യുദ്ധഭീകരതയുടെ ചിത്രം സാമ്രാജ്യത്വത്തിനെതിരേ ജനരോഷമുയര്‍ത്തി: നിക്ക് ഉട്ട്
കൊല്ലം: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ ലോകമെങ്ങും ജനരോഷമുയരാന്‍ താന്‍ നിമിത്തമായെന്ന് വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്. വിയറ്റ്‌നാമില്‍ അമേരിക്ക നാപാം ബോംബ് വര്‍ഷിച്ചതില്‍ നിന്നു രക്ഷപെട്ടോടുന്ന പെണ്‍കുട്ടിയുടെ വിഖ്യാത ഫോട്ടോയുടെ ഉടമയായ നിക്ക് ഉട്ട് കൊല്ലം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. അക്രമിക്കുന്നവനും ആക്രമിക്കപ്പെടുന്നവനും യുദ്ധത്തിന്റെ ഇരകളാണെന്നും നാപാം ബോംബ് വീണു ശരീരം പൊള്ളിക്കരിഞ്ഞ കിം ഫുക്ക് എന്ന പെണ്‍കുട്ടി നഗ്‌നയായി നിലവിളിച്ചോടുന്ന ചിത്രം ഇന്നും ലോകശ്രദ്ധ നേടുന്നതില്‍ അഭിമാനത്തിനു പുറമെ സാമ്രാജ്യത്വത്തിനെതിരേയുള്ള പ്രതിഷേധം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമുഖത്തെ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള തന്റെ സാന്നിധ്യം ഇന്നും ഞെട്ടലോടെയും കണ്ണുനീരോടെയും മാത്രമെ ഓര്‍മിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോ എഡിറ്ററായി വിരമിച്ച നിക്ക് ഊട്ട് ലോസാഞ്ചലസിലാണ് താമസം. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ര്ട പ്രസ് ഫോട്ടോ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്തും സെക്രട്ടറി ജി.ബിജുവും സമ്മാനിച്ചു. ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."