യു.കെയിലെ മുസ്ലിം വിരുദ്ധ ലഘുലേഖ: അന്വേഷണം ആരംഭിച്ചു
ലണ്ടന്‍: മുസ്ലിം വിരുദ്ധ ലഘുലേഖ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ലഭ്യമായത് സംബന്ധിച്ച് യു.കെ അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ മൂന്നാം തിയതി മുസ്ലിംകളെ അക്രമിക്കാന്‍ ആവശ്യപ്പെട്ടുള്ള ലഘുലേഖകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്.
ലണ്ടന്‍, വെസ്റ്റ് മിഡ്ലന്‍ഡ്, യോര്‍ക്ഷെയര്‍ എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് തപാല്‍ വഴി മുസ്ലിം വിരുദ്ധ സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ നിരവധിപേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
മുസ്ലിംകള് നിങ്ങളെ പ്രയാസപ്പെടുത്തും. നിങ്ങളുടെ ദു:ഖങ്ങള്‍ക്കും വേദനക്കും അവര്‍ കാരണമാവുന്നു. ഇങ്ങനെയാണ് ലഘു ലേഖയിലെ പരാമര്‍ശങ്ങള്‍.
മുസ്ലിംകളെ ആക്രമിക്കുന്നത് പ്രേത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പോയിന്റുകളും അതില്‍ നല്‍കിയിട്ടുണ്ട്. വാക്കുകളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് പത്ത് പോയിന്റ്, മുസ്ലിംകളുടെ മുഖങ്ങളില്‍ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് 50 പോയിന്റ്, പള്ളികള്‍ ബോംബാക്രമണങ്ങളിലൂടെ തകര്‍ക്കുന്നവര്‍ക്ക് 1,000 പോയിന്റ് ഇങ്ങനെയാണ് പോയിന്റ് നില രേഖപ്പെടുത്തിയിരിക്കുന്നത്്.
ബ്രിട്ടനിലെ രണ്ടാമത്തെ മതമായ ഇസ്ലാമില്‍ 25 ലക്ഷം വിശ്വാസികളാണുള്ളത്. തീവ്ര മുസ്ലിം വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്ന ലണ്ടന്‍ മെട്രോപൊളിറ്റന്‍ സംഘത്തില്‍ യോര്‍ക്ഷെയര്‍ പൊലിസും ചേര്‍ന്നു.
പൊതു സമൂഹത്തിന്റെ സുരക്ഷയാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും ജനങ്ങള്‍ ജാഗ്രതരാവണമെന്നും ഭയപ്പെടരുതെന്നും യോര്‍ക്ഷെയര്‍ പൊലിസ് പ്രസ്താവനയിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."