എല്‍.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
തൊടുപുഴ: നിലവിലുള്ള എല്‍. ഡി.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ജില്ലയിലെ നൂറുകണക്കിനു ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നു.
ഈ മാസം 30ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുമെന്നിരിക്കേ അധികൃതരില്‍ നിന്ന് അുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ കടുത്ത ആശങ്കയിലാണിവര്‍.
2015 മാര്‍ച്ച് 31നു നിലവില്‍ വരികയും അഞ്ചുമാസങ്ങള്‍ക്കുശേഷം നിയമനം ആരംഭിക്കുകയും ചെയ്ത റാങ്ക് പട്ടികയില്‍നിന്ന് ഇതുവരെ ജില്ലയില്‍ ഓപണ്‍ കാറ്റഗറിയില്‍ 355 നിയമനങ്ങള്‍ മാത്രമാണു നടന്നിട്ടുള്ളത്. മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി ജില്ലയില്‍നിന്ന് 1,845 പേരാണു റാങ്ക് പട്ടികയിലുള്ളത്.
സാധാരണ എല്ലാ എല്‍ഡിസി റാങ്ക് പട്ടികയ്ക്കും മൂന്നുവര്‍ഷം കാലാവധി ലഭിക്കുന്ന സ്ഥാനത്ത് ഈ പട്ടികയുടെ കാലാവധി രണ്ടുവര്‍ഷവും ഒന്‍പതുമാസവും ആയി ചുരുങ്ങിയത് തിരിച്ചടിയായി. 2015 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി മുന്‍ ലിസ്റ്റിനു നല്‍കിയതു മൂലം ഇടുക്കി ജില്ലയില്‍ 90 ഒഴിവുകളും സംസ്ഥാനത്തൊട്ടാകെ 1691 ഒഴിവുകളും നഷ്ടപ്പെട്ടതായി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ആശ്രിത നിയമനത്തിനായി മാത്രം 970 ഒഴിവുകളും നേരത്തേതന്നെ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കപ്പെട്ടിരുന്നു.
ആശ്രിത നിയമനത്തിന് അഞ്ചു ശതമാനം, അന്തര്‍ ജില്ലാ സ്ഥലമാറ്റത്തിന് 10 ശതമാനം, ലാസ്റ്റ് ഗ്രേഡ് പ്രമോഷന് 10 ശതമാനം എന്ന അടിസ്ഥാനത്തിലാണ് ഒഴിവുകള്‍ മാറ്റപ്പെടേണ്ടതെങ്കിലും പല വകുപ്പുകളും ഇതൊന്നും പാലിക്കാതെ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ മാറ്റുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഇങ്ങനെ എല്ലാ രീതിയിലും മാറ്റിയശേഷം ബാക്കിയുള്ള ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വീണ്ടും 10 ശതമാനം ബൈ ട്രാന്‍സ്ഫര്‍ ഇനത്തില്‍ മാറ്റിയശേഷം മിച്ചമുള്ള ഒഴിവുകളാണ് റാങ്ക് പട്ടികയില്‍ ഇടംനേടി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പല വകുപ്പുകളിലും ക്ലറിക്കല്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ ക്ലറിക്കല്‍ തസ്തികയുടെ സൃഷ്ടിക്കല്‍ ഫയലിലും വാഗ്ദാനങ്ങളും മാത്രമായി ഒതുങ്ങുകയും ചെയ്തതും പിഎസ്‌സി പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞ ഒട്ടേറെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ അസ്തമിക്കാന്‍ ഇടയാക്കുകയാണ്.
മുന്‍ എല്‍ ഡി ക്ലര്‍ക്ക് ലിസ്റ്റുകളെ അപേക്ഷിച്ച് വളരെ കുറവു നിയമനമാണ് നിലവിലെ റാങ്ക് പട്ടികയില്‍നിന്നു നടന്നിരിക്കുന്നത്. ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥരുടെ സമീപനം മൂലമാണ് നിയമനം കുറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. പൊലിസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ നിലവില്‍ ഒട്ടേറെ ഒഴിവുകളുണ്ടെങ്കിലും ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ആശ്രിത നിയമനത്തിനുവേണ്ടി നിശ്ചിത ശതമാനത്തിലധികം ഒഴിവുകള്‍ മാറ്റിവച്ചിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. നിലവിലെ റാങ്ക് പട്ടികയ്ക്ക് അര്‍ഹതപ്പെട്ടതും നഷ്ടപ്പെട്ടതുമായ ഒഴിവുകള്‍ തിരിച്ചു നല്‍കുകയോ, റാങ്ക് പട്ടികയുടെ കാലാവധി നീട്ടുകയോ ചെയ്യുക എന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."