മൂന്ന് ആര്‍.എസ്.എസുകാര്‍ കൂടി അറസ്റ്റില്‍
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ നഗരിയില്‍ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.
കൂവേരി ആലത്തട്ട് സ്വദേശികളായ കൊയ്യോന്‍ കെ.ശരത്ത്കുമാര്‍ (20), പള്ളിക്കുന്ന് വളപ്പില്‍ പി.വി.അക്ഷയ് (22), കല്യാശ്ശേരി മോഡല്‍ പോളി വിദ്യാര്‍ഥി മോലോത്തുവളപ്പില്‍ എം.വി.അതുല്‍ (20) എന്നിവരാണ് പിടിയിലായത്.
ചെറുകുന്ന് ഒതയമ്മാടം സ്വദേശി ബിനീഷിനെയാണ് ഇനി പിടികിട്ടാനുള്ളത്. കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പട്ടുവം മുള്ളൂലിലെ മടക്കുടിയന്‍ എം.ജയന്‍ (34), ബജ്‌റംഗ്ദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് മുറിയാത്തോട്ടിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.രാകേഷ് (29), കൂവേരി ആലത്തട്ടിലെ പി.അക്ഷയ് (21), ആലത്തട്ടിലെ പി.അജേഷ് (23) എന്നിവരെ തളിപ്പറമ്പ് ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എസ്.എഫ്.ഐ യൂനിറ്റ് ജോ. സെക്രട്ടറിയും കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ കിരണ്‍ (19) അപകടനില തരണം ചെയ്തു.
ആന്തരികാവയവമായ പ്ലീഹയ്ക്ക് മുറിവേറ്റ കിരണ്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കിരണിന് ഒപ്പമുണ്ടായിരുന്ന, പരുക്കേറ്റ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധപ്പെട്ട 15 ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞതിനാല്‍ മഴുവന്‍ പ്രതികളേയും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറില്‍ അക്രമം നടത്തിയതും ഇതേ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസിലും ഇവര്‍ പ്രതികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."