മുളക് പൊടി വിതറി 48 പവന്‍ കൊള്ളയടിച്ച കേസ്: പൊലിസ് ഇരുട്ടില്‍ തപ്പുന്നു
തലശ്ശേരി: തലശ്ശേരി നഗരമധ്യത്തില്‍ ജ്വല്ലറിയുടമയുടെ മുഖത്ത് മുളകുപൊടി വിതറി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായില്ല.
പള്ളൂരിലെ സ്റ്റാര്‍ ജ്വല്ലറി ഉടമ തലശ്ശേരി അച്ചാരത്ത് റോഡിലെ ഉഷസില്‍ പ്രദീപന്റെ ബാഗിലെ 48 പവന്‍ സ്വര്‍ണമാണ് ഫെബ്രുവരി രണ്ടിന് രാത്രി 8.30ഓടെ കൊള്ളയടിക്കപ്പെട്ടത്. പള്ളൂരിലെ കടയടച്ച ശേഷം തലശ്ശേരിയില്‍ കാറിലെത്തിയ പ്രദീപന്‍ മെയിന്‍ റോഡിലെ സഹോദരന്റെ സ്റ്റാര്‍ ജ്വല്ലറിയിലെത്തുകയായിരുന്നു.
പിന്നീട് പഴയ സ്വര്‍ണം വാങ്ങുന്ന തലശ്ശേരി പഴയ ബസ്സ്റ്റാന്റിലെ സേട്ടുവിന്റെ കടയിലേക്ക് പോയി. അവിടെ നിന്നും ഉരുക്കിയ സ്വര്‍ണം വാങ്ങി ബാഗില്‍ സൂക്ഷിച്ച് തിരികെ കാറില്‍ കയറുന്നതിനിടെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം മുളകുപൊടി വിതറി സ്വര്‍ണം തട്ടിയത്. രണ്ടുപേര്‍ തന്നെ പിന്നില്‍ നിന്നു പിടിച്ചുതള്ളിയ ശേഷമാണ് മുളക് പൊടി മുഖത്ത് വിതറിയതെന്ന് പ്രദീപന്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.കണ്ണു കാണാതായ അവസ്ഥ വന്നതോടെ പ്രതികള്‍ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ലോഗന്‍സ് റോഡ് ഭാഗത്തേക്കാണ് ബൈക്ക് പോയതെന്ന് പ്രദീപന്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് തലശ്ശേരി മെയിന്‍ റോഡിലെ സവിതാ ജ്വല്ലറിക്കകത്ത് കൊല്ലപ്പെട്ട ജ്വല്ലറി ഉടമ ചക്യത്ത്മുക്കിലെ ദിനേശന്റെ പിതൃസഹോദരപുത്രനാണ് പ്രദീപന്‍. ദിനേശന്‍ വധക്കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണ്. ജ്വല്ലറിയിലെ സ്വര്‍ണം കൊള്ളയടിച്ച് ദിനേശനെ കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. ദിനേശന്‍ കൊല്ലപ്പെട്ട ജ്വല്ലറിക്ക് സമീപത്ത് വെച്ച് തന്നെയാണ് ബന്ധുവും കൊള്ളക്കിരയായത്. തലശ്ശേരി പൊലിസ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പറഞ്ഞെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."