കൊലപാതകരഹിതമായ രാഷ്ട്രീയലോകം സാധ്യമോ
ഒരു കൊലപാതകവും ന്യായീകരണമര്‍ഹിക്കുന്നില്ല. കാരണം, നഷ്ടപ്പെട്ട സമയംപോലെ കൊല്ലപ്പെട്ടയാളുടെ ജീവനും എന്തൊക്കെ ചെയ്താലും തിരിച്ചുപിടിക്കാനാവില്ല. കൊല്ലുന്നവരെയും കൊല്ലിക്കുന്നവരെയും നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കണ്ടെത്തി, നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. ഇതു തര്‍ക്കമറ്റ കാര്യമാണ്.
എന്നാല്‍, ആരും ആരെയും കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യാത്ത ലോകം സമീപഭാവിയില്‍ സാധ്യമാകുമെന്നതു വ്യാമോഹമെന്നതിനേക്കാള്‍ വസ്തുതാവിരുദ്ധമായ മൗഢ്യമാണ്!ഇങ്ങനെ പറയുന്നതു കൊലപാതകങ്ങളോടു താല്‍പര്യമുള്ളതുകൊണ്ടല്ല. ആരും ആരെയും കൊല്ലാതിരിക്കണമെന്ന മാനസികപക്വതയിലേക്കു മാനുഷരെല്ലാം എത്തിച്ചേര്‍ന്നിട്ടില്ലെന്ന യാഥാര്‍ഥ്യബോധം കൊണ്ടാണ്.
പോത്തിനെയും പശുവിനെയും ആടിനെയും പന്നിയെയും മുയലിനെയും കോഴിയെയും താറാവിനെയും പ്രാവിനെയുമൊക്കെ കൊന്നു കറിവച്ചു കഴിക്കാന്‍ വിമ്മിട്ടമില്ലാത്തവരാണു മനുഷ്യരില്‍ ബഹുഭൂരിപക്ഷവും. കൊലപാതകരാഷ്ട്രീയം ചര്‍ച്ചചെയ്യുമ്പോള്‍ ഒരു കാര്യം ചിന്തിച്ചേ മതിയാകൂ. 'ആടിനെ കൊല്ലാന്‍ വേണ്ടതിനേക്കാള്‍ ക്രൂരത ആളിനെക്കൊല്ലാന്‍ വേണ്ടതുണ്ടോ.'
ഇത്തരം ചോദ്യങ്ങള്‍ക്ക് ആത്മവിമര്‍ശനപരമായി മറുപടി കണ്ടെത്താനുള്ള ബാധ്യത നിലനിര്‍ത്തി വേണം നമ്മളോരോരുത്തരും 'ആരും കൊല്ലപ്പെടാത്ത ലോകത്തെ'ക്കുറിച്ചു സ്വപ്നം കാണാന്‍.
അഹിംസയെന്ന വാക്കു കേള്‍ക്കുമ്പോഴേയ്ക്കും ആരും ഓര്‍ത്തു പോകുന്ന ചരിത്രപുരുഷന്മാരാണു ബുദ്ധന്‍, ക്രിസ്തു, ഗാന്ധിജി എന്നിവര്‍. വി.എസ് വാരിയര്‍ എഴുതിയ 'ശ്രീബുദ്ധന്‍: ജീവിതം ദര്‍ശനം മതം' എന്ന ഗ്രന്ഥത്തില്‍ ബുദ്ധനെ കൊല്ലുവാന്‍ വിഷം കലര്‍ത്തിയ ഭക്ഷണം കൊടുത്ത് ജൈനന്മാര്‍ ഒരു സ്ത്രീയെ അയച്ചതായി പറയുന്നുണ്ട്. ഏറ്റവും വലിയ അഹിംസാധിഷ്ഠിത മതമാണു തങ്ങളുടേതെന്നാണു ജൈനര്‍ അവകാശപ്പെടുന്നത്. അഹിംസാവാദികള്‍ക്കെങ്ങനെ ബുദ്ധനെപ്പോലൊരു മഹാത്മാവിനെ വിഷംകൊടുത്തു കൊല്ലിക്കാനുള്ള ക്രൂരബുദ്ധിയുണ്ടായി.
