പരീക്ഷാക്കാലം: മൂന്നാര്‍ ടൂറിസം മേഖല നിര്‍ജീവം
മൂന്നാര്‍: രാജമലയിലെ സന്ദര്ശകവിലക്കും പരീക്ഷാക്കാലവും മൂന്നാര്‍ ടൂറിസം മേഖലയെ തളര്‍ത്തുന്നു. ഫെബ്രുവരി മുതല്‍ വിനോദസഞ്ചാരികളുടെ വരവില്‍ ഏകദേശം അന്‍പത് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷാക്കാലമായതിനാല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വലിയ കുറവ് ഉണ്ടായിരിക്കുന്നത്. വരയാടുകളുടെ സുഖപ്രസവത്തിന് കളമൊരുക്കാന്‍ രാജമലയിലേക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് രാജമല. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും രാജമലയിലെത്താറുണ്ട്. രാജമലയിേേലക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നത് ഈ രണ്ട് മാസം സഞ്ചാരികള്‍ മൂന്നാറിനെ കൈവിടാന്‍ കാരണമാണ്. ദിവസേന ശരാശരി അയ്യായിരം പേര് വരെ എത്തിയിരുന്ന മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.
മാട്ടുപ്പെട്ടി ജലാശയത്തില്‍ നിര്‍ത്താതെ ഓടിയിരുന്ന ബോട്ടുകള്‍ ഇപ്പോള്‍ കൂടുതല്‍ സമയം വിശ്രമത്തിലാണ്. മൂന്നാര്‍ മേഖലയില്‍ ഹോട്ടലുകളും ലോഡ്ജുകളും ഹോംസ്റ്റേകളുമെല്ലാം കാലിയാണ്. തിരക്കില്ലാതായതോടെ ടൗണില്‍ വാഹനക്കുരുക്കും എവിടേയുമില്ല. പരീക്ഷാക്കാലം അവസാനിച്ച് മധ്യവേനലവധി ആരംഭിക്കുന്നതോടെ അടുത്ത മാസം മുതല്‍ ഉണര്‍വ് പ്രതീക്ഷിക്കുകയാണ് ടൂറിസം മേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."