ഭൂമി വിവാദത്തില്‍ ഇടയലേഖനവുമായി കോഴിക്കോട് സി.എസ്.ഐ ബിഷപ്
കോഴിക്കോട്: സി.എസ്.ഐ ഇടവകയുടെ കീഴിലുള്ള ഭൂമി സ്വകാര്യ വസ്ത്ര സ്ഥാപനത്തിന് വാടകക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഇടയലേഖനവുമായി മാഹാ ഇടവക ബിഷപ് രംഗത്ത്. ഡോ. റോയ്‌സ് മനോജ് വിക്ടറാണ് ഇടയലേഖനം പുറത്തിറക്കിയത്. സഭക്ക് കീഴില്‍ വെറുതേ കിടക്കുന്ന ഭൂസ്വത്തുക്കള്‍ വരുമാന സ്രോതസാക്കി മാറ്റുന്ന നടപടികളുടെ ഭാഗമായാണ് കോഴിക്കോട് നഗരത്തിലെ സ്ഥലം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതെന്ന് ലേഖനത്തില്‍ പറയുന്നു.
ആദ്യം കുറഞ്ഞ വാടകക്കാണ് നല്‍കിയതെങ്കിലും അനുവദിച്ചതിലും കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അധിക വാടകയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ മനസിലാക്കാതെ സി.എസ്.ഐ സഭയുടെ ഓഫിസില്‍ അതിക്രമിച്ച് കയറി തെറ്റായ വിവരങ്ങള്‍ പറഞ്ഞ് സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ നിയമിച്ചതായും ഇടയലേഖനത്തില്‍ പറയുന്നു.
കോഴിക്കോട് സി.എസ്.ഐ സഭക്ക് കീഴിലുള്ള നഗരത്തിലെ 64 സെന്റ് സ്ഥലം സ്വകാര്യ വസ്ത്രസ്ഥാപനത്തിന് വാടകക്ക് നല്‍കിയിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സും 1.75ലക്ഷം രൂപ മാസവാടകയുമാണ് കരാറില്‍ പറഞ്ഞിരുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമി നിസാര വിലക്ക് കൈമാറിയത് തട്ടിപ്പ് നടത്താനാണെന്നാരോപിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തുകയും ബിഷപ്പിനെ ഉപരോധിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."