മാള മള്‍ട്ടി ജി.പി ജലനിധി പദ്ധതി അപാകതകള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്ത്
മാള: എല്ലാവര്‍ക്കും എല്ലാ ദിവസവും ശുദ്ധജലം ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെ ആരംഭിച്ച ജലനിധി പദ്ധതിയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരേ നാട്ടുകാര്‍ രംഗത്ത് .
വാട്ടര്‍ അതോറിറ്റി ആയിരം ലിറ്റര്‍ വെള്ളത്തിനു ആറു രൂപ എന്ന നിരക്കിലാണു ജലനിധിക്കു നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന വെള്ളം കൂടുതല്‍ വിലയ്ക്കു വിറ്റു ലാഭം ഉണ്ടാക്കുകയാണു ജലനിധിയുടെ ഒരോ സ്‌കിം ലെവല്‍ കമ്മിറ്റികളും.
ജലനിധി പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളുടെ നാലു ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ചാലക്കുടി പുഴയില്‍ നിന്നുള്ള വെള്ളം മിതമായ വിലയ്ക്കാണു വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. ജലനിധി പദ്ധതി പ്രകാരം വെള്ളം വിതരണം നടത്തുന്നതിനായി അഞ്ചു പഞ്ചായത്തുകളിലും വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിക്കു ബള്‍ക്ക് മീറ്റര്‍ പദ്ധതി പ്രകാരം ഒരോ പഞ്ചായത്തിലെയും ടാങ്കുകളിലേയ്ക്കു ശുദ്ധീകരിച്ച വെള്ളം എത്തിച്ചു നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമാണുള്ളത്.
അവിടെ സ്ഥാപിച്ചിരിക്കുന്ന മീറ്ററില്‍ കാണുന്ന വെള്ളത്തിന്റെ അളവിലുള്ള വിലയാണു ജലനിധി കൊടുക്കേണ്ടതായി വരുന്നത്. പൈപ്പ് പൊട്ടി വെള്ളം പഴായാലും അതിന്റെ വിലയും നല്‍കേണ്ടതായി വരും. ജലനിധി പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളും മറ്റു സാമഗ്രഹികളും വേണ്ടത്ര ഗുണനിലവാരം ഇല്ലാത്തതാണെന്നു ആക്ഷേപമുണ്ട്. പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടുന്നതു ഇതു കാരണമാണന്ന് നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു.
വിവരവകാശ രേഖകള്‍ പ്രകാരം തൃശൂര്‍ ജില്ലാ റജിസ്ട്രാര്‍ ഓഫിസില്‍ മാള പഞ്ചായത്ത് സ്‌കിം ലെവല്‍ കമ്മിറ്റിയൊഴികെ മറ്റു അഞ്ചു പഞ്ചായത്ത് സ്‌കീം ലെവല്‍ കമ്മിറ്റികള്‍ ഫയല്‍ ചെയ്ത കണക്കുകള്‍ അവ്യക്തത നിറഞ്ഞതാണെന്നു ആക്ഷേപമുണ്ട്. മാള സ്‌കീം ലെവല്‍ കമ്മിറ്റി ഇതുവരെ ഒരു കണക്കുകളും ഫയല്‍ ചെയ്തിട്ടില്ല. സ്‌കീം ലെവല്‍ കമ്മറ്റിയുടെ ഓഫിസ് കംപൂട്ടര്‍വല്‍ക്കരണം നടത്താത്തതിനാല്‍ പണം അടയ്ക്കുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇതു മൂലം കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിയ്ക്കു വഴിയാരുക്കുമെന്ന ആശങ്കയുമുണ്ട് . സ്‌പോട്ട് ബില്ലിനോടൊപ്പം സ്‌പോട്ട് കളക്ഷന്‍ കൂടി എടുക്കണമെന്നു ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.
സ്‌കീം ലെവല്‍ കമ്മിറ്റിയുടെ ഭരണ അധികാരങ്ങളില്‍ ഒന്നാണു അതാതു കാലങ്ങളില്‍ വെള്ളക്കരം നിശ്ചയിക്കാനും പുനര്‍ ക്രമീകരിക്കാനുള്ള അധികാരം. എന്നാല്‍ ഈ വസ്തുത മറച്ചു വച്ചു സര്‍ക്കാരാണു വെള്ളക്കരം നിശ്ചയിച്ചിരിക്കുന്നതെന്നു തെറ്റായ പ്രചരണം നടത്തുവാനാണു സ്‌കീം ലെവല്‍ ഭാരവാഹികള്‍ ശ്രമിക്കുന്നത്.
നിലവില്‍ ചുരുങ്ങിയ വിലയ്ക്കു വെള്ളം ലഭിച്ചിരുന്ന വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളെയും ജലനിധി പദ്ധതിയിലേയ്ക്കു വാട്ടര്‍ അതോറിറ്റി തളളിവിടുന്നതുമൂലം ഭീമമായ സംഖ്യ ഈ ഉപഭോക്താക്കളും അടയ്ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഇതിനെതിരെ ഉപഭോക്താക്കള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ജലനിധി പദ്ധതിയിലെ അഴിമിതികള്‍ അന്വേക്ഷിക്കണമെന്നും അപാകതകള്‍ പരിഹരിച്ചു ജനകീയ പദ്ധതിയാക്കി മാറ്റണമെന്നും വാട്ടര്‍ അതോറിറ്റി നല്‍കുന്ന നിരക്കില്‍ വെള്ളം ലഭ്യമാക്കണമെന്നുമാണു മാള മേഖല ശുദ്ധജല സംരക്ഷണ സമിതിയുടെ ആവശ്യം.
യോഗത്തില്‍ സലാം ചൊവ്വര അധ്യക്ഷനായി. പി.കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ഷാന്റി ജോസഫ് തട്ടകത്ത്, ഇ.സി ഫ്രാന്‍സിസ്, ഡേവീസ് പാറേക്കാട്ട്, ദേവസ്സി മരോട്ടിക്കല്‍, അഫ്രേം പാറയില്‍ , ക്ലിഫി കളപ്പറമ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."