ഹയര്‍ സെമക്കന്‍ഡറി അധ്യാപകക്ഷാമം: പരീക്ഷാ ചുമതല പ്രൈമറി അധ്യാപകര്‍ക്കും
മലപ്പുറം: പരീക്ഷാ ഡ്യൂട്ടിക്ക് ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് പ്രൈമറി അധ്യാപകര്‍ക്ക് ചുമതല നല്‍കാന്‍ നിര്‍ദേശം. പരീക്ഷാഹാളില്‍ ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപകരില്ലാത്തത് ചൂണ്ടിക്കാട്ടി 'സുപ്രഭാതം'വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അധ്യാപക സംഘടനകളും വിഷയം ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്നാണ് പ്രൈമറി തലത്തിലുള്ള അധ്യാപകരുള്‍പ്പെടെയുള്ളവര്‍ക്ക് ചുമതല നല്‍കി പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ മാസം ഏഴുമതുല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഒപ്പമാണ് പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകളും ആരംഭിച്ചത്്. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കുപുറമേ സ്‌കോള്‍ കേരള വഴി പഠനം നടത്തുന്ന ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി പരീക്ഷയെഴുതുന്നതോടെയാണ് പരീക്ഷ നിയന്ത്രിക്കുന്നതിന് ഇന്‍വിജിലേറ്റര്‍മാരുടെ കുറവുണ്ടായത്. ഹൈസ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകരെ നേരത്തെ തന്നെ പരീക്ഷ ചുമലത ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കിയിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മറ്റുള്ള എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകരെ കൂടി പരീക്ഷാ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്്. 12 വിദ്യാഭ്യാസ ജില്ലകളിലായി 1185 അധ്യാപകരുടെ കുറവാണ് സംസ്ഥാനത്തുള്ളത്.
ഏറ്റവുംകൂടുതല്‍ ഓപ്പണ്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലാണ് അധ്യാപക ക്ഷാമം കൂടുതലുള്ളത്. മൂന്നുവിദ്യാഭ്യാസ ജില്ലകളിലായി 455 അധ്യാപകരുടെ കുറവാണ് ജില്ലയിലുള്ളത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍(130), തിരൂര്‍(290), തിരൂരങ്ങാടി(35)എന്നിങ്ങനെയാണ് മലപ്പുറം ജില്ലയില്‍ പരീക്ഷാഡ്യൂട്ടിക്ക് കുറവുള്ളവരുടെ എണ്ണം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി(164), വടകര(116), കോഴിക്കോട്(115) എന്നിങ്ങനെയും അധ്യാപകരുടെ കുറവുണ്ട്.
അധ്യാപകരുടെ കുറവുള്ള മറ്റു വിദ്യാഭ്യാസ ജില്ലകള്‍ കാസര്‍കോട്(25), കാഞ്ഞങ്ങാട്(40), കോട്ടയം(150), കൊല്ലം(60), കൊട്ടാരക്കര(30), പുനലൂര്‍(30)എന്നിങ്ങനെയാണ്. ഈ വിദ്യാഭ്യാസ ജില്ലകളില്‍ ഇനിയും ആവശ്യമായ അധ്യാപകരെ എല്‍.പി, യു.പി സ്‌കൂളുകളില്‍നിന്നു എസ്.എസ്.എല്‍.സി പരീക്ഷാ ചുമതലയില്ലാത്ത ഹൈസ്‌കൂള്‍ അധ്യാപകരെയും ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകള്‍ ഇടകലര്‍ന്നിരിക്കുന്ന ഹാളില്‍ 30പേരും ഒരു വിഭാഗം മാത്രം പരീക്ഷയെഴുതുന്ന ഹാളില്‍ 20 പേരുമാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ പൊതുവിഷങ്ങളായ ഇംഗ്ലീഷ്, രണ്ടാംഭാഷ പരീക്ഷകള്‍ നടക്കുന്ന നാലുദിവസങ്ങളിലാണ് ഇന്‍വിജിലേറ്റര്‍മാരുടെ ക്ഷാമം രൂക്ഷമാവുക. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം താല്‍ക്കാലികആശ്വാസമാവുമെങ്കിലും മേല്‍പറഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്നും പ്രതിസന്ധിയുണ്ടാകുമെന്നും അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."