2002 ലെ ഗുജറാത്ത് കലാപത്തിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും ജൈനമതക്കാരനാണ്. ജൈനമതക്കാരനായാലും പച്ചക്കറി മാത്രം ഭക്ഷിച്ചാലും കൊല്ലാനും കൊല്ലിക്കാനുമുള്ള ക്രൂരത ഇല്ലാതാവുന്നില്ലെന്നതിന് ഇതില്‍ക്കൂടുതല്‍ സാക്ഷ്യം വേണ്ടല്ലോ. 'ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി' എന്ന ശരണത്രയം പാടി ബുദ്ധമതാനുയായി ആയാലും കൊല്ലാനും കൊല്ലിക്കാനുമുള്ള ക്രൂരത ഇല്ലാതാവില്ല. അതിന്റെ മുഖ്യതെളിവാണു മ്യാന്‍മറിലെ ബുദ്ധഭിക്ഷുക്കള്‍! മനഃസാക്ഷി മരവിപ്പിക്കുന്ന അരുംകൊലകളും കൊള്ളിവയ്പ്പുകളും ബലാത്സംഗങ്ങളുമൊക്കെയാണു അവര്‍ റോഹിംഗ്യര്‍ക്കു നേരേ നടത്തിക്കൊണ്ടിരിക്കുന്നത്!
'ശത്രുവിനെപ്പോലും സ്‌നേഹി'ക്കാന്‍ പഠിപ്പിച്ച യേശുവിനെ കുരിശില്‍ തറച്ചത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ തന്നെയായിരുന്നു. പില്‍ക്കാലത്തു ക്രൈസ്തവസഭ ആത്മീയവും രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരശക്തിയായപ്പോള്‍ എത്ര ശാസ്ത്രജ്ഞരെ ചുട്ടുകൊന്നുവെന്നു വില്‍ഡ്യൂറന്റിന്റെ 'റോമാ സാമ്രാജ്യത്തിന്റെ ഉത്ഥാനവും പതനവും' എന്ന ഗ്രന്ഥവും ജെ.ഡി ബര്‍ണലിന്റെ 'ശാസ്ത്രം ചരിത്രത്തില്‍' എന്ന ഗ്രന്ഥവും ആര്‍നോള്‍ഡ് ടോയന്‍ബിയുടെ 'മതം-ഒരു ചരിത്രകാര സമീപനം' എന്ന ഗ്രന്ഥവും വായിച്ചു നോക്കിയാല്‍ ബോധ്യമാവും.
കരുണാനിധിയും പരമദയാലുവുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍ എന്നര്‍ഥം വരുന്ന വാക്യം മൂലമന്ത്രമായ ഇസ്‌ലാമിന്റെ നാമത്തില്‍ ചേരിതിരിഞ്ഞു പരസ്പരം എത്ര പേര്‍ ബോംബെറിഞ്ഞും വെടിവച്ചും ദിവസംതോറും കൊല്ലപ്പെടുന്നുവെന്നറിയാന്‍ പാകിസ്താനിലെ സംഭവങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
'മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീസമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം' (വാല്മീകി രാമായണം: ബാലകാണ്ഡം: ശ്ലോകം 15) എന്നു പാടിക്കൊണ്ടാണു വാല്മീകിയിലെ കവിത്വം ആരംഭിക്കുന്നത്. ഇണപ്പക്ഷികളെ കൊല്ലുന്ന കാട്ടാളത്വത്തോടുപോലും പ്രതിഷേധിക്കുന്ന കരുണാര്‍ദ്രമായ കവിഹൃദയത്തില്‍ നിന്ന് ഉത്ഭൂതമായ രാമായണത്തിലെ ശ്രീരാമന്റെ പേരില്‍, ഇന്ത്യാമഹാരാജ്യത്തു 1992-ല്‍ അരങ്ങേറിയ അരുകൊലകള്‍ക്കു കൈയും കണക്കുമുണ്ടോ.
