ആദ്യ റാങ്കുകള്‍ കേരള സിലബസുകാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാംറാങ്കിന്റെ ഫലം തടഞ്ഞുവച്ചു. കാസര്‍കോട് നുള്ളിപ്പടി ശ്രീശുഭയില് വി.മേഘ്നക്കാണ് രണ്ടാം റാങ്ക്. സ്കോര്‍- 816. ജനറല്‍ വിഭാഗത്തില്‍ 2646-ാം റാങ്കാണ് മേഘ്നക്ക് ലഭിച്ചത്.
ആദ്യ ആയിരം റാങ്കുകാരില്‍ 484 പേരും കേരള സിലബസില്‍ പ്ലസ്ടു പഠനം കഴിഞ്ഞവരാണ്. സി.ബി.എസ്.ഇ.യില്‍ പഠിച്ച 488 പേരും ഐ.സി.എസ്.ഇയില്‍ പഠിച്ച 22 പേരും ആദ്യ ആയിരം റാങ്കില്‍ ഇടംപിടിച്ചു. ആദ്യ നൂറ് റാങ്കുകാരില്‍ 63 പേര് ആണ്‍കുട്ടികളും 37 പേര് പെണ്‍കുട്ടികളുമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 19 പേരും മലപ്പുറം ജില്ലയില്‍ നിന്ന് 16 പേരും കണ്ണൂരില്‍ നിന്ന് 11 പേരും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് എട്ടുപേര്‍ വീതവും ആദ്യ നൂറുപേരില്‍ സ്ഥാനം പിടിച്ചു. ആദ്യമായി പ്രവേശന പരീക്ഷ എഴുതിയ 44 പേരും രണ്ടാം തവണ എഴുതിയ 47 പേരും മൂന്നാം തവണ പരീക്ഷ എഴുതിയ ഒന്‍പതുപേരും ആദ്യ നൂറില്‍ ഇടംപിടിച്ചു. കേരളത്തില്‍ 347-ഉം ഡല്‍ഹിയില്‍ രണ്ടും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമായി ഏപ്രില്‍ 25 മുതല്‍ 28 വരെയായിരുന്നു എന്‍ജിനിയറിങ്്-മെഡിക്കല്‍ പ്രവേശന പരീക്ഷ. മെഡിക്കല്‍ വിഭാഗത്തില്‍1,16,477 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1,04,787 പേര് യോഗ്യത നേടി. വിവിധ കാരണങ്ങളാല്‍ മെഡിക്കല്‍ വിഭാഗത്തില്‍ 329 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ്, ആയുര്‍വേദ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് എന്നിവയാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍- അനുബന്ധ കോഴ്സുകളിലേക്കുള്ള ( ആയുര്‍വേദം ഒഴികെ) അലോട്ട്മെന്റ് സംസ്ഥാന മെഡിക്കല്‍ റാങ്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."