ തന്റെ ഇടം നിലനിര്‍ത്തിപ്പോന്നത്. ന്യൂനപക്ഷത്തിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയോടുള്ള വിശ്വാസത്തകര്‍ച്ച എന്തുകൊണ്ടുണ്ടാകുന്നുവെന്നതിനു വ്യക്തമായ മറുപടിയാണ് ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവ്.
മുസ്‌ലിം വിഷയങ്ങള്‍ വരുമ്പോള്‍ മതവിരുദ്ധമായി സംസാരിക്കാന്‍ മതവിരുദ്ധരേക്കാള്‍ ആവേശം കാണിക്കുന്ന ആര്യാടന്‍ മോഡലിനോടുള്ള കടുത്തവിയോജിപ്പാണ് ഇത്തവണ മുസ്‌ലിംപക്ഷത്തുനിന്ന് അലയടിച്ചതെന്നു വ്യക്തം. നിലമ്പൂരില്‍ ആര്യാടന് ഓരോ തെരഞ്ഞടുപ്പിലും ഗണ്യമായി വോട്ടു കുറഞ്ഞുവന്നതും ഇത്തവണ മകന്‍ പരാജയപ്പെട്ടതും ഇതിനു വ്യക്തമായ തെളിവാണ്. പിതാവിനെപ്പോലെ മകനും നിലനില്‍പ്പിനായി എഴുത്തിലും സിനിമകളിലും മതവിരുദ്ധത നിരന്തരം അവതരിപ്പിച്ചു. ഈ ഒളിയജന്‍ഡ ന്യൂനപക്ഷം തിരിച്ചറിഞ്ഞു പ്രതികരിച്ചുവെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു കൃത്യമായി വിലയിരുത്താവുന്നതാണ്.
ഇതിന്റെ ചെറിയൊരു സാമ്പിളാണു കല്‍പ്പറ്റയിലും കണ്ടത്. മതസൗഹൃദത്തിന്റെ അംബാസഡറായി ചമയുകയും മുസ്‌ലിം കരയുമ്പോള്‍ കൂടെനിന്നു പൊട്ടിക്കരയുകയും ചെയ്യുന്നവര്‍ പത്രത്തിന്റെ വരികള്‍ക്കിടയിലൂടെ സമുദായത്തെ കൊഞ്ഞനംകുത്തിയതിനു കൈയും കണക്കുമില്ല. നബിദിനാഘോഷത്തിന്റെ വര്‍ണചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയും റംസാന്‍ പ്രത്യേക പതിപ്പിറക്കുന്നിതിലൂടെയും അതെല്ലാം മറന്നുകൊള്ളുമെന്നാവും അവര്‍ ധരിച്ചത്.
സ്വന്തം ഉടമസ്ഥതയില്‍ കല്‍പ്പറ്റ നഗരമധ്യത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇവരുടെ മുസ്‌ലിം സൗഹൃദത്തിന്റെ ജീവിക്കുന്ന തെളിവാണ്. മഹാഭൂരിപക്ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു തൂപ്പുകാരന്‍പോലും മുസ്‌ലിമില്ല. അറബി, ഉറുദു വിഷയ പഠനം ഒഴിവാക്കി ആ വാതിലിലൂടെയും ഒരു മുസ്‌ലിം അധ്യാപകന്‍ കടന്നുവരാത്തവിധം കൊട്ടിയടച്ചു. എന്നിട്ട് തെരഞ്ഞെടുപ്പുവരുമ്പോള്‍ കാട്ടിക്കൂട്ടുന്ന നാട്യങ്ങളില്‍ ലയിക്കാന്‍ മാത്രം വിഡ്ഢികളല്ല തങ്ങളെന്ന് അവിടുത്തെ മുസ്‌ലിംകളും തെളിയിച്ചു.
ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമായതാണു വിജയകാരണമെന്നു വിലയിരുത്തിയ സി.പി.എമ്മിനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമെന്ന കാര്യത്തില്‍ ന്യൂനപക്ഷത്തിനും കൃത്യമായ ധാരണയില്ല. വര്‍ഗീയതയ്‌ക്കെതിരേയുള്ള പ്രതികരണമാണു തെരെഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചതെന്നു പറയുമ്പോള്‍, ബി.ജെ.പിയുടെ ബി ടീമായി പലപ്പോഴും മാറുന്ന കോണ്‍ഗ്രസിനുള്ള കനത്ത മുന്നറിയിപ്പാണു തെരഞ്ഞെടുപ്പുഫലമെന്നു മനസിലാക്കേണ്ടതുണ്ട്.
ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാല്‍ കേരളത്തിലും ത്രിപുരയിലുമല്ലാതെ എന്തുകാര്യമെന്നാണു ചിന്തിക്കേണ്ടത്. ബംഗാളില്‍ കോണ്‍ഗ്രസ് ബന്ധം സ്ഥാപിച്ചിട്ടുപോലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിക്കു ദേശീയപ്രശ്‌നങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി എന്തുചെയ്യാന്‍ കഴിയുമെന്നതു വലിയചോദ്യമായി അവശേഷിക്കുന്നു. കോണ്‍ഗ്രസ് തെറ്റു തിരുത്തി ചരിത്രദൗത്യത്തിനു തയാറെടുക്കലാണ് ആത്യന്തികപരിഹാരം.
കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ സി.പി.എമ്മിനു കഴിയണമെങ്കില്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളില്‍നിന്ന് ഏറെ മാറ്റംവരുത്തേണ്ടി വരും. ശരീഅത്ത് വിവാദം മുതല്‍ പാഠപുസ്തക വിവാദം വരെയുള്ള ചരിത്രം നമ്മുടെ മുന്നിലുണ്ട്. മുസ്‌ലിംകളില്‍നിന്നുതന്നെയുള്ള ഒരു വിഭാഗത്തെയും പ്രമോട്ടുചെയ്യാന്‍ ഇടതുപക്ഷത്തിനു താല്‍പ്പര്യമില്ല. ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കാതെയുള്ള രാഷ്ട്രീയ രസതന്ത്രം ഇടതുപക്ഷത്തിന്റെ ഇരട്ടമുഖം വ്യക്തമാക്കുന്നതാണ്.
എന്നാല്‍ ന്യൂനപക്ഷ സംരക്ഷകരാണെന്നു തോന്നിപ്പിക്കുന്നവിധം മുസ്‌ലിംസംഘശക്തിയില്‍നിന്നു വിഘടിച്ചുനില്‍ക്കുന്നവരെ ഏറ്റെടുക്കാന്‍ ഇടതുപക്ഷം എന്നും തയാറായിട്ടുമുണ്ട്. കെ.ടി ജലീലും പി.ടി.എ റഹീമും ഇപ്പോള്‍ കാരാട്ടു റസാഖും അതിന്റെ തെളിവുകളാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ക്ലീന്‍ ഇമേജിനായി ഇടതുപക്ഷം നടത്തുന്ന ഇത്തരം നീക്കങ്ങളില്‍ എത്രമാത്രം സാമൂഹികതാല്‍പര്യമുണ്ടെന്ന കാര്യം വരുംകാലം തെളിയിക്കേണ്ടതാണ്.
കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ വലിയ വോട്ടു നേട്ടം നമ്മുടെ മുന്നണി രാഷ്ട്രീയത്തില്‍ എത്രമാത്രം മാറ്റംവരുത്താന്‍ കഴിയുമെന്നു കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ബി.ജെ.പിയുടെ മുന്നേറ്റം കരുതലോടെ ഇരുമുന്നണികളും കാണേണ്ട സമയമാണിത്. ചരിത്രത്തിലാദ്യമായി ഒരു സീറ്റു നേടുകയും ഏഴു മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തുകയും 46 മണ്ഡലങ്ങളില്‍ 25000 ലധികം വോട്ടു നേടുകയും ചെയ്ത ബി.ജെ.പി നമ്മുടെ മതേതരപ്രതിച്ഛായയ്ക്കു വലിയഭീഷണിയായിട്ടാണു മുന്നോട്ടുവരുന്നത്.
