സൂപ്പര്‍ കപ്പ്: ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ നെരോക്ക
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേയും ഐ ലീഗിലേയും എട്ട് വീതം ടീമുകള്‍ മാറ്റുരയ്ക്കുന്ന സൂപ്പര്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് മത്സര ക്രമം പുറത്തിറക്കി.
ഈ മാസം 31 മുതല്‍ ഏപ്രില്‍ 25 വരെയാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍. നിലവില്‍ ഐ.എസ്.എല്ലില്‍ നിന്ന് ബംഗളൂരു, ചെന്നൈയിന്‍, ഗോവ, പൂനെ, ജംഷഡ്പൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളും ഐ ലീഗില്‍ നിന്ന് മിനെര്‍വ, നെരോക്ക, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഐസ്വാള്‍, ഷില്ലോങ് ലജോങ് ടീമുകളുമാണ് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. ഈ മാസം 15.16 തിയതികളില്‍ അരങ്ങേറുന്ന യോഗ്യതാ പോരാട്ടത്തില്‍ ഡല്‍ഹി- ചര്‍ച്ചിലുമായും നോര്‍ത്ത്ഈസ്റ്റ്- ഗോകുലവുമായും മുംബൈ സിറ്റി- ഇന്ത്യന്‍ ആരോസുമായും എ.ടി.കെ- ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന നാല് ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കും.
നേരിയ വ്യത്യാസത്തില്‍ ഐ.എസ്.എല്ലിലെ സെമിയിലെത്താന്‍ സാധിക്കാതെ നിരാശരായ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസിക്കാനുള്ള വകയാണ് സൂപ്പര്‍ കപ്പ്. ഫൈനല്‍ റൗണ്ടിലെ പ്രീ ക്വാര്‍ട്ടറില്‍ നെരോക്കയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കോപ്പലാശാന്റെ ജംഷഡ്പൂരിനെ ഐ ലീഗ് കിരീടത്തില്‍ കന്നി മുത്തമിട്ട മിനെര്‍വ പഞ്ചാബാണ് എതിരിടുന്നത്.
ചെന്നൈയിന്‍ എഫ്.സി- ഐസ്വാളുമായും പൂനെ സിറ്റി- ഷില്ലോങ് ലജോങുമായും ഏറ്റുമുട്ടും. ഐ.എസ്.എല്ലിന്റെ ഫൈനലിലേക്ക് കടന്ന ബംഗളൂരു എഫ്.സിക്ക് നോര്‍ത്ത്ഈസ്റ്റ്- ഗോകുലം മത്സരത്തിലെ വിജയികളാകും ഫൈനല്‍ റൗണ്ട് എതിരാളികള്‍. ഡല്‍ഹി- ചര്‍ച്ചില്‍ മത്സരത്തിലെ വിജയികള്‍ മോഹന്‍ ബഗാനേയും എ.ടി.കെ- ചെന്നൈ സിറ്റി മത്സരത്തിലെ വിജയികള്‍ എഫ്.സി ഗോവയേയും മുംബൈ- ഇന്ത്യന്‍ ആരോസ് പോരിലെ വിജയികള്‍ ഈസ്റ്റ് ബംഗാളുമായും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
ഐ.എസ്.എല്ലിലും ഐ ലീഗിലും ആദ്യ ആറ് സ്ഥനങ്ങളിലുള്ള ടീമുകള്‍ നേരിട്ട് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത സ്വന്തമാക്കി. ശേഷിക്കുന്ന നാല് സ്ഥാനത്തേക്കുള്ള ടീമുകള്‍ യോഗ്യതാ പോരാട്ടം കളിച്ചാണ് എത്തുക. 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ മുതലാണ് ഏറ്റുമുട്ടുക. നോക്കൗട്ട് ആയതിനാല്‍ മത്സരം തോല്‍ക്കുന്ന ടീം പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."