മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടു മാറ്റം ദുരൂഹമാണെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നു പണം പിരിച്ച് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവായിരിക്കേ വി.എസ്.അച്യുതാനന്ദന്‍ പ്രസംഗിച്ചിരുന്നത്. കേരളം ഇതുവരെ സ്വീകരിച്ച നയത്തിനു ഘടകവിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്റേത്.
120 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന സര്‍വകക്ഷി സംഘം കേന്ദ്രസര്‍ക്കാരിനെ കണ്ട് ആവശ്യപ്പെട്ടത്.
ഇപ്പോഴത്തെ അണക്കെട്ടിന് ബലക്ഷയമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാടിന്റെ വാദത്തെ ശരിവയ്ക്കുന്നതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എടുത്ത നിലപാടുകളെ നിരാകരിച്ച് എന്തിനാണ് മുഖ്യമന്ത്രി ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വ്യക്തമല്ല. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറയുന്നത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം തുടരുമെന്നതാണ്.
142 അടിയില്‍ നിന്നു 152 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. അണക്കെട്ടിന് ബലക്ഷയമില്ലെന്ന തരത്തില്‍ കേരളമുഖ്യമന്ത്രി നലപാടെടുത്താല്‍ അതു തമിഴ്‌നാടിന്റെ വാദം ശരിവയ്ക്കലാവും. ഇതു വലിയ പ്രത്യാഘാതം കേരളത്തിനുണ്ടാക്കും.
എന്തുകൊണ്ട് ഈ നിലപാട് ഉണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കണം. അതിരപ്പിള്ളി വിഷയത്തില്‍ സമവായമുണ്ടാക്കി മാത്രമേ മുന്നോട്ട് പോകാവൂ എന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."