2006ല്‍ ബി.ജെ.പി കേവലം 7.51 ശതമാനം വോട്ടാണു മൊത്തത്തില്‍ നേടിയതെങ്കില്‍ ഇത്തവണ 30.20 ശതമാനം വോട്ടാണു നേടിയത്. സാധാരണഗതിയില്‍ ബി.ജെ.പി കോണ്‍ഗ്രസിനും സി.പി.എമ്മിനും വോട്ട് മറിച്ചുവെന്ന് ആക്ഷേപമുയരാറുണ്ട്. മുസ്‌ലിംലീഗിനുവരെ വോട്ട് മറിച്ചുവെന്നു സംസാരമുണ്ടായിട്ടുണ്ട്. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ അത്ര നിസാരമായി കാണാന്‍ കഴിയില്ല.
മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ബന്ധം ഭരണതലത്തില്‍ വലിയ ധാരണയോടെയാണെങ്കിലും പ്രാദേശികമായി ഇത്തവണ ഏറെ ഭിന്നിപ്പു പ്രകടമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ ലീഗിനു കിട്ടിയില്ല എന്നുതന്നെയാണു കണക്കുകള്‍ പറയുന്നത്. പക്ഷേ, ചില സ്ഥലങ്ങളില്‍ മുന്നണി സമവാക്യങ്ങളെ മാനിച്ചു കോണ്‍ഗ്രസിനെ ലീഗ് സഹായിച്ചിട്ടുമുണ്ട്. അത്തരം സഹായങ്ങള്‍ കോണ്‍ഗ്രസില്‍നിന്നു പ്രതീക്ഷിക്കാന്‍ ലീഗിനു കഴിയാത്തവിധം കാര്യങ്ങള്‍ മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് അത്രമാത്രം സങ്കുചിതചിന്തയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഓരോ തെരെഞ്ഞെടുപ്പു ഫലവും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം മുസ്‌ലിം മുഖ്യധാരയോടു വിഘടിച്ചുനില്‍ക്കുന്നവര്‍ അത്ര വലിയ സമ്മര്‍ദശക്തികളല്ലെന്നാണ്. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, കാന്തപുരം വിഭാഗം എന്നിവയെല്ലാം ഒരു മണ്ഡലത്തില്‍പ്പോലും ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തവരാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള കാന്തപുരത്തിന്റെ ആഹ്വാനവും അനുയായികളുടെ ജീവന്മരണ പോരാട്ടവും വെള്ളത്തിലായത് ആ വിഭാഗത്തിന്റെ ഊതിവീര്‍പ്പിക്കപ്പെട്ട വോട്ട് ബാങ്ക് കേവലം മിഥ്യയാണെന്നു തെളിയിക്കുന്നതായി. ഭൂരിപക്ഷം കുറഞ്ഞ പല വിജയികളും തന്നെ കാന്തപുരം എതിര്‍ത്തിരുന്നെങ്കിലെന്നു പറയുന്നേടത്തെത്തി കാന്തപുരം എന്ന കഥാനായകന്‍.
