കെ.ടി ജലീലിന്റെ ലീഗ് വിരുദ്ധപരാമര്‍ശം നിയമസഭയില്‍ പ്രതിഷേധം
തിരുവനന്തപുരം: മുസ്‌ലിംലീഗുകാര്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടുണ്ടെന്ന മന്ത്രി കെ.ടി ജലീലിന്റെ പരാമര്‍ശത്തിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ലീഗുകാര്‍ 44 പേരെ കൊലപ്പെടുത്തിയെന്ന് ജലീല്‍ ആരോപിച്ചത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒരു വീട്ടിലെ രണ്ട് സഹോദരന്മാരെ ലീഗുകാര്‍ കൊന്നു എന്ന ആരോപണത്തോടെയാണ് മന്ത്രി തുടങ്ങിയത്. ഉടന്‍തന്നെ എന്‍ ശംസുദ്ദീന്‍ എം.എല്‍.എ ഇടപെട്ടു. സഭയില്‍ ചര്‍ച്ച ചെയ്തതുമായി ബന്ധമില്ലാത്ത വിഷയം ഉയര്‍ത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മന്ത്രിയുടെ നടപടി ശരിയല്ലെന്ന് ശംസുദ്ദീന്‍ പറഞ്ഞു.
എന്നാല്‍ മന്ത്രി വീണ്ടും ചില പേരുകള്‍ ഉദ്ധരിച്ച് ഇതെല്ലാം ലീഗുകാര്‍ കൊന്നതാണെന്ന് ആവര്‍ത്തിച്ചു. സ്പീക്കര്‍ ഇടപെട്ടതോടെ പട്ടിക താന്‍ സഭയില്‍ വയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ശംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല, എം. ഉമ്മര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. എന്നാല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും കൊല്ലപ്പെട്ടവരുടെ പേരുകള്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജലീല്‍ ചെയറിനോട് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷത്തെ മുഴുവന്‍ അംഗങ്ങളും പ്രതിഷേധ ശബ്ദവുമായി എഴുന്നേറ്റു. നിയമസഭയില്‍ ഏറെ നേരം ഒച്ചപ്പാടിന് ഇത് വഴിവച്ചു.
ഇതിനിടെ മുസ്‌ലിം ലീഗ് അംഗങ്ങള്‍ പോയിന്റ് ഓഫ് ഓര്‍ഡറിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പ്രസംഗം തുടരാനാകാത്ത സാഹചര്യമുണ്ടായി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിതെന്നും 44 പേരെ മുസ്‌ലിം ലീഗുകാര്‍ കൊന്നു എന്ന പരാമര്‍ശം രേഖകളില്‍ ഉണ്ടാകരുതെന്നും എം. ഉമ്മര്‍ ആവശ്യപ്പെട്ടു.
നാദാപുരത്തേത് അടക്കമുള്ള സംഘര്‍ഷങ്ങളില്‍ സി.പി.എമ്മിനെതിരേ തനിക്കൊപ്പം പ്രസംഗിച്ചു നടന്നയാളാണല്ലോ ജലീലെന്നും ഇപ്പോള്‍ മുസ്‌ലിം ലീഗിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്നത് എന്തിനാണെന്നും ഡോ.എം.കെ മുനീര്‍ ചോദിച്ചു.
വളരെക്കാലം യൂത്ത് ലീഗിന്റെയും മുസ്‌ലിം ലീഗിന്റെയും നേതാവായിരുന്ന ജലീല്‍ 44ല്‍ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം. ആരോപണം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."