ദിനകരന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു; പ്രഖ്യാപനം 15ന്
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികൂടി പിറവിയെടുക്കുന്നു. ആര്.കെ നഗര്‍ എം.എല്‍.എ ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 15നുണ്ടാകുമെന്ന് അദ്ദേഹം ഇന്നലെ ചെന്നൈയില്‍ അറിയിച്ചു.
മുന്‍മുഖ്യമന്ത്രി ജയലളിതയുടേയും ചിന്നമ്മ വി.കെ ശശികലയുടെയും അനുഗ്രഹം ഉണ്ടാകുമെന്നും ദിനകരന് പറഞ്ഞു.
വഞ്ചകരില്‍ നിന്ന് തമിഴ്നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതിനുപിന്നിലുള്ളത്. മധുര ജില്ലയിലെ മേലൂരില്‍ 15ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടൊപ്പം കൊടിയും അനാവരണം ചെയ്യും.
തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഷര്‍ കുക്കര്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും ദിനകരന് പറഞ്ഞു. അണ്ണാ ഡി.എം.കെയുടെ ചതിപ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയെന്നത് അത്യാവശ്യമായി വന്നിരിക്കുകയാണ്.
അണ്ണാ ഡി.എം.കെയില്‍ നിന്ന് അയോഗ്യരാക്കിയ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി പ്രഖ്യാപന യോഗത്തില്‍ പങ്കെടുക്കുമെന്നും ദിനകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."