ഇതെല്ലാം ഇവിടെ സൂചിപ്പിച്ചത് മതമേതായാലും, ദേശവും കാലവുമേതായാലും അരുംകൊലകളില്‍ അഭിരമിക്കുന്ന ക്രൂരതയ്ക്കു മാനവചരിത്രത്തില്‍ വലിയ കുറവൊന്നും കാണുന്നില്ലെന്ന വസ്തുത ഓര്‍മിപ്പിക്കാനാണ്! ചരിത്രപരമായ ഈ വസ്തുത പാടേ വിസ്മരിച്ചും മനുഷ്യപ്രകൃതത്തിലെ ക്രൂര വികാരം അവഗണിച്ചും, പ്രത്യേക പാര്‍ട്ടിക്കാരോ മതക്കാരോ ദേശക്കാരോ പ്രത്യേക ഭക്ഷണശീലമുള്ളവരോ മാത്രമാണു കൊല്ലാനും കൊല്ലിക്കാനും താല്‍പ്പര്യമുള്ളവരെന്നു സ്ഥാപിക്കുന്നത് യുക്തമല്ല. അത്തരം ശ്രമം, മാനവികതയെ ക്രൂരതാരഹിതമാക്കാനുള്ള സദുദ്ദേശ്യംകൊണ്ടെന്നതിനേക്കാള്‍ രാഷ്ട്രീയമുതലെടുപ്പിന്റെ ദുഷ്ടലാക്കിനാല്‍ പ്രചോദിതമാണ്. നാക്ക് സമാധാനത്തിന്റെയും ലാക്ക് രാഷ്ട്രീയമുതലെടുപ്പിന്റേതുമെന്നു ചുരുക്കം! നമ്മുടെ നാട്ടില്‍ വായിട്ടലച്ചു വരുന്ന കൊലപാതകരാഷ്ട്രീയ വിരുദ്ധതയുടെ അകത്തള സ്വഭാവം ഇതാണ്!
നാസിപ്പടയാളികളെ സ്റ്റാലിന്റെ ചെമ്പട കൊന്നെന്നറിഞ്ഞ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ 'ഇത്രയും ക്രൂരത സ്റ്റാലിനും കൂട്ടര്‍ക്കും മാത്രമേ ചെയ്യാനാകൂ' എന്നു പറഞ്ഞെന്നു കരുതുക. അതുകേട്ടാല്‍ തോന്നുന്നതില്‍ കൂടുതലൊന്നും നമ്മുടെ ചാനല്‍ചര്‍ച്ചകളിലെ കൊലപാതകരാഷ്ട്രീയവിരുദ്ധ ഗീര്‍വാണം കേള്‍ക്കുമ്പോഴും ചരിത്രവസ്തുത മാനിക്കുന്നവര്‍ക്കു തോന്നില്ല.
സ്വന്തം പാര്‍ട്ടിയംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം നേതാക്കള്‍ സമാധാനവാദികളും ജനാധിപത്യവാദികളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു നിരാഹാരം കിടക്കുന്നവരുമായാല്‍ പോരാ! സ്വന്തം പാര്‍ട്ടിക്കാര്‍ കൊലനടത്തുമ്പോഴും പ്രതികരിക്കാനാകണം! ഇതാണു നിഷ്പക്ഷവും നീതിയുക്തവുമായ സമീപനം! അതാണോ നേതാക്കള്‍ പുലര്‍ത്തുന്നത്. ലോകത്തെ മുഴുവന്‍ നടുക്കിയ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ രാഷ്ട്രീയകൊല ഗാന്ധിജിയുടെ വധമായിരുന്നു. ഗാന്ധിയുടെ നിലപാടുകളും നടപടികളും അങ്ങേയറ്റം മുസ്‌ലിം പ്രീണനപരമാണെന്നതിനോടു യോജിക്കാനാവാത്തതിനാലാണ് അദ്ദേഹത്തെ കൊന്നതെന്നു നാഥുറാം ഗോഡ്‌സേ കോടതി മുമ്പാകെ ഏറ്റുപറഞ്ഞിട്ടുണ്ട്. നിലപാടുകളോടോ നടപടികളോടോ വിയോജിപ്പുണ്ടായാല്‍ കൊല്ലുന്നതു ജനാധിപത്യമാര്‍ഗമല്ല. ആശയസംവാദത്തിലൂടെ വിയോജിപ്പു ബോധ്യപ്പെടുത്തണം. ഗാന്ധിയോടുള്ള വിയോജിപ്പ് ആശയസംവാദത്തിലൂടെ പ്രകടിപ്പിച്ചു സ്ഥാപിച്ചെടുക്കാനുള്ള അറിവും കഴിവും ഭഗത്‌സിങ്, സുഭാഷ്ചന്ദ്രബോസ്, ഡോ. അംബേദ്ക്കര്‍ തുടങ്ങിയ ഗാന്ധിജിയുടെ സമകാലികര്‍ക്കുണ്ടായിരുന്നു. അതിനാല്‍, അവരാരും ഗാന്ധിജിയെ കൊല്ലാനോ കൊല്ലിക്കാനോ തയാറായില്ല.
