കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ ഇളംപ്രായക്കാരായ ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ റെസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാരും ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.
അക്കാദമിയുടെ സാങ്കേതികസഹായം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടാകണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന സച്ചിന്‍ സ്വീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള മറ്റുഭൗതിക പിന്തുണ സര്‍ക്കാര്‍ നല്‍കും.
ഫുട്‌ബോള്‍ പ്രതിഭകളുടെ ലഭ്യതയ്ക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം അക്കാദമികള്‍ സ്ഥാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുന്ന ഗ്രൗണ്ടുകളെ 'സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ' ഫുട്‌ബോള്‍ കളങ്ങളാക്കി വികസിപ്പിക്കും. നിര്‍ദിഷ്ട അക്കാദമിയിലേക്കുള്ള റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ എന്നനിലയില്‍ സ്‌കൂളുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
ഈവര്‍ഷം തന്നെ അക്കാദമി ടീം വിവിധ മത്സരരംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രിയും സച്ചിനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് പഞ്ചവത്സര സമഗ്ര പദ്ധതിക്ക് രൂപംനല്‍കുമെന്നും പറഞ്ഞു.
കേരള ഫുട്‌ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുംവിധം അഞ്ച വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള 100 ഫുട്‌ബോള്‍ താരങ്ങളെ രൂപപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് സച്ചിന്‍ പറഞ്ഞു. കായിക മന്ത്രി ഇ.പി ജയരാജന്‍, ധനമന്ത്രി തോമസ് ഐസക്ക്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."