ജാമ്യമെടുത്ത് മുങ്ങിയ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ബൈജു (53) ആണ് അറസ്റ്റിലായത്. കോടതിയില്‍ നിന്നും ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ നെടുങ്കണ്ടം പൊലിസിന്റെ സ്‌പെഷല്‍ സ്‌ക്വാഡാണ്പിടികൂടിയത്. പ്രതി തൊടുപുഴയിലെത്തിയതായി സ്‌പെഷ്യല്‍ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്നലെ വൈകിട് നാലിനു തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. 1994 ല്‍ പാമ്പാടുംപാറയില്‍ നിന്നും ഡീസല്‍ ജീപ്പ് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയെ നെടുങ്കണ്ടം പൊലിസ് 1994ല്‍ അറസ്റ്റ് ചെയ്തിരുന്നു.
കേസ് കോടതിയിലെത്തിയതോടെ ജാമ്യമെടുത്ത പ്രതി ഒളിവില്‍പോയി. തുടര്‍ന്ന് നിരവധി തവണ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെ തൊടുപുഴയിലെത്തിയ പ്രതി സ്ഥലമിടപാടും, വാഹനക്കച്ചവടവും നടത്തുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
നെടുങ്കണ്ടം എസ് എച്ച് ഒ ഇ.കെ.സോള്‍ജി മോന്‍, എഎസ്‌ഐ ജോസ് വര്‍ഗീസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എസ്. ജയേന്ദ്രന്‍,ഷാനു എന്‍ വാഹീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
1989ല്‍ തമിഴ്‌നാട്ടിലെ മെര്‍ക്കന്റയില്‍ ബാങ്ക് കൊള്ളയടിച്ച് 96 ലക്ഷം രൂപയും, വാഹനവും കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് ബൈജുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയുടെ പേരിലുള്ള കേസുകളുടെ വിവരശേഖരണം പൊലിസ് ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."