സാധാരണക്കാരോട് നീതി പുലര്‍ത്താന്‍ ഇസാഫിന് സാധിച്ചു: മന്ത്രി എ.കെ. ബാലന്‍
പാലക്കാട്: സാധാരണക്കാരോട് നീതി പുലര്‍ത്താന്‍ സംസ്ഥാനത്തെ പ്രഥമ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാധിച്ചുവെന്ന് പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്കക്ഷേമ, സാംസ്‌കാരിക, നിയമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ഇസാഫിന്റെ 100ാമത് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസാഫിന്റെ സേവനങ്ങള്‍ പ്രശംസനീയമാണ്, ബാങ്കുകള്‍ക്കു ജനാഭിമുഖ്യമുണ്ടാകണം, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തരുതെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍ നിര്‍വഹിച്ചു.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും വൈസ് പ്രസിഡന്റ് കെ. കുമാരന്‍ കാഷ് കൗണ്ടറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗംഗാധരന്‍ സ്‌കൈപ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.
ഇസാഫ് ബാങ്കിന്റെ പാലക്കാട് ജില്ലയിലെ 12മത് ശാഖയാണിത്. നിലവില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഇസാഫിന് ശാഖകളുണ്ട്. ഇസാഫ് കോഓപ്പറേറ്റിവ് ചെയര്‍മാന്‍ മെറീന പോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ. ടി. ഔസേപ്പ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാകരന്‍, ബോബന്‍ ജോര്‍ജ്, കെ.എം. ജലീല്‍, പി. കെ. രാജു, അലോക് തോമസ് പോള്‍, ബോസ്‌കോ ജോസഫ്, ശ്രീജിത് എം. എം പ്രസംഗിച്ചു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് , മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, പുതുച്ചേരി, ജാര്‍ഖണ്ഡ്, ന്യൂഡല്‍ഹി എന്നീ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സേവനം ലഭ്യമാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ആറ് ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും ഇതുവരെ നേടാനായി.
11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇപ്പോള്‍ 400 ബാങ്കിങ് ഔട്ട്‌ലെറ്റുകളും 200 എ.ടി.എമ്മുകളും 20 ലക്ഷം ഉപഭോക്താക്കളുമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസം ഏകദേശം 10 പുതിയ ശാഖകള്‍ ആരംഭിക്കാനായി. 16 ലക്ഷം പുതിയ വായ്പകള്‍ ഉള്‍പ്പടെ 4200 കോടി രൂപ വിതരണം ചെയതു.
ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മൂലധനവര്‍ധനവിനുള്ള പദ്ധതിയും തയ്യാറാക്കിവരുന്നു. ബാങ്കിന്റെ നിലവിലുള്ള മൂലധനം 475 കോടി രൂപയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഇസാഫ് ബാങ്കിലുണ്ട്.
യുനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം ഉടന്‍ ബാങ്കില്‍ നടപ്പിലാക്കും. നിലവിലുള്ള മൊബൈല്‍ ആപ്പിനു പുറമെ യു.പി.ഐക്കു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വരും. ബാങ്കിങ് അനുബന്ധസേവനങ്ങള്‍ കൂടാതെ ഫണ്ട് ട്രാന്‍സ്ഫര്‍, മെര്‍ച്ചന്റ് പെയ്‌മെന്റ്, കോര്‍പ്പറേറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാക്കും, ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."