തിരിച്ചടിച്ച് ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ നിദാഹസ് ട്രോഫി ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മഴ കളി തടസപ്പെടുത്തിയതിനാല്‍ 19 ഓവറാക്കി ചുരുക്കിയാണ് പോരാട്ടം അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 19 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്താണ് വിജയിച്ചത്. മനിഷ് പാണ്ഡെ (31 പന്തില്‍ 42), ദിനേഷ് കാര്‍ത്തിക് (25 പന്തില്‍ 39) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും പരാജയപ്പെട്ടു. ധവാനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രോഹിത് (11), ധവാന് (എട്ട്), സുരേഷ് റെയ്ന രണ്ട് വീതം സിക്സും ഫോറും പറത്തി (15 പന്തില്‍ 27), രാഹുല്‍ (18) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യ യുവ താരം റിഷഭ് പന്തിന് പകരം കെ.എല്‍ രാഹുലിനെ കളത്തിലിറക്കി.
നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക ഓപണര്‍ കുശാല്‍ മെന്‍ഡിസ് നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 38 പന്തുകള്‍ നേരിട്ട് മെന്‍ഡിസ് 55 റണ്‍സെടുത്തു. ഉപുല്‍ തരംഗ (22), ദശുന്‍ സനക (19), ഓപണര്‍ ഗുണതിലക (17), ക്യാപ്റ്റന്‍ തിസര പെരേര (15) എന്നിവരും രണ്ടക്കം കടന്നു. ഇന്ത്യക്കായി ശാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. വാഷിങ്ടന്‍ സുന്ദര്‍ രണ്ടും ഉനദ്കട്, ചഹല്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."