പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്നു വേട്ട; രണ്ട് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
ആലുവ/പെരുമ്പാവൂര്‍: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം രൂപ വില മതിക്കുന്ന രണ്ട് കിലോഗ്രാം ഗ്രീന്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഇടുക്കി കമ്പളിക്കണ്ടം കൊന്നത്തടി വില്ലേജ് മടപ്പിള്ളി വീട്ടില്‍ ആന്റണി(38) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ബൈക്കില്‍ വരവേ പെരുമ്പാവൂര്‍ പട്ടാല്‍ ഒന്നാം മൈല്‍ ഭാഗത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ഗ്രാമിന് 50 ഡോളര്‍ മുതല്‍ 150 ഡോളര്‍ വരെ വില വരുന്നതാണ് ഇയാളില്‍ നിന്ന്് കണ്ടെടുത്ത ഹാഷിഷ് ഓയിലെന്ന് ഐ.ജി വിജയ് സാഖറെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐ.ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി രഹസ്യമായി നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് എറണാകുളം റൂറല്‍ പൊലിസ് സൂപ്രണ്ട് എ.വി.ജോര്‍ജിന്റെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ജി. വേണുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളാണ് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടുന്ന സമയത്തും പ്രതിയുടെ ഫോണിലേക്ക് വിദേശത്ത് നിന്ന് കോളുകള്‍ വരുന്നുണ്ടായിരുന്നത്രേ. നാലു മാസം മുന്‍പ് 117 കിലോ ഗ്രാം കഞ്ചാവ് പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയതിനെ തുടര്‍ന്ന് മയക്കുമരുന്ന് കച്ചവടത്തിനും ഉപയോഗത്തിനുമെതിതിരേ കര്‍ശന നടപടികള്‍ എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശ മാര്‍ക്കറ്റില്‍ 'ഹണികോമ്പ്' എന്നറിയപ്പെടുന്ന ഹാഷിഷ് ഓയിലുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് ആവശ്യക്കാരാണെന്ന വ്യാജേന ഇടനിലക്കാര്‍ മുഖേന പ്രതിയുമായി പൊലിസ് ബന്ധപ്പെട്ടു. ഒരു മാസത്തിലധികം ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു. പ്രതിയുടെ പക്കല്‍നിന്ന് സാംപിള്‍ സംഘടിപ്പിച്ച് പരിശോധിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള ഹാഷിഷ് ഓയിലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലിസ് പറഞ്ഞു.
ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ അംഗങ്ങളായ സി.ഐ ബൈജു പൗലോസ്, എസ്.ഐമാരായ പി.എ.ഫൈസല്‍, പൗലോസ്, എ.എസ്.ഐമാരായ ശശി, രാജേന്ദ്രന്‍, ജോയി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദിലീപ്, വി.കെ.വിനോദ്, ശ്യാംകുമാര്‍ , സുനില്‍ കുമാര്‍, സുധീഷ്, രഞ്ജിത്, ജാബിര്‍, അഖില്‍ എന്നിവര്‍ ഉള്‍പ്പെട്ട 'ഓപ്പറേഷന്‍സ് ഹണികോമ്പ്' സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."