മൊബൈല്‍ ടവറുകള്‍ക്ക് ലക്ഷങ്ങളുടെ നികുതി കുടിശ്ശിക; പഞ്ചായത്തധികൃതര്‍ നിയമ നടപടികളിലേക്ക്
അരീക്കോട്: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ കമ്പനികള്‍ അവരുടെ ടവറുകളുടെ നികുതി ഇനത്തില്‍ പഞ്ചായത്തുകള്‍ക്ക് കുടിശ്ശിക വരുത്തിയത് ലക്ഷങ്ങള്‍. കീഴുപറമ്പ് പഞ്ചായത്തിലെ ബി.എസ്.എന്‍.എല്‍ ടവര്‍ 2013-14 സാമ്പത്തിക വര്‍ഷം മുതലുള്ള അഞ്ചു വര്‍ഷത്തെ നികുതി ഇനത്തില്‍ 97,342 രൂപ അടക്കേണ്ടതുണ്ട്. ഇവിടെ സ്വകാര്യ കമ്പനിയായ വോഡഫോണിന്റെ 2013-14 വര്‍ഷം മുതലുള്ള കുടിശ്ശിക 1,18,125 രൂപയും ഇന്‍ഡസ് ടവറിന്റെ 2016-17 വര്‍ഷം മുതലുള്ള കുടിശ്ശിക 57,750 രൂപയുമാണ്. മറ്റൊരു സ്വകാര്യ കമ്പനിയുടെ ടവറായ എ.ടി.സി.മാത്രമാണ് കുടിശ്ശികയില്ലാത്തത്.
നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷവും ബി.എസ്.എന്‍.എല്‍ അടക്കമുള്ള കമ്പനികള്‍ ടവറുകളുടെ നികുതി കുടിശ്ശിക അടക്കുന്നില്ലെന്നും നേരില്‍ ബന്ധപ്പെട്ടപ്പോള്‍ പോലും നിഷേധാത്മക നിലപാടാണ് ബന്ധപ്പെട്ടവര്‍ക്കെന്നും കീഴുപറമ്പ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും നിയമ നടപടി ആരംഭിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ എയര്‍ടെല്ലിന്റെ ആറ് ഇന്‍ഡസ് ടവറുകളും ബി.എസ്.എന്‍.എല്ലിന്റെ ഒന്നും അടക്കം ഏഴ് ടവറുകളാണുള്ളത്. ഇതില്‍ ബി.എസ്.എന്‍.എല്‍ 90,977 രൂപയും ഇന്‍ഡസ് ടവര്‍ മൊത്തം 3,03,149 രൂപയും കുടിശ്ശികയായി നല്‍കാനുണ്ട്. കൂടാതെ ബി.എസ്.എന്‍.എല്‍ അവരുടെ പനംപ്ലാവ് എക്‌സ്‌ചേഞ്ചിന്റെ കെട്ടിട നികുതി ഇനത്തില്‍ 82,825 രൂപ വേറെയും നല്‍കേണ്ടതുണ്ട്. ഇവിടയും നിയമനടപടിക്കൊരുങ്ങുകയാണ് അധികൃതര്‍ .
അരീക്കോട് പഞ്ചായത്തില്‍ ബി.എസ്.എന്‍.എല്ലിന്റ രണ്ടും റിലയന്‍സിന്റേത് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളുടേത് എട്ടും അടക്കം മൊത്തം പത്ത് ടവറുകളാണുള്ളത്. ഇവയുടെ കാര്യത്തില്‍ യഥാസമയം പ്രോസിക്യൂഷ്യന്‍നടപടികളടക്കം സ്വീകരിച്ച് നികുതി ഈടാക്കിപ്പോന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം അടക്കേണ്ടതല്ലാതെ മറ്റു കുടിശ്ശികകളൊന്നും നിലവിലില്ലെന്ന് അരീക്കോട് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
വിവിധ പഞ്ചായത്തുകള്‍ക്ക് നികുതി ഇനത്തില്‍ കുടിശ്ശികകള്‍ ഉണ്ടെന്നും ചില കാര്യങ്ങളില്‍ നിയമ നടപടികളുണ്ടെന്നും കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ബി.എസ്.എന്‍.എല്‍ ജില്ലാ മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."