ഒരുപറ്റം ലീഗ് വിരോധികളുടെ മതമേഖലയിലെ സങ്കേതംമാത്രമാണു കാന്തപുരമെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാലചരിത്രമറിയുന്ന ആര്‍ക്കുമറിയാം. ഇതു പലരെയുംപോലെ മുസ്‌ലിം ലീഗ് നേതാക്കളും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇതേക്കുറിച്ചു ഡോ. എം.കെ മുനീര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയത് ഇങ്ങനെയാണ്: 'ഓരോ തെരഞ്ഞെടുപ്പുകഴിയുമ്പോഴും ദൃഢമാക്കപ്പെട്ടുകൊണ്ടിരുന്ന ഒരു മിഥ്യയായിരുന്നു എ.പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ടുബാങ്കിനെക്കുറിച്ചുള്ള സങ്കല്‍പം. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഒരു വോട്ട് ബാങ്കില്ലെന്നതാണു യാഥാര്‍ഥ്യം. വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിനു പേരുടെ സങ്കേതമാണു കാന്തപുരം എ.പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാമേധാവിയായി കാണുമ്പോള്‍ത്തന്നെ വ്യത്യസ്ത രാഷ്ട്രീയരഥ്യകളില്‍ ചരിയുന്നവരാണ് അനുയായികള്‍'' (മാതൃഭൂമി ആഴ്ചപതിപ്പ് 2009 മെയ് 31-ജൂണ്‍ 6).
ഈ യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ കാന്തപുരത്തിനു ചില രാഷ്ട്രീയനേതാക്കളുമായി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച കൂട്ടുകെട്ടുകള്‍ക്കു പിന്നിലെ അജന്‍ഡകള്‍ പലതും തിരിച്ചറിയാന്‍ വൈകി. രാഷ്ട്രീയപരമായ കൂട്ടുകെട്ടുകള്‍ പലരും തുറന്നുപറയാനും പ്രതികരിക്കാതിരിക്കാനും മാത്രം സമ്മര്‍ദത്തിലാക്കി. കഴിഞ്ഞദിവസം ഒരു കാന്തപുരം വിഭാഗം പ്രഭാഷകന്‍ പൊതുവേദിയില്‍ അഭിമാനപൂര്‍വം പറഞ്ഞത് കേന്ദ്രവും കേരളവും ഞങ്ങളാണു ഭരിക്കുന്നതെന്നാണ്. എന്നും ഭരിക്കുന്നുവരോടൊപ്പംനിന്നു കാര്യലാഭമുണ്ടാക്കുന്നതിനപ്പുറം ഒരു ധാര്‍മികതയും ഇവരുടെ നയസമീപനങ്ങളില്ല.
അല്‍പമെങ്കിലും ഈ കുത്തൊഴുക്കിനു പിടിച്ചുനില്‍ക്കാനായത് മുസ്‌ലിംലീഗിനാണെന്നത് എല്ലാവരും സമ്മതിക്കുന്നതാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ യു.ഡി.എഫിനായില്ലെന്ന സത്യസന്ധമായ പാര്‍ട്ടി വിലയിരുത്തലുകള്‍ക്കപ്പുറം കൂടി ചില വായനകള്‍ സമുദായം പ്രതീക്ഷിക്കുന്നുണ്ട്. വികസനങ്ങള്‍ക്കപ്പുറം സുരക്ഷയും
അവകാശസംരക്ഷണവുമൊക്കെ മുസ്‌ലിം ലീഗില്‍നിന്നു സമുദായം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എതിര്‍പ്പുകള്‍ക്കിടയിലും അത് ഒരു പരിധിവരെ മുസ്‌ലിം ലീഗിന് നിറവേറ്റാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി പ്രശ്‌നങ്ങള്‍ വ്യവസ്ഥാപിതമായി പരിഹരിക്കാനാണോ ചില സെറ്റില്‍മെന്റുകളിലൂടെ അടക്കിനിര്‍ത്താനാണോ ഒരു ഭരണകൂടമെന്നനിലയില്‍ ശ്രമിച്ചതെന്ന് ആലോചിക്കേണ്ടതുണ്ട്.