എന്നാല്‍, മഹാത്മജിയെ ആശയപരമായി നേരിടാനുള്ള അറിവോ പ്രതിഭയോ, ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും ശിക്ഷണത്തില്‍ വളര്‍ന്ന നാഥുറാം ഗോഡ്‌സേയെന്ന ഹിന്ദുരാഷ്ട്രവാദ,വര്‍ഗീയഭ്രാന്തനുണ്ടായിരുന്നില്ല. സ്വാഭാവികമായും അയാള്‍ ഗാന്ധിയെകൊന്നു.
രാഷ്ട്രപിതാവിനെ കൊന്നവനു സ്മാരകക്ഷേത്രം പണിയുന്നവരെ തള്ളിപ്പറയാത്ത, ഗാന്ധിഘാതകന്റെ ഹിന്ദുരാഷ്ട്രവാദത്തെ തള്ളിപ്പറയാത്ത ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരും 'ആയുധംകൊണ്ട് ആളെ ഇല്ലാതാക്കിയല്ല, ആശയപരമായി സംവദിച്ചുകൊണ്ടാണു രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതെന്നു' കണ്ണൂരിലെ സി.പി.എം നേതാക്കളോടു ചാനല്‍ചര്‍ച്ചയില്‍ പറയുന്നതു കേള്‍ക്കുമ്പോള്‍, 'ചെകുത്താന്‍ വേദമോതുന്നതു' നേരനുഭവമാകുക മാത്രമാണു ചെയ്യുന്നത്!ഇന്ദിരാഗാന്ധിയെന്ന ലോകാരാധ്യയായിരുന്ന മുന്‍പ്രധാനമന്ത്രി സിഖ്‌വംശജരായ അംഗരക്ഷകന്മാരാല്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നു നിരപരാധികളായ ആയിരക്കണക്കിനു സിഖുകാരെ കോണ്‍ഗ്രസുകാര്‍ പേപ്പട്ടികളെപ്പോലെ കൊന്നു! ഡല്‍ഹിയില്‍ അരങ്ങേറിയ ഈ അരുംകൊലകളുടെ വൈകാരികവും വസ്തുനിഷ്ഠവുമായ വിവരണം ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 'ദൃക്‌സാക്ഷി'യെന്ന നോവലില്‍ വായിക്കാം.
ഇപ്പോള്‍ സമാധാനപ്പാര്‍ട്ടിയെന്നു മേനി നടിക്കുന്ന കോണ്‍ഗ്രസുകാരുടെ സംഘംചേര്‍ന്ന സിഖ് വംശഹത്യാനടപടിയെ ന്യായീകരിച്ചു കോണ്‍ഗ്രസ്സുകാര്‍ അന്നു പറഞ്ഞത് 'വന്മരങ്ങള്‍ വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ ചതഞ്ഞരയാറുണ്ട് ' എന്നായിരുന്നു. ഇപ്രകാരം തങ്ങള്‍ നടത്തിയ അരുംകൊലകളെ ന്യായീകരിച്ച കോണ്‍ഗ്രസുകാരാണ് എ.കെ.ജിയെന്ന കമ്യൂണിസ്റ്റ് നേതാവിനെ ഭള്ളു പറഞ്ഞ യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരേ കമ്യൂണിസ്റ്റ് യുവജനപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെ 'ചുവപ്പു ഭീകരത'യെന്ന് അപലപിക്കുന്നത്! ഇതു കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്ദിരാഗാന്ധിവധത്തെ തുടര്‍ന്നു കോണ്‍ഗ്രസുകാര്‍ സിഖുകാര്‍ക്കെതിരേ നടത്തിയ അതിക്രമങ്ങള്‍ 'ത്രിവര്‍ണ ഭീകരത'യാണോയെന്നു സാമാന്യയുക്തിബോധമുള്ളവര്‍ തിരിച്ചുചോദിക്കും.
