സുനന്ദയെ വിഷം കുത്തിവച്ച് കൊന്നതാണെന്നും ഇക്കാര്യം പൊലിസിന് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സുനന്ദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നുവെന്ന് സംഭവം അന്വേഷിച്ച പൊലിസിന് പിറ്റേദിവസം തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ആരാണ് സംഭവത്തിനു പിന്നിലെന്നു പൊലിസിനു മനസ്സിലായിരുന്നുവെന്നും മുംബൈ ആസ്ഥാനമായ ഡി.എന്‍.എ പത്രമാണ് റിപ്പോര്‍ട്ട്‌ചെയ്തത്.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പരിശോധിച്ച വസന്ത് വിഹാര്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) അലോക് വര്‍മ, ഇതു ആത്മഹത്യയല്ലെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലിസ് മുന്‍ ഡപ്യൂട്ടി കമ്മിഷനര്‍ ബി.എസ് ജയ്‌സ്വാള്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ഇന്‍ക്വസ്റ്റ് നടപടികളില്‍ അതൃപ്തി അറിയിച്ച എസ്.ഡി.എം, സംഭവം കൊലപാതകമായി എഫ്.ഐ.ആര്‍ തയ്യാറാക്കി അന്വേഷണം നടത്താന്‍ സരോജിനി നഗര്‍ പൊലിസ് സ്റ്റേഷന് നിര്‍ദേശം കൊടുത്തിരുന്നുവെന്നും പത്രം പറയുന്നു. ദക്ഷിണ ഡല്‍ഹി റേഞ്ച് ജോയിന്റ് കമ്മിഷനര്‍ വിവേക് ഗോഗിയ തയ്യാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ആണ് വാര്‍ത്തയുടെ ഉറവിടം എന്നും പത്രം പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകം ആണെന്ന് പറയുന്നുണ്ട്. സാഹചര്യതെളിവുകള്‍ പ്രകാരം മരണകാരണം വിഷം കുത്തിവച്ചതാണ്. സുനന്ദയുടെ ശരീരത്തിലുള്ള 15 ഓളം മുറിവുകളില്‍ 12 മണിക്കൂര്‍ മുതല്‍ നാലുദിവസം വരെ പഴക്കമുള്ളവയും ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പത്രം പറയുന്നു.
മൃതദേഹത്തിലുണ്ടായിരുന്ന സൂചിവച്ച അടയാളങ്ങള്‍ പുതിയതായിരുന്നു. ശരീരത്തില്‍ അടിപിടി നടന്ന വേറെയും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് സുനന്ദയും ശശി തരൂരും തമ്മിലുണ്ടായ അടിപിടി മൂലമാവാമെന്നാണ് ദമ്പതികളുടെ സഹായി നരൈന്‍ സിങ് നല്‍കിയ മൊഴി. മരണകാരണമായ വിഷം വായിലൂടെയാണോ നല്‍കിയത് അതോ കുത്തിവയ്ക്കുകയായിരുന്നോ എന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള 20 ഓളം പേരെ പേരെ ചോദ്യംചെയ്‌തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ആയിട്ടില്ല. സംഭവം എസ്.ഐ.ടി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."