വിവാഹപ്രായ വിവാദവും യതീംഖാന പ്രശ്‌നവുമൊക്കെ വ്യക്തമായ മുന്നൊരുക്കത്തോടെ പരിഹരിക്കുന്നതിനപ്പുറം വിവാദമായപ്പോള്‍ മാന്യന്മാരായി മാറിനിന്നു പൊതുസമൂഹത്തിന്റെ താളങ്ങള്‍ക്കനുസരിച്ചു മാറ്റിച്ചവിട്ടുന്നത് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. അറബിക് സര്‍വകലാശാലപോലെയുള്ള പദ്ധതികള്‍ ചൂണ്ടയില്‍ കോര്‍ക്കാനുള്ളതു മാത്രമായിരുന്നെന്നു നാം തിരിച്ചറിഞ്ഞത് ചീഫ് സെക്രട്ടറിയുടെ വര്‍ഗീയവര്‍ത്തമാനങ്ങള്‍ക്കു മുന്‍പില്‍ വാചാലമായി സംസാരിക്കേണ്ടവര്‍ മൗനംപാലിച്ചപ്പോഴാണ്.
റുഷ്ദിയും തസ്‌ലീമയും ഉയര്‍ത്തിയ വിവാദങ്ങള്‍ വിശ്വാസിക്ക് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല. ഇതിനെ രാഷ്ട്രീയാവശ്യങ്ങള്‍ക്കല്ല സമുദായം ഉപയോഗിക്കേണ്ടത്. ഇവിടെ കാന്തപുരം ഒരു വ്യാജകേശം കൊണ്ടുവന്നു കോടികളുടെ ആത്മീയചൂഷണം നടത്തിയപ്പോള്‍ വിശ്വാസികള്‍ ഒന്നടങ്കം അതിനെ ചെറുക്കാന്‍ രംഗത്തുവന്നു. ആ ഘട്ടത്തില്‍ അവര്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുത്തത് സമുദായ സ്‌നേഹമായിരുന്നോ.? പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അതു തിരുത്തിക്കൊടുത്തത് എവിടെയാണെന്നു പിന്നീടു പുറത്തുവന്നതുമില്ല.
കേരളത്തിലെ അനേകം പള്ളി മദ്‌റസകള്‍ കൈയേറാന്‍ ശ്രമിച്ചു കള്ളക്കേസുകളില്‍ കുടുക്കി നിരപരാധികളെ വേട്ടയാടിയപ്പോള്‍ കോടതി വിധിപോലും നടപ്പാക്കാന്‍ മറ്റാരെയോ കാത്തിരുന്നത് എന്തിനുവേണ്ടിയാണ്.? അപ്രിയസത്യങ്ങള്‍ തുറന്നുപറയുന്നതിനു 'ലീഗ് വിരുദ്ധര്‍' പട്ടം ചാര്‍ത്തി നല്‍കുന്നതിനപ്പുറം പുന:പരിശോധനയാണു വേണ്ടത്. സദുദ്ദേശപരമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാവുന്ന വിശാല മനസ്സ് ഉണ്ടാവുമെന്നാണ് ഇങ്ങനെയൊക്കെ കുറിച്ചതിന്റെ പിന്നിലും.
ഗുണപാഠം: 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വഞ്ചനയെക്കുറിച്ച് തുറന്നുപറഞ്ഞത് ഓര്‍മയ്ക്കു വേണ്ടി ഇവിടെ കുറിക്കുന്നു: ''തെരഞ്ഞെടുപ്പിന്റെ ഘട്ടം വരെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോടു പറഞ്ഞത് ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുംപോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പെന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു വ്യക്തമായ നിലപാടുണ്ടാകും. അത് നിങ്ങളുടെ കൂടെത്തന്നെയായിരിക്കുമെന്നു ശക്തമായി പറഞ്ഞതാണ്. പക്ഷേ, അപ്പോള്‍ ഏതോ ഒരു കാര്യം മറച്ചുവച്ചിട്ടുണ്ടാവും. ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. അത് സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ടെന്നു നമ്മളെല്ലാം കാണുന്ന മാന്യതയ്ക്കു നിരക്കാത്തതുമാണ്.'' (പിണറായി വിജയന്‍ അഭിമുഖം: മാധ്യമം ആഴ്ചപ്പതിപ്പ് 2011 ഓഗസ്റ്റ് 22). നോ.. കമന്റ്‌സ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."