രക്തക്കറ മാത്രം പോര, സീബ്രാലൈനും കാണണം
കോഴിക്കോട്: ജില്ലയിലെ പ്രധാന നിരത്തുകളില്‍ സീബ്രാലൈനുകള്‍ മാഞ്ഞു തുടങ്ങിയത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പുതുതായി നിര്‍മിച്ച ആറു നഗരപാതകള്‍ മാറ്റി നിര്‍ത്തിയാല്‍ മിക്ക റോഡുകളിലെയും സീബ്രാലൈനുകള്‍ പൂര്‍ണമായോ ഭാഗികമായോ മാഞ്ഞുപോയ നിലയിലാണ്. മാവൂര്‍ റോഡ് ജങ്ഷന്‍, കല്ലായി, പാവമണി റോഡ്, സ്റ്റേഡിയം റോഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലാണ് പ്രശ്‌നം രൂക്ഷം. തിരക്കേറിയ റോഡുകളില്‍ സീബ്രാലൈനിനെ ആശ്രയിച്ചാണ് ഭൂരിഭാഗം ജനങ്ങളും റോഡ് മുറിച്ചു കടക്കുന്നത്. എന്നാല്‍ ഇത്തരം ട്രാഫിക് നിയമം പാലിക്കുന്നവര്‍ തന്നെ അപകടത്തില്‍പ്പെടുമെന്ന ആശങ്കയിലാണ്.
ജില്ലയില്‍ വാഹനാപകട മരണങ്ങള്‍ കുറയ്ക്കാനായി ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക് പരിഷ്‌കരണം ശക്തമാകുമ്പോഴാണ് ഈ പോരായ്മ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സിറ്റി ട്രാഫിക് പരിധിയിലെ അപകടം നടന്ന സ്ഥലങ്ങളില്‍ രക്തക്കറയുടെ മാതൃക പതിക്കുന്ന കാംപയിന്‍ പരിപാടി അടുത്തിടെ ട്രാഫിക് അധികൃതര്‍ തുടങ്ങിയിരുന്നു.
പി.ഡബ്ല്യു.ഡി വിഭാഗമാണ് സീബ്രാലൈനുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കേണ്ടത്. റെയില്‍വേ സ്റ്റേഷന്‍ പരിസരം, ബീച്ച് റോഡ് എന്നിവിടങ്ങളില്‍ മാത്രം സീബ്രാലൈന്‍ മാറ്റി വരയ്ക്കാന്‍ ഇവര്‍ തയാറായിട്ടുണ്ട്. അതേസമയം നഗരത്തിന് പുറത്ത് വെങ്ങളം-രാമനാട്ടുകര ദേശീയപാതയില്‍ മാഞ്ഞുപോയ സീബ്രാലൈനിന്റെ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ സംഭവിക്കുന്ന അപകടത്തിന്റെ നിരക്ക് കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഫറോക്ക് ചുങ്കം, കോവൂര്‍, കുന്ദമംഗലം, ചെറുവണ്ണൂര്‍ കെ.എസ്.ഇ.ബിക്ക് മുന്‍വശം, വെസ്റ്റ്ഹില്‍ റോഡ് എന്നിവിടങ്ങളിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരുടെ ജീവന്‍ പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."