രോഗങ്ങള്‍ പിടിമുറുക്കിയ ബിനുവിന്റെ കുടുംബത്തിന് വേണം കെട്ടുറപ്പുള്ളൊരു വീട്
പനമരം: രോഗിയായ അമ്മ, അപസ്മാരം ബാധിച്ച മകള്‍, ഭിന്നശേഷിയുള്ള മകന്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന മകന്‍, അപകടത്തില്‍ കാല്‍ വിരല്‍ നഷ്ടപ്പെട്ട ഗൃഹനാഥന്‍... ഈ കുടുംബമാണ് കെട്ടുറപ്പുള്ള ഒരു വീടിനും ഒരു ശൗചാലയത്തിനും വേണ്ടി അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്. കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല്മുക്ക് പതിനാറാം വാര്‍ഡില്‍ മൂലവയലില്‍ താമസിക്കുന്ന ശാസ്താംമോളത്ത് ബിനുവും കുടുംബവുമാണ് സ്വന്തമായി ഒരു വീടോ ശൗചാലയമോ ഇല്ലാതെ ദുരിതമനുഭവിക്കുന്നത്.
4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെരുമ്പാവൂരില്‍ നിന്നും വീടും സ്ഥലവും വിറ്റ് ബിനുവും കുടുംബവും വയനാട് ജില്ലയിലെ മില്ലു മുക്ക് വേസ്റ്റ്‌ലാന്റിന് സമീപമുള്ള വയലില്‍ താമസമാക്കുന്നത്. താല്‍ക്കാലികമായി പണിത ഷെഡ്ഡിലാണ് ഇവര്‍ ഇന്ന് അന്തിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജനം നടത്താനോ ഒന്ന് സുരക്ഷിതമായി കുളിക്കാനോ കെട്ടുറപ്പുള്ള ഒരിടം പോലുമില്ല. അടുക്കളയോട് ചേര്‍ന്ന് പ്ലാസ്റ്റിക് കൊണ്ട് മറച്ച കുളിമുറിയും ഒപ്പം മണ്ണില്‍ ചെറിയ കുഴി എടുത്ത് പേരിന് മാത്രം ക്ലോസറ്റ് വച്ച ശൗചാലയവുമാണ് ഇവര്‍ക്കുള്ളത്.
പെരുമ്പാവൂറിലെ പാറമടയിലെ തൊഴിലാളിയായിരുന്ന ബിനുവിന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അപകടം സംഭവിക്കുന്നത്. പാറമടയില്‍ പണി എടുക്കുന്ന വേളയില്‍ കരിങ്കല്ല് ചിതറി വീണ് ഇടത് കാലിന് ഗുരുതമായി ക്ഷതമേറ്റിരുന്നു. കരിങ്കല്ല് വീണതിന്റെ ആഘാതത്തില്‍ കാലിന്റെ പെരുവിരലും തള്ളവിരലും അറ്റ് പോയതോടെ ഈ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു. 83 വയസുള്ള ബിനുവിന്റെ അമ്മ ലീലാമണിയുടെ തലയുടെ ഞെരമ്പിന് ബ്ലോക്ക് സംഭവിച്ചതിനാല്‍ ഓര്‍മകുറവും മറ്റ് പ്രായാധിക്യ രോഗത്തിനും അടിമയാണ്. മൂന്ന് കുട്ടികളില്‍ രണ്ടു പേരും രോഗ ബാധിതരും.
പതിനാലു വയസുകാരിയായ ഹരിനന്ദന അപസ്മാരത്തിനടിമയും. എട്ടു വയസുകാരനായ ഹരിദാസ് ഭിന്നശേഷിക്കാരനും. മൂത്ത മകനായ ഹരികൃഷ്ണന്‍ പത്താം ക്ലാസ് പാസായെങ്കിലും ശതമാന കുറവ് കാരണം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം കിട്ടിയില്ല. സ്വകാര്യ സ്ഥാപനത്തില്‍ വിട്ട് പടിപ്പിക്കുവാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ഹരികൃഷ്ണന് തന്റെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നു.
ഒരുവീടിനായി ബിനുവും ഭാര്യ ദീപ്തിയും പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി ശൗചാലത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇത്തരമൊരു അപേക്ഷ ലഭിച്ചില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇവരുടെ ദുരവസ്ഥ ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടെങ്കിലും റേഷന്‍ കാര്‍ഡില്ലെന്ന കാരണത്താന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
കൂലി വേല ചെയ്താണ് ബിനു തന്റെ കുടുംബത്തിന്റെ ദൈനംദിന ചിലവുകളും ചികിത്സക്കുള്ള പണവും കണ്ടെത്തിയിരുന്നത്. എന്നാല്‍ നോട്ടുനിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ഈ സാധാരണക്കാരന്റെ ജീവിതവും വഴിമുട്ടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അര്‍ഹതയുണ്ടായിട്ടും ആനുകൂല്യങ്ങള്‍ക്ക് മനുഷ്യത്വത്തേക്കാള്‍ ഉപരി മാനദണ്ഡങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഭരണകൂടങ്ങളുടെ അവഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."