അമല്‍ അശോകിന് മിമിക്രിയില്‍ ഹാട്രിക്
കൊച്ചി: മിമിക്രി മത്സരത്തില്‍ പങ്കെടുത്ത 85 പേരെ പിന്നിലാക്കി അമല്‍ അശോക് നേടിയത് ഹാട്രിക് വിജയം. കാലടി ശ്രീശങ്കര കോളജിലെ അവസാന വര്‍ഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമല്‍ തുടര്‍ച്ചയായ മൂന്നാം തവണയും അനുകരണ കലയില്‍ കിരീടം ചൂടിയപ്പോള്‍ നേടിയത് നടന്‍ സലീംകുമാറിന്റെ സ്ഥാനം.
ഇതിന് മുമ്പ് എം.ജി കലോത്സവ ചരിത്രത്തില്‍ സലീംകുമാര്‍ മാത്രമാണ് തുടര്‍ച്ചയായ മൂന്നു തവണ മിമിക്രിയില്‍ ഒന്നാമതെത്തിയിട്ടുള്ളത്. രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച് ആവര്‍ത്തനവിരസത നിറഞ്ഞ വേദിയില്‍ വ്യത്യസ്തമായ വിരുന്നൊരുക്കിയാണ് അമല്‍ ഒന്നാമതെത്തിയത്.
അധികമാരും ശ്രദ്ധിക്കാതെപോകുന്ന ചുറ്റുപാടുകളിലെ ശബ്ദമാണ് അമല്‍ അനുകരിച്ചത്. ചീവീട്, വ്യത്യസ്ത മൊബൈല്‍ ഫോണുകളുടെ വൈബ്രേഷന്‍, അഞ്ചു ശബ്ദങ്ങള്‍ ഒരുമിച്ചുള്ള ഡി.ജെ, പല ട്രെയിനുകളുടെ എഞ്ചിന്‍ ശബ്ദം തുടങ്ങിയവയാണ് അനുകരണത്തിന് വിഷയമാക്കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും മൂന്നു തവണ ഒന്നാമനായിട്ടുണ്ട്.
അച്ഛനില്‍ നിന്നാണ് മിമിക്രിയിലെ ബാലപാഠങ്ങള്‍ പകര്‍ത്തിയത്. അങ്കമാലി ഏഴാറ്റുമുഖം പേരുക്കുടി വീട്ടില്‍ അശോകന്റെയും ലവ്‌ലിയുടെയും മകനാണ്. ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് നേട്ടം. കഴിഞ്ഞ വര്‍ഷം സൗത്ത് ഇന്ത്യ, ദേശീയ മത്സരങ്ങളില്‍ ഒന്നാമതെത്തിയാണ് സൗത്ത് ഏഷ്യന്‍ മേളയിലേക്ക് അമല്‍ യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."