ഗതാഗത പരിഷ്‌കരണവും പഴയപടി തന്നെ; വീഴ്ച പറ്റിയതായി ആക്ഷേപം
കരുനാഗപ്പള്ളി: ഗതാഗത ഉപദേശക സമിതി തീരുമാന പ്രകാരം മാര്‍ച്ച് അഞ്ചു മുതല്‍ നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരങ്ങളില്‍ വീഴ്ച പറ്റിയതായി ആക്ഷേപം.
നഗരത്തിലെ ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിച്ച് ബോര്‍ഡുകള്‍ വെയ്ക്കും, പോലിസുകാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കും, രാവിലെയും, വൈകിട്ടും മാര്‍ക്കറ്റ് റോഡില്‍ ചരക്കിറക്ക് അനുവദിക്കില്ല, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിന്റെ തെക്കുവശമുള്ള റോഡിലെ അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കും. തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനങ്ങള്‍ ഒന്നും നടപ്പിലായില്ല.
കായംകുളം, ശാസ്താംകോട്ട ഭാഗത്തു നിന്ന് വരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ കയറിയതിനു ശേഷം മാര്‍ക്കറ്റ് റോഡുവഴി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിലും ഹൈവേയിലും പ്രവേശിക്കണമെന്ന നിര്‍ദേശവും നടന്നില്ല.
ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായ നിര്‍ദേശങ്ങളോട് കെ.എസ്.ആര്‍.ടി.സി അതൃപ്തിയിലാണ്. എല്ലാ ഓര്‍ഡിനറി ബസുകളും നഗരസഭയുടെ ബസ്സ്റ്റാന്റുവഴി സര്‍വിസ് നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. തിരക്കുള്ള സമയങ്ങളിലെ കയറ്റിറക്കും, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിനു തെക്കുവശം വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് തുടരുന്നതുള്‍പ്പെടെയുള്ള മാറ്റുന്നതിനുള്ളതീരുമാനങ്ങള്‍ നടപ്പാക്കാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."