മട്ടന്നൂരില്‍ ശുഹൈബ് എന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണെന്നു പൊലിസ് സ്ഥിരീകരിച്ചിട്ടും നിരാഹാരസമര പ്രതിഷേധനാടകം കളിക്കാന്‍ ഒരുപാടു കോണ്‍ഗ്രസുകാരുണ്ടായി! ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലത്തു നിലമ്പൂരിലെ കോണ്‍ഗ്രസ് ആപ്പീസില്‍നിന്നു രാധയെന്ന പാവം സ്ത്രീയുടെ ജഡം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെടുത്തപ്പോഴോ, ചാവക്കാട്ട് ഹനീഫയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരുംകൊല ചെയ്യപ്പെട്ടപ്പോഴോ, തൃശൂര്‍ അയ്യന്തോളിലെ കാര്‍ത്ത്യായനി ദേവിക്ഷേത്രനടയില്‍ വച്ചു ഭാര്യയുടെ മുമ്പാകെ വച്ചു മധു ഈച്ചരത്തെന്ന യുവകോണ്‍ഗ്രസ് നേതാവിനെ തുണ്ടംതുണ്ടമാക്കിയപ്പോഴോ നിരാഹാരസമരമിരിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെയും കണ്ടില്ല.
ഇതൊക്കെ തെളിയിക്കുന്നതു പ്രതിസ്ഥാനത്തു സി.പി.ഐ.എമ്മുമായി വിദൂര ബന്ധമെങ്കിലും ഉള്ളവരുണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ 'കൊലപാതക രാഷ്ട്രീയ വിരുദ്ധ ചര്‍ച്ചകള്‍' മുറജപം പോലെ നടത്തുവാനും വെട്ടു വഴി കവിതകള്‍ എഴുതുവാനും നിരാഹാരസമരം നടത്തുവാനും ആളുകളും അരങ്ങും ഉണ്ടാവൂ എന്നല്ലേ, ഇത്തരം നിഷ്പക്ഷതാ നാട്യ ചര്‍ച്ചകളോടു യോജിക്കുവാന്‍ വയ്യെന്നു കേരളത്തിലെ സകല സമാധാനവാദികളോടും പറഞ്ഞുവയ്ക്കട്ടെ.
ഇപ്പറഞ്ഞതിനര്‍ഥം സി.പി.എം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ നടത്തിയതും നടത്തുന്നതുമായ അരുംകൊലകള്‍ ന്യായീകരിക്കത്തക്കതാണെന്നല്ല. 'ബ്ലാക്ക് ബുക്ക് ഓഫ് കമ്യൂണിസം' എന്നൊരു പുസ്തകമുണ്ട്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ലേഖകരായുള്ള പ്രസ്തുത പുസ്തകത്തില്‍ ജോസഫ് സ്റ്റാലിന്‍ നടത്തിയ ഭോസ്‌കി ഉള്‍പ്പെടെയുള്ളവരുടെ അരുങ്കൊലകളെ നിശിതമായി വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്.
ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ നടന്ന കൂട്ടക്കുരുതിയെ ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവികളെല്ലാം അക്കാലത്തു തന്നെ നിശിതഭാഷയില്‍ അപലപിച്ചതും ഓര്‍മിക്കണം! ആത്മവിമര്‍ശനം കമ്യൂണിസ്റ്റുകളുടെ ബാധ്യതയാണ്; അവരതു ചെയ്യാറുണ്ട്. അതുകൊണ്ടാണ് സ്റ്റാലിനൈസേഷനെ തള്ളിപ്പറയുന്നതിനു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ തയാറായതും. ഈ സ്വയം തിരുത്തല്‍ മനോഭാവം കേരളത്തിലും ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."