സാക്ഷരതാ പ്രേരക്മാര്‍ക്ക് അവഗണനമാത്രം പത്തു മാസമായി ശമ്പളം ലഭിച്ചിട്ട്
വടക്കാഞ്ചേരി: എല്ലാം ശരിയാക്കുമെന്നു മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയവരുടെ കടുത്ത അവഗണനയില്‍ പെട്ടു സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ .
പത്തു മാസമായി വിശ്രമമില്ലാതെ ജോലി ചെയ്തതിന്റെ ശമ്പളം പോലും ലഭിയ്ച്ചിടില്ല.ശമ്പളം ചോദിയ്ക്കുമ്പോള്‍ കൈ മലര്‍ത്തുകയാണെന്നു പ്രേരക്മാര്‍ പറയുന്നു.
കേരളം നേടിയ സമ്പൂര്‍ണ്ണ സാക്ഷരതാ നിലനിര്‍ത്തുന്നതിനും പല കാരണങ്ങള്‍ കൊണ്ടും പാതിവഴിയില്‍ പഠനം മുടങ്ങി പോയവര്‍ക്കു വിദ്യാഭ്യാസം ഉറപ്പു വരുത്തുകയുമാണു സാക്ഷരതാ മിഷന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി മിഷന്‍ വിവിധ തുല്യതാ ക്ലാസുകളും നടത്തി വരുന്നു. ഈ സെന്ററുകളിലേക്കു പഠിതാക്കളെ കണ്ടെത്തുക , ഇവര്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കുക, പരീക്ഷ നടത്തുക, വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിയ്ക്കുക എന്നിവയ്ക്കു പുറമെ വിവിധ സര്‍വ്വേകളിലും പ്രേരക്മാര്‍ക്കു പങ്കെടുക്കേണ്ടി വരുന്നു. വിശ്രമമില്ലാത്തതാണു ജോലിയെങ്കിലും അവഗണന മാത്രമാണു കൂട്ട് .
മുന്‍ കാലങ്ങളില്‍ പരമാവധി ശമ്പളം 3000 രൂപ വരെയായിരുന്നെങ്കില്‍ ഇടതു മുന്നണി അധികാരത്തിലെത്തിയപ്പോള്‍ പ്രേരക്മാര്‍ക്കു 12,000 രൂപയും നോഡല്‍ പ്രേരക്മാര്‍ക്കു 15,000 രൂപയുമായി വര്‍ധിപ്പിയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
ആവേശത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധന ഇപ്പോള്‍ എങ്ങിനെ വെട്ടിക്കുറയ്ക്കാനാകുമെന്നു ഗവേഷണം നടത്തുകയാണ് ഉദ്യോഗസ്ഥര്‍ .
ഇതിനു വേണ്ടി കഠിനമായ വ്യവസ്ഥകളും നിബന്ധനകളും അടിച്ചേല്‍പ്പിയ്ക്കുകയാണു അധികൃതര്‍.
ഒരു സെന്ററില്‍ ഓരോ ബാച്ചിനും ചുരുങ്ങിയതു 50 പഠിതാക്കള്‍ വേണമെന്നതാണു പ്രധാന നിബന്ധന. ഇതിനു വേണ്ടി പഠിതാക്കളെ പിടിയ്ക്കാന്‍ ഓടി നടക്കുകയാണു പ്രേരക്മാര്‍.
ക്വാട്ട തികയ്ക്കാനായെങ്കില്‍ പ്രഖ്യാപിച്ച ശമ്പളം ലഭിയ്ക്കില്ലെന്നു മാത്രമല്ല 3000 രൂപയായി വെട്ടി കുറയ്ക്കുമെന്ന മിഷന്‍ ഭീഷണിയും നിലനില്‍ക്കുന്നു. പഠിതാക്കളില്‍ നിന്നു രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് ഇനത്തില്‍ വന്‍ തുകയാണു സാക്ഷരതാ മിഷന്‍ പിരിച്ചെടുക്കുന്നത് .
പത്താംതരം തുല്യതാ ക്ലാസുകളിലെ ജനറല്‍ വിഭാഗം പഠിതാക്കള്‍ 1850 രൂപ രജിസ്‌ട്രേഷന്‍ ഫീസും 500 രൂപ പരീക്ഷാ ഫീസും അടയ്ക്കണം.
ഹയര്‍ സെക്കന്ററിയിലെത്തുമ്പോള്‍ ഇതു 2300, 700 എന്നിങ്ങനെയാണ്.
ഇതു വഴി ലക്ഷകണക്കിനു രൂപയാണു സാക്ഷരതാ മിഷനു ലഭിയ്ക്കുന്നത്.
തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു സാക്ഷരതാ മിഷനും മന്ത്രിമാര്‍ക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രേരക്മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."