പള്‍സ്‌പോളിയോ: ജില്ലയില്‍ 68123 കുട്ടികള്‍ക്ക് മരുന്നു നല്‍കി
തൊടുപുഴ: ജില്ലയില്‍ നടന്ന പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ 68123 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ അറിയിച്ചു. 75313 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. 90.45 ശതമാനം കുട്ടികള്‍ക്ക് ആദ്യ ദിനം ബൂത്തുകളില്‍ വച്ച് തുള്ളി മരുന്ന് നല്‍കി.
മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ബസ്സ്റ്റാന്‍ഡുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും രണ്ടു ദിവസം കൂടി പ്രവര്‍ത്തിക്കുന്നതാണ്.
ജില്ലയിലെ പള്‍സ് പോളിയോ നിര്‍മ്മാര്‍ജന യജ്ഞം ജോയ്‌സ് ജോര്‍ജ്ജ് എം.പി. ഇടുക്കി ജില്ലാ ആശുപത്രിയിലെ പള്‍സ് പോളിയോ ബൂത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 5 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കി പരിപാടി പൂര്‍ണ്ണ ലക്ഷ്യത്തില്‍ എത്തട്ടെയെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും എം.പി. അഭ്യര്‍ത്ഥിച്ചു.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ്ജ് വട്ടപ്പാറ, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. ജലാലുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ, ആര്‍. സി. എച്ഛ്. ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി, മാസ്സ് മീഡിയ ഓഫീസര്‍ വി.എന്‍. പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.
34 മൊബൈല്‍ ബൂത്തുകള്‍, 20 ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പെടെ 1036 ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. ടൂറിസം മേഖലകള്‍, ബസ് സ്റ്റാന്റ്, എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉത്സവസ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവയുള്‍പ്പടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ക്‌ളബ് തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."