ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യ വാഴ്ച; പ്രതിരോധം തീര്‍ത്ത് ചൈനീസ് മാധ്യമങ്ങള്‍
ബെയ്ജിങ്: പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ഏകാധിപത്യ വാഴ്ചയ്ക്കു കളമൊരുക്കിയുള്ള ഭരണഘടനാ ഭേദഗതിക്കു പിറകെ അന്താരാഷ്ട്ര വിമര്‍ശങ്ങളെ ചെറുത്ത് ചൈനീസ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രങ്ങളും ചാനലുകളും അടക്കമാണ് പടിഞ്ഞാറന്‍ വിമര്‍ശനങ്ങള്‍ക്കെതിരേ രംഗത്തെത്തിയത്. അതേസമയം, നടപടിക്കെതിരേ രൂക്ഷവിമര്‍ശവുമായി വിദേശ ത്തുള്ള ചൈനീസ് പൗരന്മാര്‍ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.
ചൈനയിലെ രാഷ്ട്രീയ വ്യവസ്ഥയെ കുറിച്ച് എപ്പോഴും മോശമായി സംസാരിക്കുക ചില പടിഞ്ഞാറുകാരുടെ സ്ഥിരം സ്വഭാവമാണെന്ന് ചൈനയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ 'ചൈന ഡെയ്‌ലി' മുഖപ്രസംഗത്തില്‍ ആരോപിച്ചു. ചൈനയുടെ കാര്യത്തിലെത്തുമ്പോള്‍ പൊടിപിടിച്ച കണ്ണടയിലൂടെ നോക്കിക്കാണാനാണ് എപ്പോഴും ഇവര്‍ ശ്രമിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
ചൈനയുടെ മുന്നോട്ടുപോക്കില്‍ പ്രധാനം ശക്തമായ പാര്‍ട്ടി നേതൃത്വവും ഉറച്ച അണികളുമാണെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ജിന്‍പിങ്ങിനൊപ്പം എല്ലാ അര്‍ഥത്തിലും ഉറച്ചുനില്‍ക്കുന്നതായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ 'ഗ്ലോബല്‍ ടൈംസ് ' മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.
അതിനിടെ, പാര്‍ലമെന്റ് നടപടിയില്‍ ശക്തമായ വിയോജിപ്പുമായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ചൈനീസ് പൗരന്മാര്‍ രംഗത്തെത്തി. യൂറോപ്പിലുള്ള വിവിധ സര്‍വകലാശാലകളില്‍ ചൈനീസ്, ഇംഗ്ലീഷ് ഭാഷകളില്‍ ജിന്‍പിങ്ങിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അതിനു പുറമെ ഓണ്‍ലൈന്‍ കാംപയിനുകളും നടക്കുന്നുണ്ട്. 'നോട്ട് മൈ പ്രസിഡന്റ് ', 'ഐ ഡിസഗ്രി' തുടങ്ങിയ തലവാചകങ്ങളോടെയാണ് പ്രസിഡന്റിന്റെ ഭരണകാലാവധി നീട്ടിനല്‍കിയ പാര്‍ലമെന്റ് നീക്കത്തെ വിമര്‍ശിച്ചുള്ള പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
നേരത്തെ കാലാവധി നീട്ടാനുള്ള നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ച സമയത്ത് അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ബ്രിട്ടന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ആസ്‌ത്രേലിയ, കാനഡ എന്നിവിടങ്ങളില്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ചൈനീസ് വിദ്യാര്‍ഥികളാണ് ഇതിനു പിന്നിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
'സ്റ്റോപ് ഷി ജിന്‍പിങ് ' എന്ന ഹാഷ്ടാഗോടെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഓണ്‍ലൈന്‍ കാംപയിനിങ്ങും നടക്കുന്നുണ്ട്. നേരത്തെ, ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വോട്ടിനിടുന്നതിനു മുന്‍പ് ചൈനയില്‍ സമൂഹമാധ്യമങ്ങള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചരിത്രകാരന്മാരും ബുദ്ധിജീവികളും അടക്കമുള്ള രാജ്യത്തെ പ്രമുഖര്‍ ജിന്‍പിങ്ങിന്റെ ഏകാധിപത്യ വാഴ്ചയെ വിമര്‍ശിച്ചു രംഗത്തെത്തിയതിനു പിറകെയായിരുന്നു നടപടി.
ഞായറാഴ്ചയാണ് ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് രണ്ടിനെതിരേ 2,958 വോട്ടിന് ഭരണഘടനാ ഭേദഗതി പാസാക്കിയത്. അഞ്ചുവര്‍ഷം കാലാവധിയുള്ള പ്രസിഡന്റ് പദവിയില്‍ പരമാവധി രണ്ടു തവണയേ ഒരാള്‍ക്ക് ഇരിക്കാനാകുമായിരുന്നുള്ളൂ. ഈ നിയന്ത്രണമാണു ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. പാര്‍ട്ടിയിലും സൈന്യത്തിലും നേരത്തെ തന്നെ ജിന്‍പിങ് പിടിമുറുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."